കൊച്ചി: പുരാവസ്തു തട്ടിപ്പുമായി ബന്ധപ്പെട്ട് പിടിയിലായ ചേര്‍ത്തല സ്വദേശി മോന്‍സണുമായി സൗഹൃദം ഉണ്ടായിരുന്നതായി നടന് ബാല. “കൊച്ചിയില്‍ താമസിച്ചിരുന്നപ്പോള്‍ അയല്‍വാസിയായിരുന്നു. ജീവകാരുണ്യ പ്രവൃത്തികള്‍ കണ്ടാണ് ആകൃഷ്ടനായത്. തട്ടിപ്പ് നടത്തുന്ന ഒരാളായി തോന്നിയിട്ടില്ല. മറ്റുള്ളവരില്‍ നിന്ന് പണം വാങ്ങിയിട്ടുണ്ടെങ്കില്‍ തിരിച്ചുകൊടുക്കാന്‍ അദ്ദേഹം ബാധ്യസ്ഥനാണ്. ഞാന്‍ അദ്ദേഹത്തെ പിന്തുണയ്ക്കുന്നില്ല,” ബാല മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.
ബാലയും മോന്‍സണിന്റെ ഡ്രൈവര്‍ അജിത്തും ഒരു കേസുമായി ബന്ധപ്പെട്ട് നടത്തിയ സംഭാഷണത്തിന്റെ ഓഡിയോ ക്ലിപ്പ് പുറത്ത് വന്നിരുന്നു. മോന്‍സണെതിരെ അജിത് കൊടുത്തിരുന്ന കേസ് പിന്‍വലിക്കണമെന്ന് ബാല ആവശ്യപ്പെട്ടിരുന്നു. നാല് മാസം മുന്‍പ് നടന്ന സംഭാഷണത്തിന്റെ വിശദാംശങ്ങളാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നതെന്നും ഇരുവരും തമ്മിലുള്ള പ്രശ്നങ്ങള്‍ പരിഹരിക്കാനാണ് താന്‍ ശ്രമം നടത്തിയതെന്നും ബാല സ്ഥിരീകരിച്ചു.
“മോന്സണ് ജോലിയില്‍ നിന്ന് പിരിച്ചുവിട്ടതിന് ശേഷം അജിത് ബന്ധപ്പെട്ടിരുന്നു. ശമ്പളം നല്‍കിയിട്ടില്ല എന്ന് അദ്ദേഹം പറഞ്ഞു. മോന്‍സണും അജിത്തും തമ്മിലുള്ള പ്രശ്നം പരിഹരിക്കാനാണ് ഞാന്‍ ശ്രമിച്ചത്. സന്തോഷത്തോടെ മുന്നോട്ട് പോകാന്‍ ഇരുവരോടും ആവശ്യപ്പെട്ടു. അതില്‍ കൂടുതലായൊന്നും ഞാന്‍ ചെയ്തിട്ടില്ല. തെറ്റുകരാനാണെങ്കില് ശിക്ഷിപ്പെടട്ടെ,” ബാല കൂട്ടിച്ചേര്‍ത്തു. അടുത്തിടെ നടന്ന ബാലയുടെ വിവാഹത്തില്‍ മോന്സണ് അതിഥിയായി എത്തിയിരുന്നു.