കൊച്ചി: ദിലീപ് വിഷയത്തിൽ അമ്മ സംഘടന നിലവിൽ ഇടപെടേണ്ട കാര്യമില്ലെന്ന് നടൻ സിദ്ദിഖ്. ദിലീപിന്റെ മൊഴി രേഖപ്പെടുത്തുക മാത്രമാണ് പൊലീസ് ചെയ്തത്. ഊഹാപോഹങ്ങളുടെ പേരിൽ ദിലീപിനെ കുറ്റവാളിയാക്കരുത്. നടിക്കെതിരായ ആക്രമണം ഒരു കുറ്റമാണ്. അത് ചെയ്തയാളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കുറ്റപത്രം തയാറാക്കി കോടതിയിൽ നൽകിയിട്ടുണ്ട്. അയാൾ കുറ്റവാളിയാണെങ്കിൽ ശിക്ഷിക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. അമ്മ ജനറൽ ബോഡി യോഗത്തിൽ പങ്കെടുക്കാനെത്തിയപ്പോൾ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

തെറ്റ് ചെയ്യാത്ത ഒരാളാണെങ്കിൽ അയാളെ എന്തിനാണ് കുറ്റവാളിയാക്കാൻ നോക്കുന്നത്. ഇതിനു മുൻപ് ജഗതി ശ്രീകുമാറിനെതിരെയും ഇത്തരത്തിൽ ഒരു ആരോപണം ഉണ്ടായി. വിതുര പെൺവാണിഭക്കേസിൽ ജഗതി ആരോപണവിധേയനമായിരുന്നു. ഒരുപാട് പേർ അദ്ദേഹത്തെ കുറ്റപ്പെടുത്തി. ഒടുവിൽ കോടതി അദ്ദേഹത്തെ വെറുതെവിട്ടപ്പോൾ അദ്ദേഹം കുറ്റവാളിയല്ലാതെയായി. കോടതി ശിക്ഷിക്കപ്പെടുമ്പോൾ മാത്രമാണ് ഒരാൾ കുറ്റവാളിയാകുന്നത്. പൾസർ സുനി ആരുടെ വേണമെങ്കിലും പേര് പറയാം. ചിലപ്പോൾ എന്റെ പേര് പറയാം. അപ്പോൾ പൊലീസ് അവരെ വിളിച്ച് ചോദിക്കും. അതവരുടെ ജോലിയുടെ ഭാഗമാണ്.

ഈ വിഷയത്തിൽ സംഘടന ഇടപെടേണ്ട കാര്യമില്ല. അതൊരു കുറ്റമാണ്. അതിൽ ഇടപെടേണ്ടത് പൊലീസാണ്, സംഘടനയല്ല. ഇതിനെക്കുറിച്ച് സോഷ്യൽ മീഡിയയിൽ പറയുന്ന് വിടുവായിത്തരമാണ്. ഓരോരുത്തർക്കും തോന്നുന്നത് എഴുതി പിടിപ്പിക്കുന്ന ഒരു ഇടമാണ്. സലിം കുമാർ പറഞ്ഞതിന് അദ്ദേഹം തന്നെ മാപ്പു പറഞ്ഞു. ഇതിനൊക്കെ അമ്മ പ്രതികരിക്കേണ്ട കാര്യമില്ല.

ദിലീപ് വളരെ ആത്മവിശ്വാസത്തിലാണ്. മൊഴിയെടുക്കൽ പൊലീസിന്റെ ഒരു ഭാഗമാണ്. എക്സിക്യൂട്ടീവ് യോഗം കഴിഞ്ഞിട്ടും മൊഴിയെടുക്കൽ അവസാനിച്ചില്ലെന്നു ടിവിയിൽ കണ്ടപ്പോൾ എന്താ കാര്യമെന്നു അറിയാൻ തോന്നി. അതിനാലാണ് ആലുവ പൊലീസ് ക്ലബിൽ ചെന്നത്. ദിലീപിനെ വർഷങ്ങളായി അറിയാം. എന്റെ ഒരു സുഹൃത്തിന് ഒരു വിഷമം ഉണ്ടായാൽ ഞാൻ പോകുമെന്നും സിദ്ദിഖ് പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ