ചാലക്കുടി: മലയാളികൾക്ക് പ്രിയങ്കരനായ നടൻ മുൻഷി വേണു അന്തരിച്ചു. ഇന്ന് രാവിലെ ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. വൃക്ക രോഗം ബാധിച്ച് ചാലക്കുടിയിലെ പാലിയേറ്റീവ് കെയറിൽ ചികിത്സയിലായിരുന്ന വേണുവിനെ രോഗം മൂർച്ഛിച്ചതിനെ തുടർന്ന് കഴിഞ്ഞ ദിവസം ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ശനിയാഴ്ചയായിരിക്കും സംസ്കാരം എന്നാണ് ബന്ധുക്കൾ നൽകുന്ന സൂചന.

അവിവാഹിതനായ വേണു തിരുവനന്തപുരം വഴുതക്കാട് സ്വദേശിയാണ്. സിനിമയില്‍ അവസരം കിട്ടിതുടങ്ങിയതിന് ശേഷം പത്തുവര്‍ഷത്തോളമായി ചാലക്കുടിയിലെ ഒരു ലോഡ്ജിലായിരുന്നു താമസം. ഇതിനിടെയാണ് വൃക്കരോഗം കണ്ടെത്തിയത്. സുമനസ്സുകളുടെ സാഹയത്തിലാണ് ഇദ്ദേഹം ജീവിതം തള്ളി നീക്കിയത്. സിനിമ സംഘടനയായ അമ്മയിൽ അംഗത്വമില്ലാത്തതിനാൽ സംഘടനയുടെ സഹായം ഇദ്ദേഹത്തിന് ലഭിച്ചിരുന്നില്ല.

ആദ്യ സിനിമ കമല്‍ സംവിധാനം ചെയ്ത ദിലീപ് നായകനായ പച്ചക്കുതിരയായിരുന്നു. ചെറുതും വലുതമായ അറുപതോളം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ