കൊച്ചി: നടനും മിമിക്രി കലാകാരനുമായ കലാഭവൻ അബി (52) അന്തരിച്ചു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ആയിരുന്നു അന്ത്യം. രക്തസംബന്ധമായ അസുഖത്തെ തുടർന്ന് ഏറെ നാളായി ചികിൽസയിലായിരുന്നു. യുവനടൻ ഷെയ്ൻ നിഗം മകനാണ്. ഖബടക്കം ഇന്നു വൈകിട്ട് 6.30 ന് മൂവാറ്റുപുഴ പെരുമറ്റം ജുമാ മസ്‌ജിദിൽ.

50 ലേറെ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. മിമിക്രി രംഗത്തിലൂടെയാണ് അബി പ്രശസ്തനാവുന്നത്. നടൻ ദിലീപ്, നാദിർഷാ എന്നിവരൊക്കെ അബിക്കൊപ്പം മിമിക്രി വേദികളിൽ എത്തിയിട്ടുണ്ട്. മിമിക്രിയിലൂടെ പിന്നീട് സിനിമയിലെത്തിയ അബി അവിടെയും ശ്രദ്ധേയമായി.

അബിയുടെ പഴയകാല ചിത്രം. കടപ്പാട്: ഫെയ്സ്ബുക്ക്

കൊച്ചിൻ കലാഭവനിലൂടെയാണ് അബി കലാ ജീവിതം തുടങ്ങിയത്. മിമിക്രി വേദികളിൽ സിനിമാ താരങ്ങളുടെ അനുകരണമായിരുന്നു അബി പ്രധാനമായും അവതരിപ്പിച്ചത്. മിമിക്രി കാസറ്റുകളിലൂടെയും അബി ശ്രദ്ധേ നേടി. അബിയുടെ ‘ആമിനതാത്ത’ എന്ന കഥാപാത്രം ഏറെ ശ്രദ്ധ നേടിയതാണ്.

ദിലീപ്, നാദിർഷ, ഹരിശ്രീ അശോകൻ എന്നിവരൊക്ക അബിക്കൊപ്പം ഒരു കാലത്ത് മിമിക്രി വേദികളിൽ തിളങ്ങി നിന്നവരാണ്. ഓണത്തിനിടയ്ക്ക് പുട്ടുകട്ടവടം, ദേ മാവേലി കൊമ്പത്ത് തുടങ്ങിയ 300 ഓളം ഓഡിയോ കാസറ്റുകളും വിഡിയോ കാസറ്റുകളും അബി ഇറക്കിയിട്ടുണ്ട്. 1990 കളിൽ മിമിക്രി ലോകത്തെ സൂപ്പർതാരമായിരുന്നു അബി. മെഗാസ്റ്റാർ മമ്മൂട്ടിയുടെയും ബിഗ് ബി അമിതാഭ് ബച്ചന്റെയും ശബ്ദമായിരുന്നു അബിയുടെ അനുകരണത്തിൽ ഏറെ ശ്രദ്ധ നേടിയത്. രാഷ്ട്രീയ നേതാക്കളെയും അബി അനകരിക്കുമായിരുന്നു. കേരളത്തിലെയും വിദേശ രാജ്യങ്ങളിലെയും വേദികളിൽ അബി മിമിക്രിയിലൂടെ കീഴടക്കിയിരുന്നു.

1991 ൽ ‘നയം വ്യക്തമാക്കുന്നു’ എന്ന മമ്മൂട്ടി നായകനായ ചിത്രത്തിൽ ഹാസ്യ കഥാപാത്രം അവതരിപ്പിച്ചുകൊണ്ടാണ് അബി സിനിമാലോകത്തേക്ക് കടക്കുന്നത്. ഭീഷ്മാചാര്യ, എല്ലാവരും ചൊല്ലണ്, ചെപ്പു കിലുക്കണ ചങ്ങാതി, സൈന്യം, മഴവിൽ കൂടാരം, ആനപ്പാറ അച്ചാമ്മ, പോർട്ടർ, കിരീടിമില്ലാത്ത രാജാക്കന്മാർ, രസികൻ, വാർധക്യ പുരാണം തുടങ്ങി നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ