പത്തനംതിട്ട: യുവനടി ആക്രമിക്കപ്പെട്ട കേസിൽ ജാമ്യത്തിൽ ഇറങ്ങിയതിന് ശേഷം നടൻ ദിലീപ് ശബരിമലയിൽ എത്തി. ഇന്ന് പുലർച്ചെ ആറിന് ശബരിമലയിലെത്തിയ ദിലീപ് സന്നിധാനത്ത് ദർശനം നടത്തിയ ശേഷം ക്ഷേത്രം മേൽശാന്തിയേയും കണ്ടു. മേൽശാന്തിയുമായി സംസാരിച്ചതിനു ശേഷം ദിലീപ് ക്ഷേത്രത്തിൽ നിന്നും മടങ്ങുകയും ചെയ്തു. ഏതാനും സുഹൃത്തുക്കൾക്ക് ഒപ്പം ഇരുമുടി കെട്ടേന്തിയാണ് ദിലീപ് മല ചവിട്ടിയത്. ദിലീപ് നെയ്യഭിഷേകവു പുഷ്പാഭിഷേകവും മറ്റ് വഴിപാടും നടത്തി.

നടിയെ ആക്രമിച്ച കേസിൽ ജാമ്യത്തിൽ പുറത്തിറങ്ങിയശേഷം ദിലീപ് ആദ്യം പോയത് ആലുവ എട്ടേക്കർ സെന്റ് ജൂഡ് പുണ്യാളന്റെ അടുത്തേക്കായിരുന്നു. പളളിയിലെത്തിയ ദിലീപ് മുഴുവൻ കുർബാനയും കഴിഞ്ഞശേഷമാണ് മടങ്ങിയത്. പളളിയുടെ പ്രവേശന കവാടത്തിനു മുന്നിലായി സ്ഥാപിച്ചിട്ടുളള തിരു സ്വരൂപത്തിനു മുന്നിൽ മെഴുകുതിരികൾ കത്തിച്ച് പ്രാർഥിച്ചശേഷമാണ് പളളിക്ക് അകത്തേക്ക് ദിലീപ് പോയത്. കുർബാനയിൽ മുഴുവൻ പങ്കെടുത്തശേഷം പളളി ഓഫീസിലെത്തി കുർബാനയ്ക്കും നൊവേനയ്ക്കുമുളള പണം അടച്ചു. അതിനുശേഷം പളളി വികാരിയെ കണ്ട് അനുഗ്രഹം വാങ്ങി. സുഹൃത്തുക്കൾക്കൊപ്പമാണ് ദിലീപ് പളളിയിൽ എത്തിയത്.

(വിഡിയോ കടപ്പാട്: മനോരമ ന്യൂസ്)

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ