കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ നടൻ ദിലീപ് ജയിലിൽ ആയപ്പോൾ ശക്തമായ പിന്തുണയുമായി ദിലീപിന് ഒപ്പം നിന്ന വ്യക്തിയാണ് സിദ്ദിഖ്. ദിലീപിനെ ആലുവ പൊലീസ് ക്ലബിൽ ചോദ്യം ചെയ്ത സമയത്ത് സിദ്ദിഖ് അവിടെ എത്തിയിരുന്നു. ജയിലിലും ദിലീപിനെ കാണാൻ സിദ്ദിഖ് എത്തിയിരുന്നു. ജാമ്യം ലഭിച്ച് ദിലീപ് ജയിലിൽനിന്നും പുറത്തെത്തിയപ്പോഴും സന്തോഷത്തിൽ പങ്കുചേരാൻ സിദ്ദിഖ് മുന്നിലുണ്ടായിരുന്നു.

പക്ഷേ ഒരിക്കൽപ്പോലും ആക്രമിക്കപ്പെട്ട നടിക്ക് പിന്തുണയുമായി സിദ്ദിഖ് രംഗത്തെത്തിയിരുന്നില്ല. ഇപ്പോഴിതാ നടിക്ക് ആദ്യമായി പിന്തുണ അറിയിച്ചിരിക്കുകയാണ് സിദ്ദിഖ്. തന്റെ ഫെയ്സ്ബുക്ക് പേജിലൂടെയാണ് നടിക്ക് പിന്തുണ അറിയിച്ചുളള കുറിപ്പ് സിദ്ദിഖ് പോസ്റ്റ് ചെയ്തത്. ”പെണ്ണേ, ആ കണ്ണുകൾ ജ്വലിക്കട്ടെ. നിന്നെ ഇര മാത്രമാക്കുന്ന കാട്ടു നീതിക്കു മുമ്പിൽ നീ തീയായില്ലെങ്കിലും ഒരു തീക്കനലെങ്കിലുമാവുക. വേട്ടയാടാൻ മാത്രമറിയാവുന്ന കാട്ടാളന്മാരെ ജീവിതാവസാനം വരെ പൊള്ളിക്കുന്ന തീക്കനൽ”- ഇതായിരുന്നു സിദ്ദിഖിന്റെ കുറിപ്പ്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ