scorecardresearch
Latest News

ഇന്നസെന്റിന് അന്തിമോപചാരമർപ്പിച്ച് പതിനായിരങ്ങൾ, സംസ്കാരം ചൊവ്വാഴ്ച

ഇന്നലെ രാത്രി 10.30 ഓടെയാണ് ഇന്നസെന്റിന്റെ മരണം സ്ഥിരീകരിച്ചത്. മാർച്ച് മൂന്നു മുതൽ ചികിത്സയിലായിരുന്നു

innocent, actor, ie malayalam

കൊച്ചി: നടൻ ഇന്നസെന്റിന് അന്തിമോപചാരമർപ്പിച്ച് പതിനായിരങ്ങൾ. കൊച്ചിയിലെ കടവന്ത്ര രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തിലും പിന്നീട് ജന്മനാടായ ഇരിങ്ങാലക്കുടയിലെ ടൗണ്‍ ഹാളിലും മൃതദേഹം പാതുദര്‍ശനത്തിന് എത്തിച്ചു. ഹാസ്യ സമ്രാട്ടിനെ അവസാനമായി ഒരു നോക്ക് കാണാനും അന്ത്യോപചാരമര്‍പ്പിക്കാനും പതിനായിരങ്ങളെത്തിയത്.

ഇൻഡോർ സ്റ്റേഡിയത്തിൽ പൊതുദർശനത്തിനുവച്ച മൃതദേഹത്തിന് ആദരാഞ്ജലി അർപ്പിക്കാൻ നിരവധി പേരാണ് എത്തിയത്. കൊച്ചി ലേക്‌ഷോർ ആശുപത്രിയിൽ നിന്നുമാണ് മൃതദേഹം പൊതുദർശനത്തിനായി ഇവിടേക്ക് എത്തിച്ചത്. മന്ത്രിമാരായ കെ.രാജൻ, ആർ.ബിന്ദു ഉൾപ്പടെയുള്ളർ ഇൻഡോർ സ്റ്റേഡിയത്തിൽ എത്തി. താരസംഘടനയായ അമ്മയുടെ ഭാരവാഹികളും ഒപ്പമുണ്ടായിരുന്നു.

മുഖ്യമന്ത്രി പിണറായി വിജയന്‍ ഇരിങ്ങാലക്കുടയിലെത്തി അന്തിമോപചാരം അര്‍പ്പിച്ചു. ഇന്നസെന്റിന്റെ നിര്യാണത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചിച്ചു. കാഴ്ചക്കാരുടെ ജീവിതത്തെ നര്‍മം കൊണ്ട് നിറച്ച ഇന്നസെന്റ് എക്കാലവും ഓര്‍മിപ്പിക്കപ്പെടുമെന്നും കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കുചേരുന്നുവെന്നും പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു.

എംഎല്‍എ മാരയ കെ കെ രാമചന്ദ്രന്‍, ഇ ടി ടൈസണ്‍ മാസ്റ്റര്‍, എ സി മൊയ്തീന്‍, എന്‍ കെ അക്ബര്‍, മാണി സി കാപ്പന്‍, കെ ജെ സനീഷ്‌കുമാര്‍ ജോസഫ്, തൃശൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡേവീസ് മാസ്റ്റര്‍, മുന്‍ മന്ത്രി സി രവീന്ദ്രനാഥ്, മുന്‍ എംഎല്‍എമാരായ കെ വി അബ്ദുല്‍ ഖാദര്‍, യു അരുണന്‍ മാസ്റ്റര്‍, തോമസ് ഉണ്ണിയാടന്‍, വി എസ് സുനില്‍കുമാര്‍ തുടങ്ങി ജനപ്രതിനിധികളും രാഷ്ട്രീയരംഗത്തെ പ്രമുഖരും ആദരാഞ്ജലി അര്‍പ്പിക്കാനെത്തി.

കലാ സാംസ്‌കാരിക രംഗത്ത് നിന്നും ചലച്ചിത്ര താരങ്ങളായ മമ്മൂട്ടി, മോഹന്‍ ലാല്‍, സുരേഷ് ഗോപി, ദിലീപ്, ടോവിനോ തോമസ്, രചന നാരായണന്‍കുട്ടി, സിദ്ധിഖ്, ബാബുരാജ്, ഇടവേള ബാബു, ഹരീഷ് കണാരന്‍, സംവിധായകരായ പ്രിയദര്‍ശന്‍, സത്യന്‍ അന്തിക്കാട്, സാഹിത്യ അക്കാദമി പ്രസിഡന്റ് സച്ചിദാനന്ദന്‍, അശോകന്‍ ചരുവില്‍ തുടങ്ങിയവര്‍ അന്തിമോപചാരം അര്‍പ്പിച്ചു.

ഇരിങ്ങാലക്കുട ടൗണ്‍ഹാളിലെ പൊതുദര്‍ശത്തില്‍ അനുവദിച്ച സമയം കഴിഞ്ഞിട്ടും ആളുകളുടെ തിരക്കൊഴിയത്തതിനാല്‍ സമയം നീട്ടി നല്‍കി. ഇന്നസെന്റിന്റെ വീട്ടിലും വന്‍ ജനാവലി ഒരുനോക്ക് കാണാന്‍ കാത്തുനിന്നു. ആലുവ, അങ്കമാലി, ചാലക്കുടി എന്നിവിടങ്ങളിലും ആളൂരിലും പൊതുദര്‍ശനത്തിന് വെച്ച ശേഷമാണ് ഇരിങ്ങാലക്കുട ടൗണ്‍ ഹാളിലേക്ക് കൊണ്ടുവന്നത്. സംസ്കാരം നാളെ (ചൊവ്വാഴ്ച) രാവിലെ പത്തിന് ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രലില്‍ നടക്കും.

ഇന്നലെ രാത്രി 10.30 ഓടെയാണ് ഇന്നസെന്റിന്റെ മരണം സ്ഥിരീകരിച്ചത്. മാർച്ച് മൂന്നു മുതൽ ചികിത്സയിലായിരുന്നു. കോവിഡ് ബാധയെത്തുടർന്നുള്ള ശ്വാസകോശ സംബന്ധമായ അസുഖങ്ങളും പല അവയവങ്ങളും പ്രവർത്തനക്ഷമമല്ലാതായതും ഹൃദയാഘാതവുമാണ് മരണത്തിലേക്ക് നയിച്ചതെന്ന് ആശുപത്രി പുറത്തുവിട്ട മെഡിക്കൽ ബുള്ളറ്റിനിൽ പറയുന്നു.

2012 ലാണ് ഇന്നസെന്റ് കാൻസറിന്റെ പിടിലാകുന്നത്, പിന്നിടിങ്ങോട് 2020 ൽ മാത്രമാണ് ശാരീരിക ബുദ്ധിമുട്ടുകൾ കൊണ്ട് അദ്ദേഹം സിനിമയിൽ നിന്ന് ഇടവേളയെടുത്തത്. മികച്ച രണ്ടാമത്തെ നടൻ, നിർമാതാവ് എന്ന വിഭാഗങ്ങളിൽ കേരള സർക്കാറിന്റെ ചലച്ചിത്ര പുരസ്കാരവും ഇന്നസെന്റ് സ്വന്തമാക്കി. അസുഖത്തോട് പൊരുതുമ്പോളും തമാശ നിറഞ്ഞ സംസാരവും പൊട്ടിച്ചിരിയും ഇന്നസെന്റിനെ വ്യത്യസ്തനാക്കി. കാൻസർ അനുഭവങ്ങൾ പങ്കുവച്ചുകൊണ്ട് ഇന്നസെന്റ് എഴുതിയ ‘കാൻസർ വാർഡിലെ ചിരി’ എന്ന പുസ്തകം ഏറെ ശ്രദ്ധ നേടി.

‘നെല്ല്’ എന്ന ചിത്രത്തിലാണ് ഇന്നസെന്റ് ആദ്യമായി മുഖം കാണിച്ചത്. അഞ്ചു പതിറ്റാണ്ടോളം നീളുന്ന അഭിനയജീവിതത്തിനിടെ 500ൽ ഏറെ ചിത്രങ്ങളുടെ ഭാഗമായി. ഹാസ്യ റോളുകളിൽ തിളങ്ങിയതിനൊപ്പം തന്നെ വില്ലനായും സ്വാഭാവ നടനായും ഇന്നസെന്റ് മലയാളികൾക്കു മുൻപിലെത്തി. മലയാള ചലച്ചിത്ര ലോകത്ത് മാത്രമല്ല ഹിന്ദി, ഇംഗ്ലീഷ്, തമിഴ്, കന്നഡ തുടങ്ങിയ ഭാഷകളിലും ഇന്നസെന്റ് തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. 2014 ൽ ഇരിങ്ങാലക്കുട എന്ന തന്റെ സ്വന്തം പ്രദേശത്തു നിന്ന് എം പിയായി പാർലമെന്റിലും ഇന്നസെന്റ് തന്റെ സാന്നിധ്യം അറിയിച്ചു.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Actor innocent funeral on tuesday

Best of Express