തൃശ്ശൂർ: സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാര്‍ നടത്തിവരുന്ന സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് രംഗതത്തെത്തുന്നവരുടെ എണ്ണം വർദ്ധിക്കുകയാണ്. സിനിമ മേഖലയിൽ നിന്നും നഴ്സുമാർക്ക് പിന്തുണയുമായി നിരവധി പേരാണ് എത്തുന്നത്. സ്വകാര്യ ആശുപത്രികളിലെ മാനേജ്മെന്റുകളുടെ കണ്ണ് തുറപ്പിക്കാൻ ഭൂമിയിലെ മാലാഖമാർ നടത്തുന്ന സമരത്തിന് ഐക്യദാർഢ്യവുമായി ഇപ്പോൾ അങ്കമാലി ഡയറീസിലൂടെ ശ്രദ്ധേയയായ നടി അന്ന രാജനും എത്തിയിരിക്കുകയാണ്. ലിച്ചി എന്ന കഥാപാത്രത്തിന്റെ പേരിലാണ് അന്ന രാജൻ അറിയപ്പെടുന്നത്. നടി സ്നേഹയും ലിച്ചിയോടൊപ്പം സമരപ്പന്തൽ സന്ദർശിക്കാനെത്തിയിരുന്നു.
അന്ന രാജൻ സിനിമയിൽ വരുന്നതിന് മുൻപ് നഴ്‌സായി ജോലി ചെയ്‌തിരുന്നു. അവരിൽ ഒരാൾ ആയതു കൊണ്ട് തന്നെ അവർ അനുഭവിക്കുന്ന പ്രയാസങ്ങൾ നന്നായി അറിയാമെന്ന് പ്രേക്ഷകരുടെ ലിച്ചി പറയുന്നു. ലാൽജോസ് സംവിധാനം ചെയ്യുന്ന മോഹൻ ലാൽ ചിത്രം ‘വെളിപാടിന്റെ പുസ്തക’ത്തിൽ നായികയായി അഭിനയിക്കുകയാണിപ്പോൾ താരം.
Read More: മലയാളിയുടെ ബ്രാൻഡ് അംബാസിഡർ സമരമിരിക്കുമ്പോൾ
അടിസ്ഥാന ശമ്പളം ഇരുപതിനായിരം രൂപയാക്കണമെന്നും വേതനം 50 ശതമാനം വര്‍ധിപ്പിക്കണമെന്നുമാണ് സഴ്സുമാരുടെ ആവശ്യം. അടിസ്ഥാന ശമ്പളം 50 ശതമാനം കൂട്ടാനാവില്ലെന്ന നിലപാടിലാണ് സ്വകാര്യ ആശുപത്രി മാനേജ്മെന്റുകള്‍. സുപ്രീംകോടതിയുടെയും സര്‍ക്കാര്‍ നിയോഗിച്ച വിവിധ കമ്മീഷനുകളുടെയും നിര്‍ദേശമുണ്ടായിട്ടും ശമ്പള വര്‍ധന നടപ്പാക്കാത്ത സ്വകാര്യ ആശുപത്രി നിലപാടിനെതിരെയാണ് നഴ്‌സുമാര്‍ സമരം പ്രഖ്യാപിച്ചത്. സുപ്രീംകോടതി മാര്‍ഗ നിര്‍ദേശമനുസരിച്ച് അടിസ്ഥാന ശമ്പളം 20,000 രൂപയായി ഉയര്‍ത്തണമെന്നാണ് നഴ്‌സുമാരുടെ ആവശ്യം.