കൊല്ലം: ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി സരോജ് പാണ്ഡെയുടെ കൊലവിളിക്കെതിരെ വ്യാപകമായ പ്രതിഷേധമാണ് കേരളത്തിൽ ഉയർന്ന് വരുന്നത്. ബിജെപി പ്രവർത്തകർക്ക് നേരെ കണ്ണുരുട്ടിയാൽ സിപിഎം പ്രവർത്തകരുടെ കണ്ണ് ചൂഴ്ന്നെടുക്കുമെന്നായിരുന്നു സരോജ് പാണ്ഡെയുടെ വെല്ലുവിളി. എന്നാൽ സരോജ് പാണ്ഡെയുടെ വെല്ലുവിളിക്കെതിരെ വ്യത്യസ്ഥമായ രീതിയിൽ പ്രതിഷേധം അറിയിച്ചിരിക്കുകയാണ് ചലച്ചിത്ര താരം അലൻസിയർ.

കണ്ണ് കുത്തിപ്പൊട്ടിക്കുമെന്ന ഭീഷണിയുള്ളതിനാല്‍ അലന്‍സിയര്‍ കൊല്ലം ചവറ പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കി. കണ്ണ് രണ്ടും കറുത്ത തുണി കൊണ്ട് കെട്ടിയായിരുന്നു അലന്‍സിര്‍ എത്തിയത്. താരത്തിന്റെ പരാതി പൊലീസ് സ്വീകരിച്ചിട്ടുണ്ട്.

സരോജ് പാണ്ഡെയുടെ കൊലവിളിക്കെതിരെ സമൂഹമാധ്യമങ്ങളിൽ വലിയ പ്രതിഷേധമാണ് ഉയരുന്നത്. ‘ഗൗജ് ഗാ’ എന്ന ഹാഷ് ടാഗ് ഇതിനകം ട്രെൻഡായി കഴിഞ്ഞു. സംവിധായകന്‍ കമല്‍ പാക്കിസ്ഥാനിലേക്ക് പോകണമെന്ന ബിജെപി നേതാവ് രാധാകൃഷ്ണന്‍റെ പ്രസ്താവനയില്‍ പ്രതിഷേധിച്ച് നേരത്തെ കാസര്‍കോട്‌ ഒറ്റയാള്‍ പോരാട്ടവും അലന്‍സിയര്‍ നടത്തിയിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ