കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവത്തിന് പിന്നൽ ദിലീപാണെന്ന് താൻ വിശ്വസിക്കുന്നില്ലെന്ന് നടനും സംവിധായകനുമായ ലാൽ. ഈ കേസിൽ പ്രതി പിടിക്കപ്പെടുന്നത് വരെ ദിലീപ് കടുത്ത മനോവിഷമമാണ് അനുഭവിച്ചതെന്നും ലാൽ പറഞ്ഞു. കേസിൽ സ്ത്രീയാണ് ക്വട്ടേഷൻ നൽകിയതെന്ന് നടിയോട് അക്രമികൾ പറഞ്ഞിരുന്നു. ഇക്കാര്യം അന്വേഷിച്ച് യാഥാർത്ഥ്യം പുറത്തുകൊണ്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

“ഗോവയിൽ നടിയോടൊപ്പം പോയതാണ് പൾസർ സുനി. അവിടെ വളരെ കുറച്ച് ആളുകൾ മാത്രമാണ് ഷൂട്ടിംഗിന്റെ ഭാഗമായി ഉണ്ടായിരുന്നത്. ഇവർക്കെല്ലാം വളരെയേറെ താത്പര്യമുള്ള വ്യക്തിയായിരുന്നു സുനിൽ. ഡ്രൈവറായിരുന്നെങ്കിലും സെറ്റിൽ എന്ത് ജോലി ചെയ്യാനും അയാൾ സന്നദ്ധനായിരുന്നു. നടിയും വളരെ ആത്മവിശ്വാസത്തോടെയാണ് ഇയാൾക്കൊപ്പം വാഹനത്തിൽ പോയിട്ടുള്ളത്. എന്നാൽ യഥാർത്ഥ സ്വഭാവം മനസ്സിലായത് ഇപ്പോഴാണ്.”

തനിക്കോ തന്റെ പ്രൊഡക്ഷൻ കൺട്രോളർക്കോ ഇയാളുടെ യഥാർത്ഥ സ്വഭാവം മനസ്സിലാക്കാൻ ദിവ്യദൃഷ്ടിയില്ലെന്ന് ലാൽ പറഞ്ഞു. “എന്റെ തലയിൽ തേങ്ങ വീഴില്ല, എന്നെ കാറിടിക്കില്ലെന്ന വിശ്വാസത്തിലാണ് നമ്മൾ പുറത്തേക്ക് പോകുന്നത്.   എന്നാൽ ഈ വിശ്വാസം  തകർന്നു. മകൾ ഊബർ ടാക്സി വിളിച്ചാണ് എവിടേക്കും പോവുകയും വരികയും ചെയ്തുകൊണ്ടിരുന്നത്. ഇപ്പോൾ ഭയം മൂലം അവളെ വിശ്വസ്തനായ ഡ്രൈവർ തന്നെയാണ് കൊണ്ടുവിടുന്നതും കൂട്ടിക്കൊണ്ടുവരുന്നതും.”

“വളരെയധികം ദൈവാധീനമുള്ള താരമാണ് ആക്രമിക്കപ്പെട്ട നടി. അവർക്ക് നല്ല മനസ്സുള്ള ഒരു വരനെ തന്നെ ലഭിച്ചുവെന്നത് ഈ ഘട്ടത്തിൽ വളരെയധികം സന്തോഷം നൽകുന്നു. അവർ സിനിമയിലേക്ക് തിരിച്ച് വരും. അതേസമയം സംഭവത്തിന് പിന്നിലെ യഥാർത്ഥ പ്രതികളെ പിടികൂടണം. ഇതൊരു ക്വട്ടേഷനാണെന്ന നടിയോട് പ്രതികൾ പറഞ്ഞിരുന്നത്. ഇത്, അന്വേഷിക്കണം. ഇതിന് പിന്നിൽ ഗൂഢാലോചനയുണ്ട്. ഒരു സ്ത്രീയാണ് ക്വട്ടേഷൻ നൽകിയതെന്ന് അവർ തട്ടിക്കൊണ്ടുപോകുന്നതിനിടെ അബദ്ധത്തിൽ പറഞ്ഞതായാണ് ഞാൻ കരുതുന്നത്. ഇക്കാര്യം വ്യക്തമായി അന്വേഷിക്കണം. എന്നാൽ സംഭവത്തിൽ നടൻ ദിലീപിനെ ക്രൂശിക്കുന്നതിനോട് യോജിപ്പില്ല. ഈ വാർത്തയറിഞ്ഞതിന് ശേഷം കടുത്ത മാനസിക വിഷമത്തിലാണ് ദിലീപ് ഉള്ളത്.”

സംഭവം നടന്ന ദിവസം മാർട്ടിനെ സംശയിക്കാൻ തോന്നിയതു കൊണ്ടാണ് ഇന്ന് കേസിലെ പ്രതികളെ പിടികൂടാൻ സാധിച്ചത്. ” നടിയെ എന്റെ വീട്ടിലാക്കിയ ശേഷം ഇയാൾ നടന്ന് പുറത്തേക്ക് പോയി. ഞാൻ പുറകേ ചെന്ന് ഇയാളെ റോഡിൽ വച്ച് പിടികൂടുകയായിരുന്നു. എനിക്ക് വയ്യ, ആശുപത്രിയിൽ പോകണം, അവരെന്നെ അടിവയറ്റിൽ ചവിട്ടി എന്നെല്ലാം അവൻ പറഞ്ഞു.  ഞാനും അഭിനേതാവായത് കൊണ്ടാവാം എനിക്ക് അയാൾ പറഞ്ഞതിൽ ഒന്നും വിശ്വാസം വന്നില്ല. ഇവിടിരിക്കട്ടെ, ഇവൻ ചത്തുപോകില്ലെന്ന് ഞാൻ വീട്ടുകാരോട് പറഞ്ഞു. അവനിൽ അപ്പോൾ തന്നെ എനിക്ക് സംശയം ഉണ്ടായിരുന്നു. അങ്ങിനെ സംശയം തോന്നിയത് കൊണ്ടാണ് ആദ്യ ദിവസം തന്നെ പ്രതികളെ തിരിച്ചറിയാൻ സാധിച്ചത്. അതൊരു മഹാഭാഗ്യമായി കരുതുന്നു”

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.