തിരുവനന്തപുരം: നടനും സംഗീത നാടക അക്കാദമി ചെയര്‍മാനുമായിരുന്ന മുരളിയുടെ വെങ്കല ശില്‍പ്പം നിര്‍മ്മിക്കുന്നതില്‍ പിഴിവ് സംഭവിച്ചതോടെ അനുവദിച്ച തുക എഴുതി തള്ളി സംസ്ഥാന ധനവകുപ്പ്. 5.70 ലക്ഷം രൂപയുടെ കരാറാണ് ശില്‍പ്പം നിര്‍മ്മിക്കുന്നതിനായി ശില്‍പ്പി വില്‍സണ്‍ പൂക്കായിക്ക് നല്‍കിയത്.
എന്നാല്‍ ശില്‍പ്പം പൂര്‍ത്തിയായപ്പോള്‍ മുരളിയുടെ രൂപസാദൃശ്യം ഇല്ലായിരുന്നു. രൂപസാദൃശ്യം ഇല്ലെന്ന് മാത്രമല്ല മുരളിയാണെന്ന് തിരിച്ചറിയാന്‍ കഴിയുന്ന ഒന്നും തന്നെ ശില്‍പ്പത്തിലില്ലായിരുന്നു. ഇതോടെ പണിത ശില്‍പ്പത്തിന്റെ മുകളില്‍ അറ്റകുറ്റ പണികള്‍ നടത്താന്‍ വില്‍സണ്‍ നിര്‍ബന്ധിതനായി. പക്ഷെ കാര്യമുണ്ടായില്ല.
ഇതോടെ കരാറില്‍ അനുവദിച്ച പണം തിരികെ നല്‍കണമെന്നാവശ്യപ്പെട്ട് സംഗീത നാടക അക്കാദമി ശില്‍പ്പിക്ക് കത്തയക്കുകകയായിരുന്നു. പക്ഷെ ശില്‍പ്പ നിര്‍മ്മാണത്തിനായി അനുവദിച്ചതിലും കൂടുതല്‍ തുക ചിലവായെന്നും തിരിച്ചടയ്ക്കാന്‍ മാര്‍ഗമില്ലെന്നും ചൂണ്ടിക്കാണിച്ച് വില്‍സണ്‍ കത്തിന് മറുപടി നല്‍കി.
തുടര്‍ന്ന അക്കാദമി നിര്‍വാഹ സമിതി ചേരുകയും വിഷയം ചര്‍ച്ച ചെയ്യുകയും ചെയ്തു. കഴിഞ്ഞ ജൂലൈയില്‍ ചേര്‍ന്ന യോഗത്തില്‍ തുക എഴുതി തള്ളണമെന്ന് സര്‍ക്കാരിന് അപേക്ഷ നല്‍കാന്‍ തീരുമാനമായി. കഴിഞ്ഞ മാസം ഒന്‍പതിനായിരുന്നു അപേക്ഷ ധനവകുപ്പ് അംഗീകരിച്ചത്. ഇത് സംബന്ധിച്ച് പിന്നീട് ഉത്തരവിറക്കുകയും ചെയ്തു.