കോഴിക്കോട് : സിനിമാരംഗത്ത് തങ്ങൾക്കിടയിൽ തന്നെ മാഫിയാ സംഘങ്ങളും ഗുണ്ടകളും പ്രവർത്തിക്കുന്നുണ്ടെന്നും അവരെ കണ്ടു പിടിച്ച് വെള്ളിച്ചത്ത് കൊണ്ടുവന്നാലേ സത്യങ്ങൾ ഓരോന്നായി പുറത്ത് വരുകയുള്ളൂ എന്ന് ഗാനരചയിതാവും കവിയും നടനുമായ കൈതപ്രം ദാമോദരൻ നമ്പൂതിരി പറഞ്ഞു.
പ്രമുഖ നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിൽ മലയാള ചലച്ചിത്ര പ്രവർത്തകരുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ്മയിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.കോഴിക്കോട് മിഠായിത്തെരുവിൽ കിഡ്‌സൺ കോർണറിലായിരുന്നു പ്രതിഷേധ സംഗമo.
തങ്ങൾക്കിടയിലെ ഒരാൾക്ക് സംഭവിച്ച ഈ സംഭവം ഇനി ഒരാൾക്കും സംഭവിക്കരുതെന്ന് സംവിധായകൻ വി.എം വിനു പറഞ്ഞു. ഒരു പെൺകുട്ടിക്കുണ്ടായ ഈ പ്രശ്നം മാധ്യമങ്ങൾ മറ്റു തലങ്ങളിൽ ആഘോഷിക്കുകയാണെന്നൂo സാമൂഹിക മാധ്യമങ്ങളിലടക്കം വരാൻ പാടില്ലാത്ത തരത്തിലുള്ള വിശകലനങ്ങളും വാർത്തകളുമാണ് വന്നു കൊണ്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇതിനെതിരെയാണ് ആദ്യം പ്രതിഷേധിക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തന്റെ ഉറ്റ സുഹ്യത്തിന്റെ അനുഭവത്തിൽ നിന്ന് താൻ ഇതുവരെ മോചിപ്പിക്കപ്പെട്ടിട്ടില്ലെന്ന് നടി നിത്യാദാസ് പറഞ്ഞു. ദീദി ദാമോദരൻ , കമാൽ വരദൂർ, കെ.പി.സുധീര , കോഴിക്കോട് നാരായണൻ , നിർമൽ പാലാഴി, അജിത , തുടങ്ങിയവർ പ്രസംഗിച്ചു. സിനിമാ മേഖലയിൽ നിന്നു മാത്രമല്ല, കോഴിക്കോടുള്ള സാമൂഹിക, രാഷ്ട്രീയ, സാംസ്കാരിക രംഗങ്ങളിലുള്ള നിരവധി പേരും പ്രതിഷേധത്തിൽ പങ്കെടുക്കാനെത്തിയിരുന്നു.
നേരത്തെ പെണ്ണൊരുമ സംഘടിപ്പിച്ച പ്രതിഷേധ യോഗത്തിൽ ആർ എം പി നേതാവ് കെ.കെ. രമ, കെ.അജിത, ദീദി ദാമോദരൻ എന്നിവർ പ്രസംഗിച്ചു.