കൊച്ചി: അച്ഛന്റെ ശ്രാദ്ധത്തിന് പങ്കെടുക്കാൻ ദിലീപിന് അനുമതി. അങ്കമാലി മജിസ്ട്രേറ്റ് കോടതിയാണ് ദിലീപിന് അനുമതി നൽകിയത്. ബുധനാഴ്ച ദിലീപിന് ജയിലിനു പുറത്തിറങ്ങി അച്ഛന്റെ ശ്രാദ്ധത്തിന് ബലിയിടാം. വീട്ടിലും ആലുവ മണപ്പുറത്തുമായാണ് ചടങ്ങുകൾ നടന്നത്. ഇവിടെ രണ്ടിടങ്ങളിലെയും ചടങ്ങുകളിൽ പങ്കെടുക്കാൻ 2 മണിക്കൂറാണ് ദിലീപിന് കോടതി അനുമതി നൽകിയത്.

ഈ മാസം ആറാം തീയതിയാണ് ദിലീപിന്റെ അച്ഛന്റെ ശ്രാദ്ധം. 7 വർഷമായി അച്ഛന്റെ ശ്രാദ്ധ ചടങ്ങുകൾ മുടക്കിയിട്ടില്ലെന്നും അത് നിർവഹിക്കാൻ വീട്ടിലേക്ക് പോകാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് ദിലീപ് അങ്കമാലി മജിസ്ട്രേറ്റ് കോടതിയിൽ അപേക്ഷ നൽകിയത്.

ദിലീപിന്റെ അപേക്ഷയെ പ്രോസിക്യൂഷൻ എതിർത്തിരുന്നു. ദിലീപിനെ ജയിലിന് പുറത്ത് വിടാൻ അനുവദിക്കരുതെന്നും കഴിഞ്ഞ വർഷം അച്ഛന്റെ ശ്രാദ്ധത്തിന് പങ്കെടുക്കാൻ ദിലീപ് എത്തിയിരുന്നില്ലെന്നും പ്രോസിക്യൂഷൻ വാദിച്ചു. ഇപ്പോൾ ഇത്തരമൊരു ആവശ്യവുമായി എത്തിയതിൽ ദുരൂഹതയുണ്ടെന്നും പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചു.

അതിനിടെ, നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിന്റെ റിമാന്‍ഡ് കാലാവധി ഇന്ന് അവസാനിക്കും. റിമാന്‍ഡ് നീട്ടുന്നതടക്കമുളള കോടതി നടപടികള്‍ വിഡിയോ കോണ്‍ഫറന്‍സിങ് വഴി നടക്കും. 14 ദിവസത്തേക്ക് കൂടി ദിലീപിന്റെ റിമാൻഡ് നീട്ടാനാണ് സാധ്യത.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ