കൊച്ചി: തനിക്കെതിരായ വധഗൂഢാലോചന കേസ് റദ്ദാക്കണമെന്ന ഹര്‍ജിയുമായി നടന് ദിലീപ് ഹൈക്കോടതിയെ സമീപിച്ചു. മുതിര്‍ന്ന അഭിഭാഷകന് ബി.രാമന് പിള്ള മുഖേനയാണ് ഹര്‍ജി സമര്‍പ്പിച്ചത്.
നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ കൊലപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന തനിക്കെതിരായ കേസ് കെട്ടിച്ചമച്ചതാണെന്നു ദിലീപ് ഹര്‍ജിയില്‍ പറയുന്നു. ആരോപണങ്ങള്‍ക്കു തെളിവുകളില്ല.
നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥന് ബൈജു പൗലോസും സംവിധായകന് ബാലചന്ദ്രകുമാറും തനിക്കെതിരെ ഗൂഢാലോചന നടത്തി കേസ് കെട്ടിച്ചമച്ചിരിക്കുകയാണ്. ഇരുവരും വ്യക്തിവിരോധം തീര്‍ക്കുകയാണ്. ഡിജിപി ബി സന്ധ്യ, എഡിജിപി എസ് ശ്രീജിത്ത് എന്നിവരുടെ അറിവോടെയാണ് തനിക്കെതിരെ ഗൂഢാലോചന നടന്നിരിക്കുന്നത്.
നടിയെ ആക്രമിച്ചക്കേസിന്റെ വിചാരണ അട്ടിമറിക്കുകയാണ് പുതിയ കേസിന്റെ പിന്നിലെ ലക്ഷ്യം. എഫ്ഐആര്‍ റദ്ദാക്കണം. ഏതെങ്കിലും കാരണവശാല്‍ കേസ് റദ്ദാക്കാൻ കഴിയില്ലെങ്കിൽ അന്വേഷണം സിബിഐയ്ക്കു കൈമാറണമെന്നും ദിലീപ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടു.
എഫ്ഐആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുമെന്നു മുന്‍കൂര്‍ ജാമ്യം ലഭിച്ചതിനുപിന്നാലെ പ്രതിഭാഗം വ്യക്തമാക്കിയിരുന്നു. നടി ആക്രമിക്കപ്പെട്ട കേസില്‍ തെളിവില്ലെന്ന് അന്വേഷണ സംഘത്തിനു മനസിലായപ്പോള്‍ ദിലീപിനെ കുടുക്കാന്‍ പൂര്‍ണമായി കെട്ടിച്ചമച്ച കേസാണ് പുതിയ കേസെന്നായിരുന്നു മുന്‍കൂര്‍ ജാമ്യം ലഭിച്ചതിനുപിന്നാലെ പ്രതിഭാഗം അഭിഭാഷകന് ബി രാമന്‍പിള്ള പ്രതികരിച്ചത്. ദിലീപിനെ കസറ്റഡിയില്‍ വാങ്ങി കള്ളത്തെളിവുണ്ടാക്കാന്‍ കെട്ടിച്ചമാണ് ഈ കേസ്. പൊലീസ് സംവിധാനം ഉപയോഗിച്ച് പ്രതിയാക്കാന്‍ നോക്കി. അന്വേഷണ ഉദ്യോഗസ്ഥനുമായി ചേര്‍ന്ന് തയാറാക്കിയ തിരക്കഥയാണെല്ലാം എന്നും പ്രതിഭാഗം പറഞ്ഞിരുന്നു.
ഗൂഢാലോചന കേസില്‍ ദിലീപ് ഉള്‍പ്പെടെയുള്ള ആറ് കുറ്റാരോപിതര്‍ക്ക് ഹൈക്കോടതി ഫെബ്രുവരി ഏഴിനാണ് മുന്‍കൂര്‍ ജാമ്യം അനുവദിച്ച്ത്. കര്‍ശന ഉപാധികളോടെയാണ് ജസ്റ്റിസ് പി ഗോപിനാഥ് ജാമ്യം അനുവദിച്ചത്. ദിലീപടക്കമുള്ളവര്‍ അന്വേഷണവുമായി സഹകരിക്കണമെന്നും കോടതി അന്വേഷണത്തില്‍ ഇടപെടരുതെന്നും ഉത്തരവില്‍ പറഞ്ഞു.
എല്ലാവരും പാസ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കണം. ഉപാധികള്‍ ലംഘിച്ചാല്‍ അറസ്റ്റ് തേടി പ്രോസിക്യൂഷനു കോടതിയെ സമീപിക്കാമെന്നും ജസ്റ്റിസ് പി ഗോപിനാഥ് ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു.