കൊച്ചി: സി.എച്ച് മുഹമ്മദ് കോയ മെമ്മോറിയല്‍ കോളേജിലെ വിദ്യാര്‍ത്ഥികളെ തീവ്രവാദികളാക്കിയ ജനം ടി.വിയുടെ വ്യാജ വാര്‍ത്തയ്ക്കെതിരെ ശക്തമായി പ്രതിഷേധിച്ച് നടന് സലീം കുമാര്‍. ഏഷ്യാനെറ്റിന്റെ ചര്‍ച്ചയില്‍ കറുത്ത വസ്ത്രവും കറുത്ത തൊപ്പിയും അണിഞ്ഞാണ് സലീം കുമാര്‍ എത്തിയത്. ‘ക്യാംപസില്‍ ഐ.എസ് ഭീകരവാദികളോ’ എന്ന ചോദ്യമുയര്‍ത്തിയുള്ള ഏഷ്യനെറ്റ് ന്യൂസ് അവര്‍ ചര്‍ച്ചയിലാണ് സലീം കുമാര്‍ പ്രതിഷേധിച്ചത്.
താന്‍ ഇപ്പോള്‍ വീട്ടിലാണെന്നും എന്നാല്‍ ഈ വസ്ത്രം ഇപ്പോള്‍ ധരിച്ചത് കോളേജിലെ കുട്ടികള്‍ക്ക് പിന്തുണ അറിയിച്ച് കൊണ്ടാണെന്നും അദ്ദേഹം വ്യക്തമാക്കി. കറുത്ത വസ്ത്രം അണിഞ്ഞതിന് കുട്ടികളെ ഭീകരവാദികളാക്കിയ ചാനല്‍ മാപ്പ് പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കുട്ടികള്‍ക്കെതിരെ വ്യാജ വാര്‍ത്ത കൊടുത്തതിന് പ്രതികരിച്ച തന്നോടും സഹിഷ്ണുതയില്ലാതെയാണ് പെരുമാറിയതെന്നും സലീം കുമാര്‍ പറഞ്ഞു. തന്റെ പ്രസ്താവനയ്ക്ക് പിന്നാലെ സോഷ്യല്‍മീഡിയയില്‍ ചിലര്‍ തന്റെ പേര് ‘സലീം കെ. ഉമ്മര്‍’ എന്നും ‘സലാം കുമാര്‍’ എന്നും ആക്കി മാറ്റിയെന്നും അതില്‍ തനിക്ക് ഭയമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘ഒരു മനുഷ്യന് എന്ന രീതിയില്‍ ആ പിള്ളേര്‍ക്ക് വേണ്ടി അത് പറയയേണ്ടതാണെന്ന് തോന്നി. അത് പറഞ്ഞപ്പോള്‍ എന്നെ തീവ്രവാദിയാക്കി, എന്നെ ബിന്‍ലാദനാക്കുമെന്നാണ് എന്റെ സംശയം. അപോ എന്തായാലും ശരി ഞാന്‍ രണ്ടും കല്‍പ്പിച്ചാണ്. ആ പിള്ളേര് എന്താണ് ചെയ്തതെന്ന് അറിയുന്ന ആ കോളേജിലില്ലാത്ത ഒരാള്‍ ഞാന്‍ മാത്രമായിരുന്നു. എനിക്ക് ഈ സമൂഹത്തോട് വിളിച്ച് പറയണം. ഇതാണ് അവിടെ നടന്നതെന്ന്. എന്റെ ശബ്ദം കേള്‍ക്കുന്നത് കുറച്ചാളുകള്‍ മാത്രമായിരിക്കാം. എന്നാലും അവസാനം വരെ ആ കുട്ടികളൊടൊപ്പമായിരിക്കും’. സലിം കുമാര്‍ പറഞ്ഞു.ഒരു മനുഷ്യനായി ജീവിക്കുമ്പോള്‍ കുറച്ച് അന്തസ് വേണമെന്നും എന്ത് അനുഭവിക്കേണ്ടി വന്നാലും കുട്ടികള്‍ക്ക് പിന്തുണ നല്‍കുമെന്നും സലീം കുമാര്‍ കൂട്ടിച്ചേര്‍ത്തു.
കേരളത്തിൽ അൽഖ്വയ്ദ പിടിമുറുക്കുന്നുവെന്ന ‘ജനം’ ടി.വിയുടെ വ്യാജ വാര്‍ത്തക്ക് മറുപടിയുമായി സലീം കുമാര്‍ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. സി.ഐ.ഡി മൂസ എന്ന സിനിമയുടെ പ്രത്യേക തീമിൽ രൂപം കൊടുത്ത ആന്വൽ ഡേക്ക് അതേ രൂപത്തിൽ വസ്ത്രം ധരിച്ചുവെന്നേയുള്ളുവെന്നും അന്ന് നടന്ന ആഘോഷ പരിപാടി മികച്ചതായിരുന്നെന്നും സലീം കുമാർ പറയുന്നു. ജനം ടി.വി എന്തുകൊണ്ടാണ് ഇങ്ങനെയൊക്കെ വാര്‍ത്തകള്‍ കൊടുക്കുന്നതെന്നും മുസ്ലിംങ്ങൾക്ക് ഈ നാട്ടില്‍ ജീവിക്കണ്ടെയെന്നും അവർക്ക് ആഘോഷിക്കേണ്ടെയെന്നും സലീം കുമാർ ചോദിച്ചു. നല്ല രീതിയില്‍ കോളെജ് നടത്തുന്ന ഡീസന്റ് ആള്‍ക്കാരാണ് സി.എച്ച്.എം.എം കോളെജ് മാനേജ്മെന്റ് എന്നും സലീം കുമാർ പറയുന്നു.
2018 മാർച്ച് 14ന് നടന്ന ആന്വൽ ഡേ ആഘോഷമാണ് ജനം ടി.വി വ്യാജ പ്രചരണത്തിലൂടെ അല്‍ ഖ്വയ്ദയായി വാര്‍ത്തയില്‍ അവതരിപ്പിക്കുന്നത്. കോളജിലെ ഒരു വിഭാഗം സലിംകുമാർ ഫാൻസുകാരാണ് ആന്വൽ ഡേക്ക് മുഖ്യാതിഥിയായി അദ്ദേഹത്തെ ക്ഷണിക്കാൻ തീരുമാനിക്കുന്നതും പരിപാടി സംഭവിക്കുന്നതും. വിദ്യാർഥികള്‍ തന്നെ മുന്നിട്ട് നിന്നത് കൊണ്ട് വിദ്യാർഥികളുടെ ആഗ്രഹത്തെയും താൽപര്യത്തെയും അധികൃതർ ഹനിച്ചില്ലയെന്നും കോളേജ് അധിക്യതര്‍ പറയുന്നു.