തിരുവനന്തപുരം: മലയാളത്തിന്റെ പ്രിയ നടന് നെടുമുടി വേണുവിന് വിട. അയ്യന്‍കാളി ഹാളില്‍ പൊതു ദര്‍ശനത്തിന് വച്ച ശേഷം ഉച്ചതിരിഞ്ഞ് രണ്ട് മണിക്ക് ഔദ്യോഗിക ബഹുമതികളോടെ തൈക്കാട് ശാന്തികവാടത്തില്‍ മൃതദേഹം സംസ്കരിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്, സ്പീക്കര്‍ എം.ബി. രാജേഷ് , മന്ത്രിമാരായ വീണ ജോര്‍ജ്, ആന്റണി രാജു തുടങ്ങിയ പ്രമുഖര്‍ നേരിട്ടെത്തി ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.
“നെടുമുടി വേണുവിന്റെ വേര്‍പാട് കലാ-സാംസ്കാരിക മേഖലയ്ക്ക് ഏറ്റ കനത്ത ആഘാതമാണ്. വ്യക്തിപരമായ എന്റെ നഷ്ടം നഷ്ടമായി തന്നെ അവശേഷിക്കുന്നു. ഞങ്ങള്‍ തമ്മില്‍ 40 വര്‍ഷത്തിലേറെയായുള്ള പരിചയമാണ്. 15 ദിവസം മുന്‍പാണ് ഞങ്ങളൊരുമിച്ച് പുഴു എന്ന ചിത്രത്തില്‍ അഭിനയിച്ചത്. അന്നൊക്കെ വളരെ ഉല്ലാസവാനായാണ് അദ്ദേഹത്തെ കണ്ടത്. ഇന്നത്തെ സംഭവം എനിക്ക് ശരിക്കും ഷോക്കാണ്”, ആദരാഞ്ജലികള്‍ അര്‍പ്പിച്ചതിന് ശേഷം മമ്മൂട്ടി പറഞ്ഞു.
നെടുമുടി വേണുവുമായുള്ള വ്യക്തിബന്ധം ഓര്‍ത്തെടുത്ത മോഹന്‍ലാല്‍ സംസാരിക്കവെ വികാരാധീനനായി. “ഒരു സഹോദരനെക്കാള്‍ ഒരുപാട് മുകളിലാണ്. വേണു ചേട്ടന്റെ അമ്മയുമായുള്ള ബന്ധം, ചേച്ചിയുമായുള്ള പരിചയം, വേണു ചേട്ടന്റെ കല്യാണം.. ഒരുപാട് കാര്യങ്ങള്‍ ഓര്‍ക്കുന്നു. അദ്ദേഹത്തിന്റെ വീട്ടില്‍ ഞാന്‍ വരാറുണ്ടായിരുന്നു. നഷ്ടം എന്നല്ല, അതിലും വലുത് എന്തോ ആണ്, അത് എനിക്ക് പറയാന്‍ സാധിക്കുന്നില്ല,” മോഹന്‍ലാല്‍ പറഞ്ഞു.
കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന അദ്ദേഹം ഇന്നലെയാണ് മരിച്ചത്. കഴിഞ്ഞ നാല് ദിവസമായി ആരോഗ്യനില മോശമായി തുടരുകയായിരുന്നു. തുടര്‍ന്ന് ഇന്നലെ രാവിലെ അത്യാഹിത വിഭാഗത്തിലേക്ക് മാറ്റിയെങ്കിലും ഉച്ചയോടെ മരണം സംഭവിച്ചു. 73 വയസായിരുന്നു.