കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ദിലീപിനെ അറസ്റ്റ് ചെയ്തതിൽ വേദനിച്ചിട്ട് കാര്യമില്ലെന്ന് നടൻ സിദ്ദിഖ്. തെറ്റ് ചെയ്തവർ ശിക്ഷിക്കപ്പെടണം. ദിലീപിനെയും നാദിർഷയെയും ചോദ്യം ചെയ്യുന്ന സമയത്ത് ആലുവ പൊലീസ് ക്ലബിൽ എത്തിയതിനെ തെറ്റായി കാണുന്നില്ല. സഹപ്രവർത്തകന് പിന്തുണ നൽകുക മാത്രമാണ് താൻ ചെയ്തതെന്നും സിദ്ദിഖ് പറഞ്ഞു.

കൊച്ചിയിൽ അമ്മയുടെ അടിയന്തര എക്സിക്യൂട്ടീവ് യോഗം നടന്ന മമ്മൂട്ടിയുടെ വീട്ടിലേക്ക് പോകവേ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു സിദ്ദിഖ്. യോഗത്തിന് ശേഷം ജനറല്‍ സെക്രട്ടറി മമ്മൂട്ടിയെയും വൈസ് പ്രസിഡന്റ് മോഹന്‍ലാലിനെയും കാണാനെത്തിയതായിരുന്നു സിദ്ദിഖ്.

താരസംഘടനയായ അമ്മയിലെ ഒരു മകളാണ് ആക്രമിക്കപ്പെട്ടത്. അതുമായി ബന്ധപ്പെട്ട് അതേ കുടുംബത്തിലെ ഒരാൾ അറസ്റ്റ് ചെയ്യപ്പെട്ടു. ഇത് സന്തോഷമുണ്ടാക്കുന്ന കാര്യമല്ല. തെറ്റ് ചെയ്തവർ ശിക്ഷിക്കപ്പെടണം. സിനിമാമേഖലയില്‍ സ്ത്രീകള്‍ക്കെതിരെ ചൂഷണം നടക്കുന്ന കാര്യം എനിക്കറിയില്ല. അങ്ങനെ ഏതെങ്കിലും നടികള്‍ പറഞ്ഞിട്ടുണ്ടെങ്കില്‍ അതിനെക്കുറിച്ച് അവരോട് ചോദിക്കണമെന്നും സിദ്ദിഖ് പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ