തിരുവനന്തപുരം: കേരളാ പൊലീസ് രണ്ട് പ്രതികളെ പിടികൂടാൻ എറണാകുളം എ സി ജെ എം കോടതിയിൽ നടപ്പാക്കിയത് പൊലീസിന്റെ ജനാധിപത്യവിരുദ്ധമുഖമാണ് എന്ന വിമർശനമാണ് ഉയരുന്നത്. നിലവിൽ തന്നെ പൊലീസ് നടപടികൾ സർക്കാരിന് തലവേദന സൃഷ്ടിക്കുന്നതിനിടയിലാണ് ഈ സംഭവം.

കോടതിയുടെ അധികാരത്തിലുള്ള പൊലീസിന്റെ കടന്നുകയറ്റം പുതിയ ഭരണാഘടപരമായ പ്രശ്നങ്ങൾ കൂടി ഉയർത്തും. നിയമസഭ നടക്കുന്ന സമയത്ത് പൊലീസ് നടപടി സർക്കാരിനെ പ്രതിരോധത്തിലാക്കും. കോടതിക്ക് ഉളളിൽ കയറുന്നതുവരെ പൾസർ സുനിയെയും കൂട്ടുപ്രതി വിജീഷിനെയും കണ്ടെത്താൻ കഴിയാതിരുന്ന പൊലീസ് ചേംബറിൽ മജിസ്ട്രേറ്റ് ഇല്ലാതിരുന്ന എന്ന ഒറ്റക്കാരണത്താൽ അവിടെ നിന്നും അറസ്റ്റ് ചെയ്ത നടപടി കൂടുതൽ വിവാദങ്ങളിലേയ്ക്കായിരിക്കും നയിക്കുക.

കഴിഞ്ഞ വെളളിയാഴ്ച രാത്രി നടന്ന സംഭവത്തിൽ പ്രതികളെ പിടികൂടാൻ കഴിയാതിരുന്ന പൊലീസിന്റെ പ്രവർത്തനം ഏറെ വിമർശനത്തിന് വഴിവച്ചിരുന്നു. കഴിഞ്ഞദിവസം സുനി കീഴടങ്ങാൻ കോടതിയിൽ വരുമെന്ന് പ്രതീക്ഷിച്ചിരുന്നുവെങ്കിലും വന്നില്ല. മുൻകൂർ ജാമ്യാപേക്ഷ കൊടുത്തിരുന്ന സുനിയും കൂട്ടാളികളും കോടതിയിൽ കീഴടങ്ങാൻ അനുവദിക്കാതെ അറസ്റ്റ് ചെയ്യുമെന്ന് ഭരണാധികാരികൾ പറഞ്ഞിരുന്നുവെങ്കിലും പൊലീസിന് ഇവരെ കണ്ടെത്താൻ സാധിച്ചിരുന്നില്ല.  ഇന്ന് തുടങ്ങിയ നിയമസഭ സമ്മേളനത്തിന്റെ വരും ദിവസങ്ങളിൽ കേരളത്തിന്റെ ക്രമസമാധാന തകർച്ചയുടെ വിഷയമായി ഇതുന്നയിക്കപ്പെടുമെന്ന് സർക്കാരിന് ഉറപ്പുള്ളതായിരുന്നു.

എന്നാൽ പതിമൂന്ന് കേസുകളിൽ പ്രതിയായ ഒരാളെ കീഴടങ്ങാൻ കോടതിയിലെത്തിയപ്പോൾ മാത്രം പിടികൂടാൻ കഴിഞ്ഞുളളൂവെന്നത് കേരളാ പൊലീസിന്റെ അഭിമാനത്തെ തന്നെ ചോദ്യം ചെയ്യുന്നതായി മാറുന്നതാണ്. അതിലേറെ കോടതിയിലേയ്ക്കുളള പൊലീസിന്റെ കടന്നുകയറ്റം എന്നത് നിയമപരമായ പുതിയ വിവാദങ്ങളിലേയ്ക്കായിരിക്കും നയിക്കുക. സർക്കാരിന് നിയമസഭയ്ക്ക് അകത്തും പുറത്തും സർക്കാരിന് തലവേദന സൃഷ്ടിക്കുന്നതുമായിരിക്കും ഈ നടപടി.

പൊതിവിൽ പൊലീസിനെതിരായ വിമർശനങ്ങളുണ്ടെങ്കിലും പ്രത്യേകിച്ച് കഴിഞ്ഞ അഞ്ച് മാസത്തിനുളളിൽ കേരളാ പൊലീസ് എടുത്ത നിരവധി നടപടികൾ ഭരണ മുന്നണിക്കുളളിൽപോലും പ്രതിഷേധത്തിനും വിമർശനത്തിനും വഴിയൊരുക്കിയിരുന്നു. പൊലീസ് കസ്റ്റിഡയിൽ നടന്ന അക്രമങ്ങൾ, നിലമ്പൂരിൽ മാവോയിസ്റ്റുകളെ വെടിവച്ചുകൊലപ്പെടുത്തിയത്. എറണാകുളത്ത് സി പി എം പ്രവർത്തകനെയും കുടുംബത്തെയും ആക്രമിച്ചത്. ദലിതർക്കു നേരെ വിവിധ സ്റ്റേഷനുകളിൽ നടന്ന അക്രമങ്ങൾ, ഈ​ മാസം എറണാകുളത്ത് മദ്യപിച്ചുവെന്നാരോപിച്ച് ചെറുപ്പക്കാരെ പൊലീസ് സ്റ്റേഷനിൽ കൊണ്ടുവന്ന് മർദ്ദിച്ചതായിരുന്നു​ ആ സംഭവം. സ്ഥലത്തുണ്ടായിരുന്ന പൊലീസ് കംപ്ളൈന്റ് അതോറിട്ടി ചെയർമാൻ കെ. നാരായണക്കുറുപ്പ് നേരിട്ട് സ്റ്റേഷനിലെത്തി കണ്ട അക്രമമായതിനാൽ ഉദ്യോഗസ്ഥനെതിരെ സ്ഥലമാറ്റ നടപടി ഉണ്ടായി. പൊലീസിന്റെ മനോവീര്യം തകർക്കുമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പരാമർശവും നേരത്തെവിവാദമായിരുന്നു. ജനങ്ങളുടെ മനോവീര്യവും ഇടതുപക്ഷത്തോടുളള വിശ്വാസവും  തകർക്കാൻ പൊലീസിനെ അനുവദിക്കരുതെന്ന പ്രസ്താവനുയമായി വി എസ് അച്യുതാനന്ദനാണ് രംഗത്തെത്തിയിരുന്നു. ഒപ്പം പൊലീസ് നടപടികളെ സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും സി പി എം പൊളിറ്റ് ബ്യൂറോ​ അംഗം എം എ ബേബിയും എതിർത്തിരുന്നു. ഇങ്ങനെയൊക്കെ പ്രതിരോധത്തിൽ നിൽക്കുമ്പോഴാണ് പൊലീസ് ഇപ്പോൾ കോടതിയിൽ കയറി പ്രതിയെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇത് കൂടുതൽ വിവാദങ്ങളിലേയ്ക്കായിരിക്കും വഴി തെളിക്കുക.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ