കൊച്ചി: വില്ലനായും സ്വഭാവ നടനായും പ്രേക്ഷകരുടെ പ്രിയങ്കരനായ കലാശാല ബാബു അന്തരിച്ചു. വാർധക്യ കാല അസുഖങ്ങളെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിൽസയിലായിരുന്നു. ഇന്നലെ രാത്രിയോടെയാണ് 65 കാരനായ ബാബു അന്തരിച്ചത്.

പദ്മശ്രീ കലാമണ്ഡലം കൃഷ്ണന്‍ നായരുടെയും മോഹിനിയാട്ടത്തിന്റെ മാതാവ് എന്ന് അറിയപ്പെടുന്ന കലാമണ്ഡലം കല്യാണിക്കുട്ടിയമ്മയുടെയും മകനായാണ് ബാബു ജനിച്ചത്. കോളേജില്‍ പഠിച്ചിരുന്ന കാലത്ത് തന്നെ റേഡിയോ നാടകങ്ങളില്‍ അഭിനയിച്ചിരുന്നു. 1977ല്‍ പുറത്തിറങ്ങിയ ‘ഇണയെ തേടി’ എന്ന ചിത്രത്തിലൂടെ സിനിമ രംഗത്ത് തുടക്കം കുറിച്ചു. എന്നാല്‍ പ്രതീക്ഷിച്ചപ്പോലെ അരങ്ങേറ്റം വിജയമായില്ല. തുടര്‍ന്ന് സിനിമാ ലോകത്തു നിന്നും വിട്ടു നിന്നു.

തുടര്‍ന്ന് കലാശാല എന്ന പേരില്‍ ഒരു നാടക ട്രൂപ്പ് തുടങ്ങി. തുടര്‍ന്ന് സീരിയലുകളില്‍ ശ്രദ്ധേയ വേഷങ്ങള്‍ ചെയ്തു. ഇതിനിടെ ലോഹിതദാസിന്റെ കസ്തൂരിമാനിലെ ലോനപ്പന്‍ മുതലാളിയായി സിനിമയിലേക്കുള്ള രണ്ടാം വരവ് വിജയകരമാക്കി.

ദിലീപ് നായകനായ ലയണ്‍ എന്ന ദിലീപ് ചിത്രത്തില്‍ അദ്ദേഹം അവതരിപ്പിച്ച കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പ്രധാനമായും വില്ലന്‍ കഥാപാത്രങ്ങളാണ് അദ്ദേഹം കൈകാര്യം ചെയ്തിരുന്നത്. എന്റെ വീട് അപ്പൂന്റേം, തൊമ്മനും മക്കളും, റണ്‍വേ തുടങ്ങിയ സിനിമകളില്‍ ശ്രദ്ധേയവേഷം ചെയ്തു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.