കുട്ടികൾക്കു നേരെ നഗ്നതാ പ്രദർശനം നടത്തിയതിന് നടൻ ശ്രീജിത്ത് രവി അറസ്റ്റിലായെന്ന വാർത്ത ഇന്ന് അതിരാവിലെയാണ് കേരളം അറിഞ്ഞത്. കുട്ടികളുടെ പരാതിയിൽ തൃശൂർ വെസ്റ്റ് പൊലീസ് ശ്രീജിത്ത് രവിയെ അറസ്റ്റ് ചെയ്തത്. ഉച്ചയ്ക്ക് തൃശൂർ അഡീഷണൽ സെഷൻസ് കോടതിയിൽ ഹാജരാക്കിയ നടനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തിരിക്കുകയാണ്. നടന്‍ മുന്‍പും സമാന കുറ്റം ചെയ്തിട്ടുണ്ടെന്നും ജാമ്യം തെറ്റായ സന്ദേശം നല്‍കുമെന്നും പ്രോസിക്യൂഷൻ വാദം കേട്ടശേഷമായിരുന്നു കോടതിയുടെ ഉത്തരവ്.
കേസിനാസ്പദമായ സംഭവം
ജൂലൈ നാലിനാണു കേസിനാസ്പദമായ സംഭവം നടന്നത്. പതിനാലും ഒമ്പതും വയസുള്ള കുട്ടികളാണു പരാതിക്കാർ. തൃശൂർ അയ്യന്തോൾ എസ് എൻ പാർക്കിൽ കാറിലെത്തിയ നടൻ കുട്ടികൾക്കു നേരെ നഗ്നതാ പ്രദർശനം നടത്തുകയായിരുന്നു. തലേദിവസം ദിവസവും സമാന രീതിയിൽ ഇതേ കുട്ടികൾക്ക് നേരെ അതിക്രമം ഉണ്ടായിരുന്നു. ആദ്യം കുട്ടികൾ മാതാപിതാക്കളോട് പരാതി പറഞ്ഞിരുന്നെങ്കിലും പൊലീസിനെ അറിയിച്ചിരുന്നില്ല. രണ്ടാം ദിനവും ഇത് അവർത്തിച്ചതോടെയാണ് തൃശൂർ വെസ്റ്റ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്.
കുട്ടികൾ സ്‌കൂൾ വിട്ടുവരുന്ന സമയത്തായിരുന്നു സംഭവം. ശ്രീജിത്ത് രവിയാണു നഗ്നതാപ്രദർശനം നടത്തിയെന്നത് ആദ്യ ഘട്ടത്തിൽ മനസിലായിരുന്നില്ല. കറുത്ത കാറിലുണ്ടായിരുന്ന ഒരാൾ നഗ്നതാ പ്രദർശനം നടത്തിയ ശേഷം വേഗത്തിൽ വാഹനമെടുത്തു പോയെന്നായിരുന്നു കുട്ടികളുടെ മൊഴി.
കുട്ടികളിൽനിന്നു ലഭിച്ച കറുത്ത കാർ എന്ന വിവരവും വാഹനം എത്തിയ സമയവും അനുസരിച്ച് പൊലീസ് പ്രദേശത്തെ സി സി ടിവികൾ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണു പ്രതി ശ്രീജിത്ത് രവിയാണെന്നു തിരിച്ചറിഞ്ഞത്. തുടർന്ന് ഇന്നു രാവിലെ രാവിലെ തൃശൂരിലെ വീട്ടിൽനിന്ന് നടനെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. തിരിച്ചറിയൽ പരേഡിൽ കുട്ടികൾ ശ്രീജിത്തിനെ തിരിച്ചറിഞ്ഞു.
കോടതിയിൽ ശ്രീജിത്ത് പറഞ്ഞത്
താൻ സൈക്കോ തെറപ്പിക്കു വിധേയനാകുന്നുണ്ടെന്നും മരുന്ന് കഴിക്കാതിരുന്നതു കൊണ്ടുണ്ടായ മാനസികാസ്വാസ്ഥ്യം കാരണം ചെയ്തുപോയതാണെന്നുമാണെന്നുമായിരുന്നു ശ്രീജിത്ത് രവി ആദ്യം പൊലീസിനോടും പിന്നീട് കോടതിയിലും വാദിച്ചത്. ചികിത്സ തേടിയതിന്റെ രേഖകളും ഹാജരാക്കിയിരുന്നു.
എന്നാല്‍ രേഖകള്‍ ഇന്നത്തെ തീയതിയിലാണെന്നും അംഗീകരിക്കരുതെന്നും പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചു. ഇന്ന് ഹാജരാക്കിയ രേഖയിൽ എന്താണ് രോഗമെന്നോ ചികിത്സ വേണമെന്നോ പറയുന്നില്ലെന്നും പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി.പ്രതി ആറു മാസം മുൻപ് വരെയാണ് ചികിത്സ തേടിയിരുന്നതെന്നും കോടതിയെ അറിയിച്ചു.
നടന്‍ ഇതിനു മുന്‍പും സമാന കുറ്റം ചെയ്തിട്ടുണ്ടെന്നും ജാമ്യം തെറ്റായ സന്ദേശം നല്‍കുമെന്നും പ്രോസിക്യൂഷന്‍ കോടതിൽ പറഞ്ഞു. ഇതോടെ ശ്രീജിത്ത് രവിയുടെ ജാമ്യാപേക്ഷ തള്ളിയ കോടതി 14 ദിവസത്തേക്കു റിമാൻഡ് ചെയ്യുകയായിരിന്നു.
നഗ്നതാ പ്രദർശനം രോഗമോ?
സംഭവം പുറത്തുവന്നതോടെ ശ്രീജിത്ത് രവിയെ വിമർശിച്ച് സമൂഹമാധ്യമങ്ങളിൽ അടക്കം നിരവധിപേർ രംഗത്ത് എത്തിയിരുന്നു. എന്നാൽ ഇതൊരു രോഗമാണെന്ന തരത്തിലുള്ള അഭിപ്രായങ്ങളും പലകോണുകളിൽ നിന്നും ഉയർന്നുവന്നിരുന്നു.
സ്തീകൾക്കും കുട്ടികൾക്കും മുന്നിൽ നഗ്നത പ്രദർശിപ്പിക്കുക, സ്ത്രീകളുടെ അടിവസ്ത്രങ്ങൾ മോഷ്ടിക്കുക, ഒളിഞ്ഞുനോട്ടം തുടങ്ങിയ ചില സംഭവങ്ങൾ അപൂർവമായെങ്കിലും നാം കേൾക്കാറുണ്ട്. ഇവയെ ലൈംഗിക വൈകൃതങ്ങളുടെ കൂട്ടത്തിലാണ് മനശാസ്ത്രജ്ഞർ കൂട്ടിയിരിക്കുന്നത്.
സ്തീകൾക്കും കുട്ടികൾക്കും മുന്നിൽ നഗ്നത പ്രദർശിപ്പിക്കുന്നതിനെ എക്സിബിഷനിസ്റ്റിക് ഡിസോഡര്‍ എന്നാണ് അറിയപ്പെടുന്നത്. ലൈംഗിക സംതൃപ്തിക്കുവേണ്ടിയാണ് ഇവർ ഇത്തരം കാര്യങ്ങൾ ചെയ്യുന്നത്. എന്നാൽ എല്ലാവരും അങ്ങനെയാവണമെന്നില്ല. ശ്രീജിത്ത് രവിയുടെ കാര്യത്തിൽ ഇത്തരം വൈകല്യമുണ്ടോയെന്നും അതിനു മരുന്ന് കഴിച്ചിരുന്നുവോയെന്നും ഇനിയും ചികിത്സ ആവശ്യമുണ്ടോയെന്നും കോടതിയിൽ തെളിയിക്കപ്പെടേണ്ടതുണ്ട്.
പ്രോസിക്യൂഷൻ പറഞ്ഞ സമാനകുറ്റം ഏത്?
ഇതിനു മുൻപും കുട്ടികൾക്ക് നേരെ നഗ്നത പ്രദർശനം നടത്തിയതിന് ശ്രീജിത്ത് രവി അറസ്റ്റിലായിട്ടുണ്ട്. 2016 ഓഗസ്റ്റിൽ പാലക്കാട് ലക്കിടിയിലായിരുന്നു സംഭവം. സ്‌കൂൾ വിദ്യാർത്ഥികൾക്കു നേരെയായിരുന്നു അന്നും ശ്രീജിത്ത് നഗ്നത പ്രദർശനം നടത്തിയത്. കുട്ടികളെ ഉൾപ്പെടുത്തി സെൽഫി എടുക്കാനും അന്ന് ശ്രമം നടന്നിരുന്നു. ഒറ്റപ്പാലം പൊലീസാണ് അന്ന് പോസ്കോ ചുമത്തി കേസെടുത്തത്.
എന്നാൽ കോടതിയിൽനിന്ന് ശ്രീജിത്തിന് ജാമ്യം ലഭിക്കുകയും പിന്നീട് കേസ് തേഞ്ഞുമാഞ്ഞു പോവുകയുമായിരുന്നു. അന്ന് സംഭവത്തെ കുട്ടികൾ തെറ്റിദ്ധരിച്ചതാണെന്നും കേസ് കെട്ടിച്ചമതാണെന്നുമുള്ള ആരോപണങ്ങൾ ശ്രീജിത്ത് ഉയർത്തിയിരുന്നു. പിന്നീട് കേസ് കോടതിക്കു പുറത്തുവച്ച് ഒത്തുതീർപ്പാക്കിയെന്നും പറയപ്പെട്ടിരുന്നു.
ശ്രീജിത്ത് രവിയുടെ കേസിൽ താരസംഘടന നിലപാടെന്ത്?
യുവനടിയെ ബലാത്സംഗം ചെയ്ത കേസിൽ ആരോപണ വിധേയനായ വിജയ് ബാബുവിനെതിരെ നടപടിയെടുക്കാതിരുന്ന താരസംഘടനയായ ‘അമ്മ’, ശ്രീജിത്ത് രവിയ്‌ക്കെതിരെ എന്ത് നടപടിയാകും സ്വീകരിക്കുക എന്നതാണ് രാവിലെ മുതൽ ഉയർന്നു വരുന്ന ചോദ്യം. എന്നാൽ സംഭവത്തിൽ ‘അമ്മ’ പരിശോധന തുടങ്ങി എന്നാണ് വിവരം.
കേസിന്റെ വിശദാംശങ്ങൾ തേടാൻ ‘അമ്മ’ സംഘടനാ പ്രസിഡന്റ് മോഹൻലാൽ നിർദേശം നൽകിയെന്നും ഇതനുസരിച്ചു സംഘടന ഭാരവാഹികൾ പൊലീസുമായി ബന്ധപ്പെട്ടുവെന്നുമാണ് പുറത്തുവരുന്ന വിവരം. എന്നാൽ സംഘടനയോ ഭാരവാഹികളോ ഇതിൽ പ്രതികരിച്ചിട്ടില്ല.
ശ്രീജിത്ത് രവി സിനിമയിൽ
മലയാളത്തിന്റെ പ്രിയനടന്മാരിൽ ഒരാളായ ടി ജെ രവിയുടെ മകനായ ശ്രീജിത്ത് രവി, അച്ഛനെപ്പോലെ വില്ലൻ വേഷങ്ങളിലൂടെയാണു സിനിമയിൽ സജീവമാകുന്നത്. 2009 ൽ മയൂഖം എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച ശ്രീജിത്ത് അൻപതിലധികം മലയാള ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. ഒന്നിലധികം തമിഴ് ചിത്രങ്ങളുടെയും ഭാഗമായിട്ടുണ്ട്. ഈ വർഷം ഇതിനോടകം നാല് ചിത്രങ്ങളിൽ ശ്രദ്ധേയ വേഷങ്ങളിലെത്തിയ നടൻ മലയാള സിനിമയിൽ തന്റേതായ ഇടം കണ്ടെത്തുന്നതിനിടെയാണ് പോക്സോ കേസിൽ പ്രതിയാകുന്നത്.