കൊച്ചി: നടന് ശ്രീനാഥിന്റെ മരണവുമായി ബന്ധപ്പെട്ടുളള ഫയല്‍ പൊലീസ് സ്റ്റേഷനില്‍ നിന്നും കാണാതായി. വിവരാവകാശപ്രകാരം നല്കിയ അപേക്ഷയിലാണ് ശ്രീനാഥിന്റെ മരണം സംബന്ധിച്ചുളള രേഖകള്‍ ഇപ്പോള്‍ കാണുന്നില്ലെന്നും കിട്ടുന്നമുറയ്ക്ക് നല്‍കാമെന്നുമുളള മറുപടി പൊലീസ് നല്‍കിയത്. 2010 മേയില്‍ പത്മകുമാര്‍ സംവിധാനം ചെയ്ത ശിക്കാര്‍ എന്ന മോഹന്‍ലാല്‍ ചിത്രത്തില്‍ അഭിനയിക്കാന്‍ എത്തിയപ്പോഴായിരുന്നു ശ്രീനാഥിന്റെ ദുരൂഹമരണം സംഭവിക്കുന്നത്.
2010 മേയ് മാസത്തില്‍ കോതമംഗലത്തെ മരിയ ഹോട്ടലിലെ 102-ാം നമ്പര്‍ മുറിയില്‍ ഞരമ്പുമുറിച്ച് രക്തംവാര്‍ന്ന് മരിച്ചനിലയിലാണ് ശ്രീനാഥിനെ കണ്ടെത്തിയത്. പത്മകുമാര്‍ സംവിധാനംചെയ്ത ശിക്കാര്‍ എന്ന മോഹന്‍ലാല്‍ ചിത്രത്തില്‍ അഭിനയിക്കാന്‍ വന്നതായിരുന്നു അദ്ദേഹം. വ്യക്തിപരമായ പ്രശ്നങ്ങള്‍മൂലം ജീവനൊടുക്കിയെന്നായിരുന്നു പോലീസ് കണ്ടെത്തല്‍. ശ്രീനാഥ് ജീവനൊടുക്കാന്‍ ഒരു സാധ്യതയുമില്ലെന്ന് വീട്ടുകാര്‍ പറഞ്ഞിരുന്നെങ്കിലും നാലുമാസംകൊണ്ട് അന്വേഷണം അവസാനിച്ചു.
ശ്രീനാഥിന്റെ മരണം കൊലപാതകമാണെന്ന് നടന് തിലകന് ആരോപിച്ചിരുന്നു. താരസംഘടനയായ അമ്മയില്‍ അംഗമല്ലാതിരുന്നതിനാല്‍ ശ്രീനാഥിന് സിനിമയില്‍ റോള്‍ കിട്ടിയില്ലെന്ന് അന്ന് ആരോപണമുണ്ടായിരുന്നു. മുന്‍പ് സിനിമയില്‍ സജീവമായിരുന്ന ശ്രീനാഥിന് ഇടക്കാലത്ത് റോളുകള്‍ കിട്ടാതെയാകുകയും സീരിയലുകളില്‍ അഭിനയിക്കുകയുമായിരുന്നു. നടി ശാന്തികൃഷ്ണയെ വിവാഹം കഴിച്ചെങ്കിലും ആ ബന്ധം പിന്നീട് വിവാഹമോചനത്തിലെത്തിയിരുന്നു.