പ്രശസ്ത നടനും മുൻ എംപിയുമായിരുന്ന ഇന്നസെന്റ് അന്തരിച്ചു. 75 വയസ്സായിരുന്നു. കാൻസർ അസുഖവുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്നങ്ങളാലാണ് മരണം. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ആരോഗ്യനില അതിഗുരുതരമായി തുടരുകയായിരുന്നു. ശ്വാസ കോശ സംബന്ധമായ പ്രശ്നങ്ങളെ തുടർന്ന് നില ഗുരുതരമാവുകയും തുടർന്ന് വെന്റിലേറ്ററിലേക്ക് മാറ്റുകയായിരുന്നു. ഇസിഎംഒ സഹായത്തോടെ ജീവൻ നിലനിർത്താനുള്ള ശ്രമത്തിലായിരുന്നു ഡോക്ടർമാർ.
രാത്രി 10:30 ഓടെയാണ് മരണം സ്ഥിരീകരിച്ചത്. മാർച്ച് മൂന്നു മുതൽ ചികിത്സയിലായിരുന്നു. കോവിഡ് ബാധയെത്തുടർന്നുള്ള ശ്വാസകോശ സംബന്ധമായ അസുഖങ്ങളും പല അവയവങ്ങളും പ്രവർത്തനക്ഷമമല്ലാതായതും ഹൃദയാഘാതവുമാണ് മരണത്തിലേക്ക് നയിച്ചത് എന്ന് ആശുപത്രി പുറത്തുവിട്ട മെഡിക്കൽ ബുള്ളറ്റിനിൽ പറയുന്നു.
പ്രിയ സഹപ്രവർത്തകനെ അവസാനമായി കാണാനായി മമ്മൂട്ടി, ജയറാം, ദിലീപ്, സുരേഷ് കുമാർ എന്നിവരെല്ലാം ആശുപത്രിയിൽ എത്തിയിരുന്നു. രാവിലെ എട്ടു മണി മുതൽ 11 മണി വരെ എറണാകുളം കടവന്ത്ര ഇൻഡോർ സ്റ്റേഡിയത്തിൽ പൊതുദർശനത്തിനു വച്ചതിനു ശേഷം ഉച്ചയ്ക്ക് മൂന്നരയോടെ ഇരിങ്ങാലക്കുടയിലെ വീട്ടിലെത്തിക്കും. ഇരിങ്ങാലക്കുട ടൗൺഹാളിലും പൊതുദർശനത്തിന് വയ്ക്കും. സംസ്കാരം നാളെ രാവിലെ പത്തിന് ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രലില്‍ നടക്കും.

1948 ഫെബ്രുവരി 28 ന് തൃശൂർ ജില്ലയിലെ ഇരിങ്ങാലക്കുടയിൽ. വറീദ് തെക്കേതല, മാർഗററ്റ് എന്നിവരുടെ അഞ്ചാമത്തെ മകനായി ജനിച്ച് ഇന്നസെന്റ് പഠനത്തിൽ താത്പര്യം തോന്നാത്ത സാഹചര്യത്തിൽ എട്ടാം ക്ലാസ്സിൽ വച്ച് പഠനം നിർത്തി. അഭിനയിക്കണമെന്ന മോഹവുമായി മദ്രാസിലേക്ക് വണ്ടി കയറിയ ഇന്നസെന്റ് പ്രൊഡക്ഷൻ എക്സിക്യൂട്ടീവായിട്ടാണ് സിനിമാജീവിതം ആരംഭിക്കുന്നത്. ‘നെല്ല്’ എന്ന ചിത്രത്തിലാണ് ഇന്നസെന്റ് ആദ്യമായി മുഖം കാണിച്ചത്. അഞ്ചു പതിറ്റാണ്ടോളം നീളുന്ന അഭിനയജീവിതത്തിനിടെ 500ൽ ഏറെ ചിത്രങ്ങളുടെ ഭാഗമായി. ഹാസ്യ റോളുകളിൽ തിളങ്ങിയതിനൊപ്പം തന്നെ വില്ലനായും സ്വാഭാവ നടനായും ഇന്നസെന്റ് മലയാളികൾക്കു മുൻപിലെത്തി. മലയാള ചലച്ചിത്ര ലോകത്ത് മാത്രമല്ല ഹിന്ദി, ഇംഗ്ലീഷ്, തമിഴ്, കന്നഡ തുടങ്ങിയ ഭാഷകളിലും ഇന്നസെന്റ് തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്.
റാംജി റാവൂ സ്പീക്കിങ്ങ്, മാന്നാർ മത്തായി സ്പീക്കിങ്ങ്, കിലുക്കം, പൊൻമുട്ടയിടുന്ന താറാവ്, ഗോഡ്ഫാദർ, വിയറ്റ്നാം കോളനി, നാടോടികാറ്റ്, ദേവാസുരം, കേളി, കാതോട് കാതോരം, മിഥുനം, ഗജകേസരിയോഗം, മഴവിൽകാവടി, തുറുപ്പുഗുലാൻ, രസതന്ത്രം തുടങ്ങി എത്രയോ ചിത്രങ്ങൾ. മലയാളികൾ എന്നും ഓർത്തിരിക്കുന്ന നൂറുകണക്കിന് കഥാപാത്രങ്ങൾ. മലയാളസിനിമയിലെ ഒരു കാലഘട്ടത്തെ കൂടി രേഖപ്പെടുത്തികൊണ്ടാണ് ഇന്നസെന്റ് വിട പറയുന്നത്.
നടനായി മാത്രമല്ല നല്ലൊരും അഡ്മിനിസ്ട്രേറ്ററായ ഇന്നസെന്റ് തിളങ്ങി. മലയാള സിനിമാതാരങ്ങളുടെ സംഘടനയായ അമ്മയുടെ പ്രെസിഡന്റായിരുന്ന ഇന്നസെന്റ് പതിനഞ്ചു വർഷത്തോളമാണ് ആ സ്ഥാനത്തിരുന്നത്. 2014 ൽ ഇരിങ്ങാലക്കുട എന്ന തന്റെ സ്വന്തം പ്രദേശത്തു നിന്ന് എം പിയായി പാർലമെന്റിലും ഇന്നസെന്റ് തന്റെ സാന്നിധ്യം അറിയിച്ചു.
2012 ലാണ് ഇന്നസെന്റ് കാൻസറിന്റെ പിടിലാകുന്നത്, പിന്നിടിങ്ങോട് 2020 ൽ മാത്രമാണ് ശാരീരിക ബുദ്ധിമുട്ടുകൾ കൊണ്ട് അദ്ദേഹം സിനിമയിൽ നിന്ന് ഇടവേളയെടുത്തത്. മികച്ച രണ്ടാമത്തെ നടൻ, നിർമാതാവ് എന്ന വിഭാഗങ്ങളിൽ കേരള സർക്കാറിന്റെ ചലച്ചിത്ര പുരസ്കാരവും ഇന്നസെന്റ് സ്വന്തമാക്കി. അസുഖത്തോട് പൊരുതുമ്പോളും തമാശ നിറഞ്ഞ സംസാരവും പൊട്ടിച്ചിരിയും ഇന്നസെന്റിനെ വ്യത്യസ്തനാക്കി. കാൻസർ അനുഭവങ്ങൾ പങ്കുവച്ചുകൊണ്ട് ഇന്നസെന്റ് എഴുതിയ ‘കാൻസർ വാർഡിലെ ചിരി’ എന്ന പുസ്തകം ഏറെ ശ്രദ്ധ നേടി.
സിനിമയെ മാറ്റി നിർത്തിയാൽ ഇന്നസെന്റ് ഏറ്റവും കൂടുതൽ വാചാലനാകുന്നത് ഭാര്യ ആലീസിനെ കുറിച്ചാണ്. 1976 സെപ്തംബർ 26 നായിരുന്നു ആലീസും ഇന്നസെന്റുമായുള്ള വിവാഹം. സോണറ്റ് എന്നു പേരായ ഒരു മകനും ഇവർക്കുണ്ട്. പാച്ചുവും അത്ഭുതവിളക്കും എന്ന അഖിൽ സത്യൻ ചിത്രത്തിലാണ് ഇന്നസെന്റ് അവസാനമായി അഭിനയിച്ചത്.