പുതുച്ചേരി: പുതുച്ചേരിയിൽ വ്യാജവിലാസത്തിൽ ആഡംബര കാർ റജിസ്റ്റർ ചെയ്ത് നികുതി വെട്ടിപ്പ് നടത്തിയ താരങ്ങളിൽ ഫഹദ് ഫാസിലും. മാതൃഭൂമി ന്യൂസ് നടത്തിയ അന്വേഷണത്തിലാണ് ഫഹദ് നികുതി വെട്ടിപ്പ് നടത്തിയതായി കണ്ടെത്തിയത്.

ഫഹദിന്റെ ആഡംബര കാറായ മേഴ്സിഡസ് ഇ ക്ലാസ് ബെൻസിന് 70 ലക്ഷം രൂപ വിലവരും. കേരളത്തിൽ കാർ റജിസ്റ്റർ ചെയ്യുന്നതിന് 14 ലക്ഷം രൂപ നികുതിയായി നൽകണം. പുതുച്ചേരിയിൽ ഒന്നര ലക്ഷം രൂപ നൽകിയാൽ കാർ റജിസ്റ്റർ ചെയ്യാം. എന്നാൽ പുതുച്ചേരിയിൽ താമസിക്കുന്ന ആളുടെ പേരിൽ മാത്രമേ കാർ റജിസ്റ്റർ ചെയ്യാൻ സാധിക്കൂ. ഈ ചട്ടം ലംഘിച്ചാണ് വ്യാജമേൽവിലാസം ഉണ്ടാക്കി ഫഹദ് കാർ പുതുച്ചേരിയിൽ കാർ റജിസ്റ്റർ ചെയ്തിരിക്കുന്നത്.

പുതുച്ചേരി ആർടി ഓഫിസിലെ രേഖകളിൽ നമ്പര്‍ -16, സെക്കന്‍ഡ് ക്രോസ്സ് റോഡ്, പുതുപ്പേട്ട്, ലാസ്‌പേട്ട്, പുതുച്ചേരി എന്ന വിലാസമാണ് ഫഹദ് നൽകിയിരിക്കുന്നത്. ഫഹദ് ഫാസിലിന്റെ പുതുച്ചേരിയിലെ ഈ വിലാസത്തിലുളള വീട് അന്വേഷിച്ചുപോയ മാതൃഭൂമി സംഘത്തിനോട് ഫഹദ് ഫാസിലിനെ അറിയില്ല എന്നാണ് വീട്ടുടമസ്ഥ പറഞ്ഞത്. വ്യാജ മേൽവിലാസത്തിൽ പുതുച്ചേരിയിൽ റജിസ്റ്റർ ചെയ്ത ആഡംബര കാർ കേരളത്തിൽ ഫഹദ് ഫാസിൽ തുടർച്ചയായി ഉപയോഗിച്ചിട്ടും നടപടിയെടുക്കാൻ മോട്ടോർ വാഹന വകുപ്പ് അധികൃതർ ഇതുവരെ തയാറായിട്ടില്ല.

നടി അമല പോളും പോണ്ടിച്ചേരിയിൽ വാഹനം റജിസ്റ്റർ ചെയ്ത് നികുതി വെട്ടിപ്പ് നടത്തിയതായി ഇന്നലെ മാതൃഭൂമി ന്യൂസ് പുറത്തുവിട്ടിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ