കൊച്ചി: ചലച്ചിത്ര നടന് സത്താര്‍ (67) അന്തരിച്ചു. ഇന്ന് പുലർച്ചെ ആലുവയിലെ പാലിയേറ്റീവ് കെയർ ആശുപത്രിയിലായിരുന്നു അന്ത്യം. മൂന്നു മാസമായി രോഗബാധിതനായി ചികിത്സയില്‍ കഴിയുകയായിരുന്നു. സംസ്കാരം ഇന്ന് വൈകീട്ട് നാലിന് ആലുവ പടിഞ്ഞാറെ കടുങ്ങല്ലൂര്‍ ജുമാ മസ്ജിദില്‍.
1975-ൽ എം.കൃഷ്ണൻ നായർ സംവിധാനം ചെയ്ത ‘ഭാര്യയെ ആവശ്യമുണ്ട്’ എന്ന സിനിമയിലൂടെ അഭിനയ ജീവിതത്തിനു തുടക്കം കുറിച്ച സത്താർ 1976-ൽ വിൻസെന്റ് മാസ്റ്റർ സംവിധാനം ചെയ്ത ‘അനാവരണം’ സിനിമയിലൂടെയാണ് നായകനായത്. വില്ലന്‍ വേഷങ്ങളിലൂടെയായിരുന്നു സത്താർ ശ്രദ്ധേയനായത്.
Read Here: അടുത്ത സൗഹൃദമുണ്ടായിരുന്നു, വിയോഗം നഷ്ടമാണ്: സത്താറിന്റെ ഓര്‍മ്മകളില്‍ ശബ്ദമിടറി മമ്മൂട്ടി
തമിഴ്, തെലുങ്ക് സിനിമകളിലും സജീവമായിരുന്ന അദ്ദേഹം മുന്നൂറിലേറെ ചിത്രങ്ങളില്‍ അഭിനയിച്ചു. ബാബു ആന്റണി നായകനായ ‘കമ്പോളം’ അടക്കം മൂന്ന് ചിത്രങ്ങള്‍ നിര്‍മിക്കുകയും ചെയ്തു. 148ഓളം സിനിമകളിൽ അഭിനയിച്ചു. ഏറെ നാളുകൾക്കുശേഷം ആഷിഖ് അബു സംവിധാനം ചെയ്ത ’22 ഫീമെയിൽ കോട്ടയം’ എന്ന സിനിമയിലൂടെ ശക്തമായ തിരിച്ചു വരവ് നടത്തിയിരുന്നു. 2014 ല്‍ പുറത്തിറങ്ങിയ ‘പറയാന്‍ ബാക്കിവച്ചത്’ എന്ന സിനിമയിലാണ് അവസാനമായി അഭിനയിച്ചത്.
Read more: സത്താറിക്കയ്ക്ക് കണ്ണീരുമ്മ: വായനക്കാരന് എഴുത്തുകാരന്റെ ആദരം
എറണാകുളം ജില്ലയിലെ കടുങ്ങല്ലൂരിലായിരുന്നു സത്താറിന്റെ ജനനം. കടുങ്ങലൂർ സർക്കാർ സ്കൂളിൽ പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയ സത്താർ, ആലുവയിലെ യൂണിയൻ ക്രിസ്ത്യൻ കോളേജിൽ നിന്നും ചരിത്രത്തിൽ ബിരുദാനന്തര ബിരുദം നേടി. നടി ജയഭാരതിയെയാണ് സത്താര്‍ ആദ്യം വിവാഹം കഴിച്ചത്. പിന്നീട് ഇരുവരും വേര്‍പിരിഞ്ഞു. നടന് കൃഷ് സത്താര്‍ സത്താറിന്റെയും ജയഭാരതിയുടെയും മകനാണ്.