എറണാകുളം: സഹോദരന്രെ മരണത്തിന് ഉത്തരവാദികളായവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ സെക്രട്ടേറിയറ്റിനു മുന്നിൽ നിരാഹാര സമരം നടത്തുന്ന ശ്രീജിത്തിന് പിന്തുണയുമായി നടൻ പൃഥ്വിരാജ്. സമകാലിക സമൂഹം മറന്നുപോയെ അംഹിസ സമരരീതിയുടെ വക്താവാണ് നീതിക്കായി രണ്ട് വർഷമായി സമരം ചെയ്യുന്ന ശ്രീജിത്തെന്ന് ചലച്ചിത്ര താരം പൃഥ്വിരാജ് ഫെയിസ്ബുക്കിൽ കുറിച്ചു.

ഉറങ്ങിക്കിടക്കുന്ന ഒരു സമൂഹത്തെ ഉണർത്തിയത് ശ്രീജിത്താണ്. സഹോദരന് നീതികിട്ടാൻ ശ്രീജിത്ത് നടത്തുന്ന സഹനസമരം ലോകം കാണുമെന്നും ,അദ്ദേഹത്തിന് നീതി ലഭിക്കുമെന്നും പൃഥ്വിരാജ് അഭിപ്രായപ്പെട്ടു.

സമൂഹത്തിലെ നാനാ വിഭാഗങ്ങളിലുള്ള ജനങ്ങൾ ഇന്ന് ശ്രീജിത്തിന്റെ സമരപന്തലിൽ എത്തി. ചലച്ചിത്രതാരം ടൊവീനോ തോമസ് സമരപന്തലിൽ എത്തി ശ്രീജിത്തിനെ നേരിട്ട് കണ്ട് ഐക്യദാർഢ്യം അറിയിച്ചിരുന്നു. ചലച്ചിത്രമേഖലയിൽ​ നിന്ന് നിരവധി പ്രമുഖരാണ് ശ്രീജിത്തിന് പിന്തുണ അറിയിച്ച് രംഗത്ത് വന്നത്. നിവിൻ പോളി, ജൂഡ് ആന്റണി, അനു സിത്താര, ഹണി റോസ്, ജോയ് മാത്യു തുടങ്ങിയവർ തങ്ങളുടെ ഫെയ്സ്ബുക്ക് പേജിലൂടെ ശ്രീജിത്തിന് പിന്തുണ അറിയിച്ചിരുന്നു. സഹോദരൻ ശ്രീജിവ് പൊലീസ് മർദനത്തിൽ കൊല്ലപ്പെട്ട സംഭവത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ശ്രീജിത്ത് നടത്തുന്ന സമരം 765 ദിവസം പിന്നിടുകയാണ്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ