നടനും സംവിധായകനുമായ പൃഥ്വിരാജിന് കോവിഡ് സ്ഥിരീകരിച്ചു. ‘ജനഗണമന’ എന്ന പുതിയ സിനിമയുടെ ചിത്രീകരണത്തിനിടെയാണ് താരത്തിന് കോവിഡ് സ്ഥിരീകരിച്ചത്. ചിത്രത്തിന്റെ സംവിധായകൻ ഡിജോ ജോസ് ആന്റണിക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

കുറച്ചു ദിവസങ്ങളായി കൊച്ചിയിൽ ചിത്രത്തിന്റെ ഷൂട്ടിങ് നടന്നുകൊണ്ടിരിക്കുകയായിരുന്നു. അതിനിടയിലാണ് താരത്തിനും സംവിധായകനും കോവിഡ് സ്ഥിരീകരിച്ചത്. ചിത്രത്തിന്റെ ഷൂട്ടിങ്ങ് താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണ് ഇപ്പോൾ.

“”ഒക്ടോബർ ഏഴു മുതൽ ഡിജോ ജോസ് ആന്റണിയുടെ ‘ജനഗണമന’ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിലായിരുന്നു ഞാൻ. കോവിഡ് മാനദണ്ഡങ്ങളെല്ലാം കർശനമായി പാലിച്ചുകൊണ്ടാണ് ഞങ്ങൾ ഷൂട്ടിങ് മുന്നോട്ടകൊണ്ടുപോയത്. ചിത്രീകരണം തുടങ്ങുന്നതിന് മുൻപ് എല്ലാവരും കോവിഡ് ടെസ്റ്റ് നടത്തിയിരുന്നു. കോർട്ട് റൂം ഷൂട്ട് കഴിഞ്ഞതിന്റെ അവസാനദിവസം വീണ്ടും ഞങ്ങൾ ടെസ്റ്റ് നടത്തി. നിർഭാഗ്യവശാൽ, ടെസ്റ്റ് പോസിറ്റീവ് ആവുകയും ഞാൻ ഐസൊലേഷനിൽ പ്രവേശിച്ചിരിക്കുകയുമാണ്. ലക്ഷണങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല, മറ്റ് ബുദ്ധിമുട്ടുകളുമില്ല.” കോവിഡ് പോസിറ്റീവ് വാർത്ത സ്ഥിരീകരിച്ചു കൊണ്ട് പൃഥ്വിരാജ് പറയുന്നു.

താനുമായി ഇടപഴകിയവരും ഐസൊലേഷനിൽ പ്രവേശിക്കുകയും ടെസ്റ്റ് നടത്തുകയും ചെയ്തിട്ടുണ്ടെന്നും താര്യം വ്യക്തമാക്കി.

 

View this post on Instagram

 

A post shared by Prithviraj Sukumaran (@therealprithvi) on

ചിത്രത്തിലെ സഹതാരങ്ങളായ സുരാജ് വെഞ്ഞാറമൂട് അടക്കമുള്ള അഭിനേതാക്കളും അണിയറപ്രവർത്തകരും ക്വാറന്റൈനിൽ പ്രവേശിച്ചിട്ടുണ്ട്. താൻ സ്വയം ക്വാറന്റൈനിലേക്ക് മാറുകയാണെന്ന് സുരാജ് അറിയിച്ചു.

പ്രിഥ്വിരാജിനും സംവിധായകൻ ഡിജോ ജോസിനും ആന്റണിക്കും കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ അവരുമായി സമ്പർക്കം ഉണ്ടായതിനാലും ഷൂട്ടിംഗ് സമയത്ത് ആ ചിത്രത്തിന്റെ ഭാഗമായിരുന്നതിനാലും സ്വയം ക്വാറന്റൈനിലേക്ക് മാറുകയാണെന്ന് സുരാജ് ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ കുറിച്ചു. താനുമായും ജനഗണമന യുടെ അണിയറപ്രവർത്തകരുമായും സമ്പർക്കം വന്നവർ നിർബന്ധിത ക്വാറന്റൈനിൽ പോവണമെന്നും എന്തെങ്കിലും ലക്ഷണങ്ങൾ ഉള്ളവർ എത്രയും പെട്ടന്ന് ടെസ്റ്റ് ചെയ്യണമെന്നും സുരാജ് പറഞ്ഞു.

Read more: നന്ദി പറയാൻ വാക്കുകളില്ല; ആശുപത്രി ദിനങ്ങളെക്കുറിച്ച് തമന്ന

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.