കോഴിക്കോട്: പ്രമുഖ നടൻ ശശി കലിംഗ(59) അന്തരിച്ചു. കോഴിക്കോട്‌ സ്വകാര്യ ആശുപത്രിയില്‍ വച്ച്‌ ഇന്ന് പുലര്‍ച്ചെയായിരുന്നു അന്ത്യം. കരള്‍ രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. കോഴിക്കോട്ടെ പ്രമുഖ നാടക ട്രൂപ്പായ സ്റ്റേജ് ഇന്ത്യയിലെ നടനായിരുന്നു. അമ്മാവൻ വിക്രമൻ നായരുടെതായിരുന്നു ആയിരുന്നു സ്റ്റേജ് ഇന്ത്യ.

വി. ചന്ദ്രകുമാര്‍ എന്നാണ് അദ്ദേഹത്തിന്റെ യഥാര്‍ത്ഥ പേര്. നാടക രംഗത്തെ മികച്ച ഹാസ്യകഥാപാത്രങ്ങളിലൂടെയാണ് കലിംഗ ശശി സിനിമയിലേക്കെത്തുന്നത്. പിന്നീട് നിരവധി ടെലിവിഷൻ സീരിയലുകളിലും ഏഷ്യാനെറ്റിൽ മുൻഷി എന്ന ദിനപരമ്പരയിലും അഭിനയിച്ചിരുന്നു. ഇരുപത്തിയഞ്ച് വര്‍ഷത്തോളം നാടകരംഗത്ത് പ്രവര്‍ത്തിച്ചു. 500-ലധികം നാടകങ്ങളില്‍ അഭിനയിച്ചു.

1998ൽ പുറത്തിറങ്ങിയ തകരച്ചെണ്ട എന്ന ചിത്രത്തിലൂടെയാണ് ശശി കലിംഗ വെള്ളിത്തിരയിലേക്ക് ചുവടുവച്ചത്. പിന്നീട് വർഷങ്ങൾക്ക് ശേഷം ‘പാലേരിമാണിക്യം ഒരു പാതിരാക്കൊലപാതകത്തിന്റെ കഥ’ എന്ന രഞ്ജിത്ത്‌ ചിത്രത്തിലൂടെയായിരുന്നു അദ്ദേഹത്തിന്റെ തിരിച്ചുവരവ്. കേരളാകഫേ,പ്രാഞ്ചിയേട്ടന്‍ ആന്റ് ദ സെയിന്റ്, ഇന്ത്യന്‍ റുപ്പി,ആമ്മേന്‍, അമര്‍ അക്ബര്‍ ആന്റണി,വെള്ളിമൂങ്ങ, ആദമിന്റെ മകന്‍ അബു തുടങ്ങി 250 സിനിമകളിൽ അഭിനയിച്ചു.

കലിംഗ ശശിയുടെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചനം രേഖപ്പെടുത്തി. കാൽനൂറ്റാണ്ടോളം നാടകരംഗത്ത് ശോഭിച്ചുനിന്ന അദ്ദേഹം പിൽക്കാലത്ത് മലയാള സിനിമയിലും സ്വന്തമായ ഇടം നേടിയിരുന്നുവെന്ന് മുഖ്യമന്ത്രി അനുസ്മരിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.