കൊച്ചി: നടിയെ ആക്രമിച്ച കേസിലെ വിചാരണ വൈകിപ്പിക്കാൻ മുഖ്യപ്രതികളിലൊരാളായ ദിലീപ് ശ്രമിക്കുന്നുവെന്ന് സർക്കാർ ഹൈക്കോടതിയിൽ. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ദിലീപ് സമർപ്പിച്ച ഹർജി വിചാരണ വൈകിപ്പിക്കാൻ ലക്ഷ്യമിട്ടാണെന്നും സർക്കാർ സത്യവാങ്മൂലം സമർപ്പിച്ചു.

ഏത് ഏജൻസി കേസ് അന്വേഷിക്കണമെന്ന് ആവശ്യപ്പെടാൻ പ്രതിക്ക് അവകാശമില്ലെന്ന് സർക്കാർ അഭിഭാഷകൻ കോടതിയിൽ പറഞ്ഞു. രേഖകൾ കിട്ടിയിട്ടില്ലെന്ന കാരണം ചൂണ്ടിക്കാട്ടി ഹർജികൾ സമർപ്പിക്കുന്നതും വിചാരണ വൈകിപ്പിക്കാനുള്ള തന്ത്രമാണെന്നും അഭിഭാഷകൻ കുറ്റപ്പെടുത്തി. കേസിൽ വിവിധ ആവശ്യങ്ങളുന്നയിച്ച് 11 ഹർജികളാണ് ദിലീപ് സമർപ്പിച്ചിട്ടുളളത്.

ആക്രമണത്തിന് ഇരയായ നടിയെ ബുദ്ധിമുട്ടിക്കാനാണ് പ്രതിയായ ദിലീപ് ശ്രമിക്കുന്നതെന്ന് സർക്കാർ കുറ്റപ്പെടുത്തി. ആക്രമണത്തിനിരയായ നടിക്കും മുൻ ഭാര്യ മഞ്ജു വാര്യർക്കുമെതിരെ ദിലീപ് അടിസ്ഥാന രഹിതമായ ആരോപണങ്ങൾ ഉന്നയിക്കുന്നുവെന്നും, സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി തള്ളണമെന്നും സർക്കാർ അഭിഭാഷകൻ കോടതിയിൽ ആവശ്യപ്പെട്ടു. ഇതേ തുടർന്ന് ഹർജി പരിഗണിക്കുന്നത് ഈ മാസം 23ലേക്കു മാറ്റി.

നടി ആക്രമിക്കപ്പെട്ട കേസിൽ പൊലീസ് അന്വേഷണം നീതിയുക്തമല്ലെന്നാരോപിച്ചാണ് സിബിഐ അന്വേഷണം ആവശ്യപ്പെട്ട്  ദിലീപ് വീണ്ടും കോടതിയെ സമീപിച്ചത്.  പ്രത്യേക അന്വേഷണ സംഘത്തിന്റെ കണ്ടെത്തലുകൾ ശരിയല്ലെന്നാണ് ദിലീപിന്റെ പ്രധാന ആരോപണം. ഇവ കെട്ടിച്ചമച്ചതാണെന്ന് പറഞ്ഞ ദിലീപ് പക്ഷപാതപരമായ അന്വേഷണമാണ് കേസിൽ നടന്നതെന്നും ആരോപിച്ചിട്ടുണ്ട്.

നടിയെ വാഹനത്തിൽ വച്ച് ആക്രമിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ പകർത്തിയ ഫോൺ കണ്ടെത്തിയിട്ടില്ല, ലഭിച്ച മെമ്മറി കാർഡിലെ ദൃശ്യങ്ങൾ ശാസ്ത്രീയ പരിശോധനയ്‌ക്ക് വിധേയമാക്കിയിട്ടില്ല, മുഖ്യപ്രതി പൾസർ സുനിയുടെ മൊഴിയിൽ തന്റെ പേരില്ല, തന്നെ മനഃപൂർവ്വം കുടുക്കിയതാണ്, അതിനാൽ സിബിഐ അന്വേഷണം വേണം എന്ന് ഹർജിയിൽ ആവശ്യപ്പെടുന്നു.

കഴിഞ്ഞ വർഷം ഫെബ്രുവരി 17 നാണ് നടിയെ തൃശ്ശൂരിൽ നിന്നും എറണാകുളത്തേക്കുളള യാത്രാമധ്യേ അത്താണിയിൽ നിന്നും തട്ടിക്കൊണ്ടുപോയത്. പിന്നീട് വാഹനത്തിൽ എറണാകുളം നഗരത്തിൽ ചുറ്റിക്കറങ്ങിയ സംഘം ഇവരെ ആക്രമിച്ചുവെന്നാണ് കേസ്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ