scorecardresearch

നിഴലിൽ നിർത്തരുത്, കുറ്റപത്രം സമർപ്പിക്കുക അല്ലെങ്കിൽ കേസ് റദ്ദാക്കുക: തുഷാറും കൂപ്പറും സംസാരിക്കുന്നു

തങ്ങള്‍ക്കെതിരായ കുറ്റപത്രം സമര്‍പ്പിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് പ്രതികള്‍ ഉപവാസ സമരം ചെയ്യുക എന്ന അസാധാരണ സംഭവമാണ്. ഒരുപക്ഷേ, കേരളത്തിന്റെ നിയമചരിത്രത്തിലെ തന്നെ ആദ്യ സംഭവമായിരിക്കുമിത്

നിഴലിൽ നിർത്തരുത്, കുറ്റപത്രം സമർപ്പിക്കുക അല്ലെങ്കിൽ കേസ് റദ്ദാക്കുക: തുഷാറും കൂപ്പറും സംസാരിക്കുന്നു
thushar nirmal, jaison c cooper, iemalayalam

കേരളത്തിലെ ഒരുപക്ഷേ ഇന്ത്യയുടെ തന്നെ സമരചരിത്രങ്ങളിൽ തന്നെ വേറിട്ട ആവശ്യമുന്നിച്ചുള്ള ഒരുസമരത്തിനായിരിക്കാം എറണാകുളത്തെ വഞ്ചി സ്ക്വയർ സാക്ഷ്യം വഹിക്കുന്നത്. മാർച്ച് 15 ന് നീതി തേടി സമരം ചെയ്യുന്ന രണ്ട് മനുഷ്യാവകാശ പ്രവർത്തകരുടെ ആവശ്യം മലയാളിയുടെ മനഃസാക്ഷിയെ പ്രതിക്കൂട്ടിൽ നിർത്തുന്നതാണ്. 2015 ജനുവരിയില്‍ തങ്ങള്‍ക്കെതിരെ യുഎപിഎ പ്രകാരം രജിസ്റ്റര്‍ ചെയ്ത കേസ്സില്‍ ഏഴ് വര്‍ഷത്തെ അന്വേഷണത്തിന് ശേഷവും കുറ്റപത്രം സമര്‍പ്പിച്ചിട്ടില്ല. ഒന്നുകില്‍ അടിയന്തിരമായി കുറ്റപത്രം സമര്‍പ്പിക്കണമെന്നും അല്ലെങ്കില്‍ തങ്ങള്‍ക്കെതിരായ കേസ്സുകള്‍ റദ്ദാക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ടാണ് ഇരുവരും ഉപവാസം നടത്തുന്നത്.

മനുഷ്യാവകാശ പ്രവർത്തകരായ ഇരുവരെയും 47 ദിവസം ജയിലിലടച്ചു. ഒന്നര മാസം കഴിഞ്ഞിട്ടും ജാമ്യം നൽകാൻ പൊലീസ് തടസ്സം നിന്നതിനെതിരെ സമൂഹത്തിലുയർന്ന ശക്തമായ പ്രതിഷേധത്തെ തുടർന്ന് ഇരുവർക്കും ജാമ്യം ലഭിച്ചെങ്കിലും ഇവരിന്നും യു.എ പി എ കേസിലെ പ്രതികളായി തുടരുകയാണ്. ഇവരിൽ നിന്നും പിടിച്ചെടുത്ത മൊബൈൽ ഫോണുകളും കമ്പൂട്ടറുകളും പാസ്‌പോർട്ടു പോലും ഇതുവരെ തിരിച്ച് നൽകിയിട്ടില്ല. അവ പൊലീസ് കസ്റ്റഡിയിലാണ്. മാത്രമല്ല വിചാരണ കോടതിയുടെ മുൻ‌കൂർ അനുമതിയില്ലാതെ സംസ്ഥാനം വിട്ടുപോകരുത് എന്നതുൾപ്പടെ സഞ്ചാര സ്വാതന്ത്ര്യത്തെ നിയന്ത്രിക്കുന്ന ജാമ്യവ്യവസ്ഥകൾ ഇപ്പോഴും യാതൊരു ഇളവും നൽകാതെ തുടരുകയും ചെയ്യുന്നു. സർക്കാർ ജീവനക്കാരനായ ജെയ്സൺ സി കൂപ്പറിന്റെ അർഹതപ്പെട്ട ആനുകൂല്യങ്ങൾ കഴിഞ്ഞ ഏഴ് വർഷമായി നിഷേധിച്ചിരിക്കുകയാണെന്ന് അവർ പറയുന്നു.

ഭരണകൂടത്തിന് ഒപ്പം നിൽക്കാത്ത പൊതുപ്രവർത്തകരെയും ചിന്താശേഷി ഉള്ളവരെയും ഇല്ലാതാക്കാനും സമൂഹത്തിൽ നിന്നും അകറ്റി നിർത്താനും പൊലീസ് നടത്തുന്ന നിഴൽക്കുത്താണ് കേസ് എടുത്ത ശേഷം കുറ്റപത്രം നൽകാതെ അനന്തമായി കേസ് നീട്ടിക്കൊണ്ടു പോകുന്നതിന് പിന്നിലെന്ന് ഏറെക്കാലം മുമ്പേ തന്നെ വിവിധ മനുഷ്യാവകാശ സംഘടനകൾ ദേശീയതലത്തിലെ സംഭവങ്ങളുടെ അടിസ്ഥാനത്തിൽ തന്നെ ആക്ഷേപം ഉയർത്തിയിട്ടുണ്ട്. കേസ് കോടതിയിൽ എത്തിയാൽ കുറ്റാരോപിതർക്ക് തങ്ങളുടെ നിരപരാധിത്തം തെളിയിക്കാനുള്ള അവസരം ലഭിക്കും. അതിന് അവസരമുണ്ടാക്കാതിരിക്കാനുള്ള ഭരണകൂട കരുനീക്കങ്ങളിൽ കേരളത്തിലെ ഭരണസംവിധാനങ്ങളും വ്യത്യസ്തമല്ലെന്ന് വിവിധ കേസുകൾ ചൂണ്ടിക്കാട്ടി ഇവർ വിമർശനം ഉന്നയിക്കുന്നു.

നീതി തേടി, കുറ്റപത്രം നൽകണം അല്ലെങ്കിൽ കേസ് റദ്ദാക്കണം എന്ന ഇന്നുവരെ കേട്ടിട്ടില്ലാത്ത ആവശ്യം ഉന്നയിച്ച് സമരം ചെയ്യേണ്ടി വന്ന സാഹചര്യത്തെ കുറിച്ച് അഡ്വ. തുഷാർ നിർമ്മൽ സാരഥി, ജെയ്സൺ സി കൂപ്പർ, എന്നിവരും ജനകീയ മനുഷ്യാവകാശ പ്രസ്ഥാനത്തിന്റെ സംസ്ഥാന വൈസ് പ്രസിഡന്റും ഉപവാസ സമരത്തിന്റെ സംഘാടകയുമായ സുജാഭാരതിയും സംസാരിക്കുന്നു.

ഈ സമരത്തിന് പിന്നിലെ കാരണമെന്താണ്?

സുജാ ഭാരതി: നീണ്ട വർഷങ്ങൾ വിചാരണ കൂടാതെ തടവറയിൽ അടയ്ക്കപ്പെട്ടവരും അതിനുള്ളിൽ വെച്ച് ഇൻസ്റ്റിറ്റ്യൂഷണൽ കൊലപാതകത്തിന് ഇരയാവരും ഇപ്പോഴും തുറുങ്കിൽ തുടരുന്നവരുമായ സാമൂഹിക,, രാഷ്ട്രീയ, മനുഷ്യാവകാശ പ്രവർത്തകരുടെ ക്രൂരവും ദുരന്തപൂർണ്ണവുമായ ജീവിതചിത്രങ്ങൾ നമുക്ക് ഏറെ പരിചിതമാണ്. എന്നാല്‍ ജാമ്യം ലഭിച്ച് തടവറയിൽ നിന്ന് പുറത്തിറങ്ങിയാലും കാര്യമായ മാറ്റം സംഭവിക്കുന്നില്ല എന്നതാണ് തുഷാറും കൂപ്പറും ചൂണ്ടികാണിക്കുന്ന വസ്തുത. കുറ്റപത്രം സമർപ്പിക്കാതെ സംശയത്തിന്റെ നിഴലിൽ നിർത്തി മനുഷ്യാവകാശ-സാമൂഹികപ്രവര്‍ത്തകരുടെ സാമൂഹികവും വ്യക്തിപരവുമായ ബന്ധങ്ങളെ പരമാവധി ചുരുക്കാന്‍ യുഎപിഎ പ്രതി എന്ന അവസ്ഥ ഉപയോഗിക്കപ്പെടുന്നു. മൗലികാവകാശമായ സ്വകാര്യതയെ പോലും നിഷേധിക്കുന്ന വിധം നിരീക്ഷണത്തിനു വിധേയമാക്കിയും ജീവിതം തന്നെ ഒരു ശിക്ഷയാക്കി മാറ്റിയും ഭരണകൂടം ഇവരെ അടിച്ചമർത്തുകയാണ്. ജീവപര്യന്തം കുറ്റാരോപിതരായി തുടരേണ്ടിവരുന്ന ഇത്തരം ജീവിതാവസ്ഥകളെ പൊതുസമൂഹത്തിന് മുന്നിൽ എത്തിക്കുക എന്നത് പ്രധാനപ്പെട്ട ഒന്നാണ്.

വർഷങ്ങളായി അന്വേഷണം നടത്തിയിട്ടും ഇവരുടെ കേസ്സുകളില്‍ ഒരു കുറ്റവും കണ്ടെത്താൻ ഭരണകൂടത്തിന് കഴിഞ്ഞിട്ടില്ല എന്നത് വളരെ പ്രധാനമാണ്. എന്നാല്‍ കുറ്റപത്രം ഇല്ലാത്തതിനാല്‍ സ്വയം പ്രതിരോധിച്ച് തങ്ങളുടെ നിരപരാധിത്വം തെളിയിക്കാനുള്ള അവസരമാണ് നിഷേധിക്കപ്പെടുന്നത്. ഇത്തരം മനുഷ്യാവകാശ ലംഘനങ്ങളെ ചെറുക്കാൻ നമ്മുടെ ജനാധിപത്യ ബോധ്യത്തിന് സാധ്യമാകണം. അത്തരമൊരു ലക്ഷ്യം മുൻനിർത്തി രണ്ട് മനുഷ്യാവകാശ പ്രവർത്തകർ നടത്തുന്ന ഉപവാസമാണിത്. ഇത് അവർക്ക് വേണ്ടി മാത്രമുള്ള സമരമല്ല, നീതിക്കും, ജനാധിപത്യത്തിനും അറിയപ്പെടുന്നതും അറിയപ്പെടാത്തുമായി നിരവധി മനുഷ്യർക്ക് വേണ്ടിയുള്ളതാണ് എന്ന ബോധ്യം കൂടെയാണ് ഈ സമരത്തിനൊപ്പം നിൽക്കാൻ പ്രേരിപ്പിക്കുന്നത്.

നിങ്ങൾ രണ്ടുപേർക്കുമെതിരെ കേസെടുത്ത വകുപ്പുകൾ ഏതെല്ലാമാണ് അവയ്ക്ക് ലഭിക്കാവുന്ന കൂടിയ ശിക്ഷ എന്താണ്?

തുഷാർ നിർമ്മൽ സാരഥി : എനിക്കെതിരെ ചുമത്തിയ കുറ്റങ്ങൾ യു എ പി എ നിയമത്തിലെ 10, 13 എന്നീ വകുപ്പുകൾ പ്രകാരമാണ്. ജെയ്സൺ സി കൂപ്പറിനെതിരെ ചുമത്തിയത് 13 ആം വകുപ്പ് പ്രകാരമുള്ള കുറ്റമാണ്.
യു എ പി എ 10 ആം വകുപ്പ് നിരോധിത സംഘടനയിൽ അംഗമാകുന്നത് കുറ്റകരമാക്കുന്നു. 13 ആം വകുപ്പ് നിയമവിരുദ്ധ പ്രവർത്തനങ്ങൾ കുറ്റകരമാക്കുന്നു. സംസാരത്തിലൂടെയോ എഴുത്തിലൂടെയോ ചിഹ്നങ്ങളിലൂടെയോ അല്ലെങ്കിൽ മറ്റേതെങ്കിലും ദൃശ്യപരമായ ആവിഷ്ക്കാരത്തിലൂടെയോ ഇന്ത്യയിലെ ഏതെങ്കിലും പ്രദേശം ഇന്ത്യയിൽ നിന്നും വിട്ടു പോകണമെന്ന ആവശ്യപ്പെടുകയോ അത്തരം ആവശ്യത്തെ പിന്തുണക്കുകയോ, അത്തരം ആവശ്യം നേടിയെടുക്കാൻ ജനങ്ങളെ പ്രേരിപ്പിക്കുകയോ ചെയ്യുക, ഇന്ത്യയുടെ പരമാധികാരത്തെയും അഖണ്ഡതയെയും ചോദ്യം ചെയ്യുകയോ നിരാകരിക്കുകയോ, ഭംഗം വരുത്തുകയോ ചെയ്യുക, ഇന്ത്യയോട് കൂറില്ലായ്മക്ക് കാരണമാകുകയോ അത്തരം ഉദ്യേശത്തോടു കൂടിയതോ ആയ പ്രവൃത്തികളിൽ ഏർപ്പെടുക എന്നതാണ് യു എ പി എ നിയമമനുസരിച്ച് നിയമ വിരുദ്ധ പ്രവർത്തനം. 10 ആം വകുപ്പിൽ രണ്ടു തരം ശിക്ഷകൾ ഉണ്ട്. സംഘടനായിൽ അംഗമായി പ്രവർത്തിച്ചാൽ രണ്ട് വർഷം വരെ ശിക്ഷയാണ് ഒന്നാമത്. അംഗമായി പ്രവർത്തിക്കുന്നതിനോടൊപ്പം ആയുധങ്ങൾ ഉപയോഗിച്ചാൽ അത് മരണത്തിന് ഇടയാക്കിയാൽ മരണ ശിക്ഷ അല്ലെങ്കിൽ ജീവപര്യന്തം തടവ്. മരണം സംഭവിക്കുന്നില്ലെങ്കിൽ അഞ്ച് വർഷം മുതൽ ജീവപര്യന്തം വരെ തടവ്. 13 ആം വകുപ്പ് പ്രകാരമുള്ള കുറ്റത്തിന് 5 വർഷം വരെ തടവാണ് ശിക്ഷ.

തുഷാർ നിർമ്മൽ സാരഥി

അറിവിൽപ്പെട്ടിടത്തോളം കുറ്റപത്രം സമർപ്പിക്കാത്ത യു എ പി എ കേസ് എത്രത്തോളം ഉണ്ട്?

തുഷാർ: എന്റെയും ജെയ്‌സന്റെയും കേസ് കഴിഞ്ഞ ഏഴ് വർഷമായി അന്വേഷണത്തിലാണ് എന്നാണ് പറയുന്നത്. ഇതുവരെ കുറ്റപത്രം സമർപ്പിച്ചിട്ടില്ല. പീപ്പിൾസ് മാർച്ച് പത്രാധിപർ ഗോവിന്ദൻ കുട്ടിയുടെ കേസ് 14 വർഷമായി അന്വേഷണത്തിലാണ്. ഞാറ്റുവേല സാംസ്കാരിക സംഘം നേതാവ് സ്വപ്‌നേഷ് ബാബുവിന്റെ കേസ്സ് ഒമ്പത് വർഷമായി അന്വേഷണത്തിലാണ് അതിലും ഇതുവരെ കുറ്റപത്രം നൽകിയിട്ടില്ല. കളമശ്ശേരിയിലെ ദേശീയ പാത അതോറിറ്റി ഓഫീസ് അടിച്ചു തകർത്ത കേസിൽ ഇതുവരെ കുറ്റപത്രം ആയിട്ടില്ല. ആ കേസും കഴിഞ്ഞ ഏഴ് വർഷമായി അന്വേഷണത്തിലാണ്. മാവോയിസ്റ്റ് കേസ്സുകളിൽ പ്രതിയായ രൂപേഷിന് 26 കേസ്സുകൾ കേരളത്തിൽ മാത്രമായി ഉണ്ട്. കോഴിക്കോട് ജില്ലയിലെ മൂന്ന് കേസുകളിൽ രൂപേഷിനെ നിയമപരമായ സാങ്കേതിക പ്രശ്നങ്ങൾ ചൂണ്ടിക്കാണിച്ചു കേരളാ ഹൈക്കോടതി വിട്ടയക്കുകയുണ്ടായി. ഭരണകൂടത്തിന് അത് വലിയ തിരിച്ചടിയായി. ഈ പ്രതിസന്ധി മറികടക്കാൻ സംസ്ഥാന സർക്കാർ രൂപേഷിന്റെ മഹാഭൂരിപക്ഷം കേസുകളിലും തുടരന്വേഷണം പ്രഖ്യാപിച്ചു. കുറ്റപത്രം സമർപ്പിച്ച കേസുകളിൽ ആണ് ഈ നടപടി. ഇപ്പോൾ ഈ കേസ്സുകളിൽ എല്ലാം അന്വേഷണം നടക്കുകയാണ്. രൂപേഷാണെങ്കിൽ കഴിഞ്ഞ ഏഴ് വർഷമായി ജയിലിലും.

പിടിച്ചെടുത്ത സാധനങ്ങൾ തിരിച്ചു നൽകുന്നതിന് പറയുന്ന തടസ്സം എന്താണ് ?

തുഷാർ, ജെയ്സൺ: ഫോണും ലാപ്ടോപ്പും ആണ് പിടിച്ചെടുത്ത വസ്തുക്കൾ. അത് ഡിജിറ്റൽ ഫോറൻസിക് പരിശോധനക്കായി അയച്ചിരിക്കുകയാണ്. പരിശോധന പൂർത്തിയാകാതെ അവ തിരിച്ചു കിട്ടില്ല. പരിശോധന പൂർത്തിയായോ എന്ന കാര്യം ഇത് വരെ നമുക്ക് അറിയില്ല. നമ്മൾ അന്വേഷിച്ചപ്പോൾ പരിശോധന പൂർത്തിയായിട്ടില്ല എന്നാണ് കോടതിയിൽ നിന്നും അറിഞ്ഞത്. ഇനി ഇത്രയും കാലം കഴിഞ്ഞിട്ട് അത് കിട്ടിയാലും ഉപയോഗിക്കാൻ കഴിയുന്ന അവസ്ഥയിൽ ആയിരിക്കില്ല എന്ന കാര്യം ഉറപ്പാണ്.

ഈ സമരത്തിലെ പ്രധാന ആവശ്യം എന്താണ്?

തുഷാർ, ജെയ്സൺ: എഴ് വർഷമായ കേസിൽ ഒന്നുകിൽ കുറ്റപത്രം എത്രയും വേഗം സമർപ്പിച്ച്‌ വിചാരണ നടപടികൾ പൂർത്തിയാക്കുക അല്ലെങ്കിൽ കേസ് റദ്ദാക്കുക എന്നതാണ് ഞങ്ങളുടെ മുഖ്യ ആവശ്യം. ഇത്രയും കാലം അന്വേഷിച്ചിട്ടും തെളിവില്ലതാതുകണ്ടാണ് കുറ്റപത്രം നൽകാത്തത്. അതുകൊണ്ട് അടിയന്തിരമായി കുറ്റപത്രം സമർപ്പിക്കാൻ കഴിഞ്ഞില്ലെങ്കിൽ കേസ് ഒന്നടങ്കം റദ്ദാക്കണം. അല്ലാതെ എക്കാലത്തും കുറ്റാരോപണത്തിന്റെ നിഴലിൽ ഞങ്ങളെ നിർത്തുന്ന നടപടി പൊലീസും സർക്കാരും അവസാനിപ്പിക്കണം എന്നതാണ് ഞങ്ങളുടെ ആവശ്യം.

എന്തിനായിരുന്നു കേസ്?

തുഷാർ: 2014-2015 കാലത്ത് സിപിഐ മാവോയിസ്റ്റ് പാർട്ടിയുടെ രൂപീകരണത്തിന്റെ പത്താം വാർഷികത്തോടനുബന്ധിച്ചു കേരളത്തിൽ മാവോയിസ്റ്റ് പാർട്ടി രാഷ്ട്രീയ-സൈനിക ക്യാമ്പയിന് ആഹ്വാനം ചെയ്തിരിക്കുന്നു എന്ന വാർത്ത വന്നിരുന്നു. തുടർന്ന് 2014 നവംബർ മാസത്തിൽ കാതികൂടത്തെ നിറ്റാ ജെലാറ്റിൻ കമ്പനിയുടെ എറണാകുളം പനമ്പിള്ളി നഗറിലെ ഹെഡ് ഓഫീസ് ആക്രമിക്കപ്പെട്ടു. മാവോയിസ്റ്റ് പാർട്ടിയുടെ അർബൻ ടീമാണ് ഈ ആക്രമണം സംഘടിപ്പിച്ചതെന്നായിരുന്നു ആരോപണം. തുടർന്ന് കണ്ണൂർ, പാലക്കാട്,വയനാട് എറണാകുളം എന്നീ ജില്ലകളിൽ വിവിധയിടങ്ങളിലായി ജനജീവിതം ദുസ്സഹമാക്കിയ ക്വാറികൾ, ഫോറസ്റ്റ് സ്റ്റേഷൻ, വനമേഖലയിലെ നിയമവിരുദ്ധമായി പ്രവർത്തിക്കുന്ന റിസോർട്ടുകൾ, ബഹുരാഷ്ട്ര ഫുഡ് ചെയിൻ കോർപ്പറേറ്റുകളുടെ ഷോപ്പുകൾ, ദേശീയ പാത അതോറിറ്റിയുടെ ഓഫിസ് തുടങ്ങിയവ ആക്രമിക്കപ്പെട്ടു. തുടരെ ആക്രമണങ്ങൾ നടന്നത് മൂലം മുഖം നഷ്ടപ്പെട്ട പൊലീസിന് രക്ഷപെടാൻ ബലിയാടുകളെ ആവശ്യമായിരുന്നു.

നീറ്റാ ആക്രമണത്തെ സംബന്ധിച്ച വിവരങ്ങൾ എന്റെ വീട്ടിൽ പരിശോധന നടത്തിയാൽ ലഭിക്കും എന്ന് കാണിച്ചു പൊലീസ് ഒരു സെർച്ച് വാറണ്ട് നേടി. തുടർന്ന് വീട് റെയ്ഡ് ചെയ്തു ഏതാനും മാവോയിസ്റ്റ് പുസ്തകങ്ങളും ജനകീയ മനുഷ്യാവകാശ പ്രസ്ഥാനം എന്ന ഞാൻ പ്രവർത്തിക്കുന്ന മനുഷ്യാവകാശ സംഘടനയുടെ മിനുട്സും ലഖുലേഖകളും മറ്റും എടുത്തു കൊണ്ട് പോയി. ഈ പിടിച്ചെടുത്ത വസ്തുക്കൾ എന്റെ മാവോയിസ്റ്റ് ബന്ധത്തിന് തെളിവാണെന്ന് കാണിച്ചു കൊണ്ട് എനിക്കെതിരെ യു എ പി എ ചുമത്തി കേസ്സെടുക്കുകയായിരുന്നു. എന്തെങ്കിലും കുറ്റകരമായ പ്രവൃത്തികൾ എന്റെ പേരിൽ ഇന്നേ വരെ ആരോപിക്കപ്പെട്ടിട്ടില്ല. മാവോയിസ്റ്റ് രേഖകൾ കൈവശം വച്ചു എന്നതാണ് ഇപ്പോഴും പ്രധാന ആരോപണം. പൊതുജനങ്ങൾക്ക് ആർക്കും ലഭ്യമാവുന്ന പുസ്തകങ്ങളും, മാവോയിസ്റ്റ് ആശയ ശാസ്ത്രത്തെ സംബന്ധിച്ച ലഘു ലേഖകളും മറ്റും ആണ് പിടിച്ചെടുത്ത തൊണ്ടി മുതലുകളിൽ മഹാഭൂരിപക്ഷവും.

ജെയ്സൺ സി കൂപ്പർ

ജെയ്‌സന്റെ കാര്യത്തിൽ ആണെങ്കിൽ നീറ്റാ ആക്രമണ സമയത്തു തന്നെ അദ്ദേഹത്തെ പൊലീസ് കസ്റ്റഡിയിൽ എടുത്തു ചോദ്യം ചെയ്യുന്നുണ്ട്. പിന്നീട് വിട്ടയക്കുകയും ചെയ്തു. പക്ഷെ ദേശീയപാത അതോറിട്ടുയുടെ ഓഫീസ് ആക്രമണം നടന്നപ്പോൾ വീണ്ടും അദ്ദേഹത്തെ ഓഫീസിൽ നിന്നും കസ്റ്റഡിയിൽ എടുത്തു. ജെയ്സൺ കൂപ്പറിന്റെ കൈവശം ഹരിത ഗോപി മംഗളം പത്രത്തിൽ മാവോയിസ്റ്റുകളെ വിമർശിച്ചു കൊണ്ട് എഴുതിയ ഒരു കുറിപ്പിന്റെ ഫോട്ടോകോപ്പി ഉണ്ടായിരുന്നു. മാവോയിസ്റ്റ് സാഹിത്യം കയ്യിൽ വച്ചു എന്നാരോപിച്ചു കേസ് രജിസ്റ്റർ ചെയ്തു. തുടർന്ന് ജയ്സെണിന്റെ വീട് റൈഡ് ചെയ്തു ലാപ്ടോപ്പും ഏതാനും പുസ്തകങ്ങളും തൊണ്ടിയായി എടുത്തു കൊണ്ട് പോയി. ജെയ്‌സനെതിരെയും ഇതല്ലാതെ എന്തെങ്കിലും കുറ്റകരമായ പ്രവൃത്തികൾ ഇന്നേ വരെ ആരോപിക്കപ്പെട്ടിട്ടില്ല.

വാസ്തവത്തിൽ പൊലീസിന് മുഖം രക്ഷിക്കാൻ ആരെയെങ്കിലും അറസ്റ്റ് ചെയ്യണമായിരുന്നു. വളരെ സജീവമായി യുഎപിഎ വിരുദ്ധ ക്യാമ്പയിനുകൾ സംഘടിപ്പിക്കുകയും പോലീസ് അതിക്രമങ്ങൾക്കെതിരെ ശക്തമായി പ്രതികരിക്കുകയും നീറ്റാ ജെലാറ്റിൻ സമരം, ക്വാറി വിരുദ്ധ സമരം, ചുങ്കപ്പാത വിരുദ്ധ സമരം എന്നിവയിലൊക്കെ സജീവമായി പങ്കെടുക്കുകയും യുഎപിഎ കേസ്സുകളിൽ പ്രതികൾക്ക് പിന്തുണ നൽകുകയും നിയമ സഹായം നൽകുകയും ചെയ്യുന്ന ഞാനും ജെയ്‌സണും പൊലീസിന് പറ്റിയ ഇരകളായിരുന്നു. അതാണ് ഞങ്ങളുടെ അറസ്റ്റിലേക്ക് നയിച്ചത്.

തുഷാർ,ജെയ്സൺ : ഞങ്ങൾ സമരം ചെയ്യുന്നത് ഞങ്ങളുടെ കേസ്, റദ്ദാക്കാൻ വേണ്ടിയല്ല. യുഎപിഎ കേസിൽ ഭരണകൂടം നടത്തുന്ന അടിച്ചമർത്തൽ രീതികളെ തുറന്നു കാണിക്കുകയാണ് പ്രധാന ലക്ഷ്യം. പീപ്പിൾസ് മാർച്ച് പത്രാധിപർ ഗോവിന്ദൻ കുട്ടിയെ പൊലീസ് അറസ്റ്റ് ചെയ്യുന്നത് അദ്ദേഹത്തിന്റെ പത്രത്തിൽ രാജ്യ ദ്രോഹപരമായ ലേഖനങ്ങൾ എഴുതി എന്നാരോപിച്ചാണ്. എല്ലാ നിയമ നടപടികളും പാലിച്ച് അച്ചടിച്ചു വിതരണം നടത്തിയിരുന്ന ഒരു പത്രത്തിലെ ലേഖനങ്ങളുടെ പേരിലാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. സ്വപ്‌നേഷ് ബാബുവിനെതിരെ പോസ്റ്റർ ഒട്ടിച്ചതിന്റെ പേരിലാണ് യുഎപിഎ ചുമത്തിയത്. വർഗീസ് അനുസ്മരണം സംഘടിപ്പിച്ചതിന് പോരാട്ടം സംഘടന പ്രവർത്തകരായ നാല് പേരെ 2013 ൽ അറസ്റ്റ് ചെയ്തു. ആ അറസ്റ്റിൽ പ്രതിഷേധിച്ച് പോസ്റ്റർ പതിച്ചതിന്റെ പേരിൽ ആണ് സ്വപ്നേഷ് ബാബു എന്ന സാംസ്കാരിക പ്രവർത്തകനെ അറസ്റ്റ് ചെയ്തത്. നിസ്സാരമായ ആരോപണങ്ങൾ ഉന്നയിച്ചു യുഎപിഎ പോലുള്ള നിയമങ്ങൾ ചുമത്തി കേസ്സെടുക്കുകയും ജാമ്യം ലഭിച്ചു പുറത്തിറങ്ങിയാൽ പോലും അന്വേഷണത്തിന്റെ വാൾത്തലപ്പിൽ ജീവിതം മരവിപ്പിച്ചു നിർത്താനുമാണ് ദീർഘമായ ഈ അന്വേഷണ ഭീകരത കൊണ്ട് ഭരണകൂടം ശ്രമിക്കുന്നത്.

എന്നായിരുന്നു, എങ്ങനെയയായിരുന്നു നിങ്ങൾ രണ്ട് പേരുടെയും അറസ്റ്റ്?

ജയ്സൺ സി കൂപ്പർ: 2015 ജനുവരി 29 നാണ് സംസ്ഥാന ഇൻഷ്വറൻസ് വകുപ്പിന്റെ എറണാകുളം ജില്ലാ ഓഫീസിൽ നിന്നും ഡ്യൂട്ടിക്കിടെ ചട്ടങ്ങൾ പാലിക്കാതെ എന്നെ അറസ്റ്റ് ചെയ്തത്. അടുത്ത ദിവസം കോഴിക്കോട് പ്രസ് ക്ലബിൽ പത്രസമ്മേളനത്തിൽ പങ്കെടുത്തു പുറത്തിറങ്ങിയപ്പോഴാണ് തുഷാറിനെ അറസ്റ്റ് ചെയ്തത്.

ഈ സമരം സംഘടിപ്പിക്കുന്നതും ഇവരെ മനുഷ്യവകാശ പ്രസ്ഥാനം പിന്തുണയ്ക്കുന്നതും എന്തുകൊണ്ട്?

സുജാഭാരതി : യു.എ.പി.എ.വിരുദ്ധസമരങ്ങളിലെ നിര്‍ണ്ണായക ഏടാണ് മാര്‍ച്ച് 15 നു തുഷാറും കൂപ്പറും നടത്തുന്ന ഉപവാസ സമരം. യു.എ.പി.എ. എന്ന നിയമം പല തരത്തില്‍ രാഷ്ട്രീയ വിമതരെയും വ്യവസ്ഥാ വിമര്‍ശകരെയും സര്‍ക്കാരിനെ (ഭരണകൂടത്തെ) വിമര്‍ശിക്കുന്നവരെയും ബദല്‍ രാഷ്ട്രീയന്വേഷണം നടത്തുന്നവരെയുമൊക്കെ അടിച്ചമര്‍ത്താന്‍ വേണ്ടി ഉപയോഗിക്കുന്നതാണ് എന്ന് എല്ലാവർക്കും അറിയാവുന്നതാണ്. ഇതിനോടകം അതിന്റെ നിരവധിയായിട്ടുള്ള ഉദാഹരണങ്ങള്‍ പുറത്തു വന്നിട്ടുണ്ട്. എന്നാല്‍ ഇതേക്കുറിച്ച് അധികമാരും തിരിച്ചറിയാത്ത ഒരു അടിച്ചമര്‍ത്തല്‍ വശം പുറത്തുകൊണ്ടു വരുന്ന ഒരു സമരമാണ് ഈ ഉപവാസ സമരം. ഈ നിയമത്തില്‍ ജാമ്യം കിട്ടാനുള്ള സാധ്യത വളരെ കുറവാണ് എന്നതാണ് ഒരു വസ്തുത. ഇനിയേതെങ്കിലും സാഹചര്യത്തില്‍ ജാമ്യം കൊടുക്കേണ്ടി വരികയാണെങ്കില്‍ തന്നെ കേസ് എക്കാലവും നിലനിര്‍ത്തിക്കൊണ്ട് പോകാനുള്ള ഒരു സമീപനമാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ വിമശിക്കുകയോ വിമര്‍ശിച്ചുകൊണ്ടുള്ള പ്രസ്താവനകള്‍ ഇറക്കുകയോ അത്തരം പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയോ ചെയ്യുന്ന ആളുകളെ സംബന്ധിച്ച് ഈ കേസ് ഒരു ഭീഷണിയായി എന്നും നിലനില്‍ക്കുന്ന ഒരവസ്ഥയുണ്ടാകുന്നു. വിർമശകരെ മെരുക്കിയെടുക്കാനുള്ള ഒരുപാധിയാക്കി യു എ പി എ നിയമത്തെ മാറ്റിയെടുക്കുന്നു എന്നുള്ള പ്രശ്നം സമൂഹത്തില്‍ ഇതുവരെ ഉയര്‍ന്നു വന്നിട്ടില്ല. ഈ പ്രശ്നത്തെ ഉയര്‍ത്തിക്കൊണ്ടു വരുന്നു എന്നതാണ് ഒരു മനുഷ്യാവകാശ സംഘടന എന്ന നിലയിൽ ഈ സമരത്തെ പിന്തുണയ്ക്കാനുള്ള ഒരു പ്രധാന ഘടകം.

ഇവരുടെ രണ്ട് പേരുടെയും കേസ് മാത്രമാണോ ഇതിലെ വിഷയം?

സുജാ ഭാരതി : ഇത് സർക്കാർ ഉദ്യോഗസ്ഥനായ ജെയ്സൺ സി കൂപ്പർ, അഭിഭാഷകനുമായ തുഷാർ നിർമ്മൽ സാരഥി എന്നീ രണ്ട് മനുഷ്യാവകാശ പ്രവർത്തകരുടെ കാര്യത്തില്‍ മാത്രമല്ല, സാസ്കാരിക പ്രവർത്തകർ, മാധ്യമ പ്രവർത്തകർ, വിദ്യാർത്ഥികൾ അങ്ങനെ പലരെയും മാവോയിസ്റ്റ് ബന്ധം ആരോപിച്ച് കേരളാ പൊലീസ് കേസ് എടുത്തിട്ടുണ്ട്. ഇതിന് ദീർഘകാല ഉദാഹരണമുള്ള രണ്ട്, മൂന്ന് സംഭവങ്ങൾ മാത്രം തൽക്കാലം ചൂണ്ടിക്കാണിക്കാം.

സുജാ ഭാരതി

പീപ്പിള്‍സ് മാര്‍ച്ച്‌ എന്ന പ്രസിദ്ധീകരണത്തിന്റെ എഡിറ്റര്‍ ആയിരുന്ന ഗോവിന്ദന്‍ കുട്ടിയെ അറസ്റ്റ് ചെയ്യുന്നത് 2007 ലാണ്. 14 കൊല്ലമായിട്ടും കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചിട്ടില്ല. അദ്ദേഹം നിയമപരമായി തന്നെ ആ പത്രം അച്ചടിച്ച് എറണാകുളം നഗരത്തിന്റെ ഉൾപ്പടെ വിവിധയിടങ്ങളിൽ കൊണ്ടുനടന്നു വിറ്റിരുന്ന ആളാണ്‌. ആ സമയങ്ങളിലൊന്നും അദ്ദേഹത്തിനെതിരെ ഒരു കേസ് പോലും വന്നിട്ടില്ല. മല്ലരാജ റെഡി എന്ന മാവോയിസ്റ്റ് നേതാവിനെ കേരളത്തിൽ നിന്നും രഹസ്യമായി പിടിച്ചുകൊണ്ടുപോകാൻ, യൂണിഫോമിലല്ലാതെ വന്ന് ആന്ധ്ര പൊലീസ് ഒരു തട്ടിക്കൊണ്ടുപോകൽ ശ്രമം നടത്തി, നാട്ടുകാർ ഇടപെട്ടതോടെ അത് വിവാദമായി. ഇതോടെ മാവോയിസ്റ്റുകള്‍ കേരളത്തില്‍ ഒളിച്ചു താമസിക്കുന്നത് കേരള പൊലീസ് അറിയുന്നില്ല എന്നൊരു വിമര്‍ശനം വന്നു. ആ വിമര്‍ശനം ഉയർന്നപ്പോൾ ആണ് ഗോവിന്ദന്‍ കുട്ടിയെ മാവോയിസ്റ്റ് എന്ന് പറഞ്ഞ് കേരളാ പൊലീസ് അറസ്റ്റ് ചെയ്യുന്നത്.

അതുപോലെ. മറ്റൊരു സംഭവമാണ്. സ്വപ്നേഷ് ബാബു എന്ന സാംസ്കാരിക പ്രവര്‍ത്തകനെ അറസ്റ്റ് ചെയ്തത്. പോസ്റ്റര്‍ ഒട്ടിച്ചു എന്ന പേരിലാണ് സ്വപ്നേഷ് ബാബുവിനെ അറസ്റ്റ് ചെയ്യുന്നത്. ഒമ്പത് വര്‍ഷമായിട്ടും ഈ കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചിട്ടില്ല.

ദേശീയപാത ഓഫീസ് അടിച്ചു തകര്‍ത്തു എന്ന പേരില്‍ ഒരു കേസുമുണ്ട്. അതില്‍ അറസ്റ്റ് ചെയ്ത രണ്ടു പേരില്‍ രമണന്‍ എന്നയാള്‍ ജാമ്യത്തിലും അനൂപ്‌ എന്നയാള്‍ ഇപ്പോഴും ജയിലിലുമാണ്. ഈ കേസിലും കുറ്റപത്രം സമര്‍പ്പിച്ചിട്ടില്ല, മാത്രമല്ല, വെളിവാക്കപ്പെടാത്ത പ്രതികളുടെ എണ്ണം അതില്‍ വളരെ കൂടുതലുമാണ്. ആരെ വേണമെങ്കിലും ഇനിയും അതില്‍ പ്രതി ചേര്‍ക്കാന്‍ കഴിയും. അത്തരത്തില്‍ ഓപണ്‍ ആയിട്ടാണ് അന്വേഷണം നീളുന്നത്.

യു എ പി എ നിയമം, വളരെ കുറ്റമറ്റ രീതിയില്‍ അന്വേഷണം നടത്തി വേഗത്തില്‍ കുറ്റപത്രം സമര്‍പ്പിച്ച് വിചാരണ പൂര്‍ത്തീകരിക്കാന്‍ വേണ്ടിയൊക്കെയാണ് കൊണ്ടുവന്നതെങ്കിലും വാസ്തവത്തില്‍ നടക്കുന്നത് ഇതൊക്കെയാണ്. ജീവപര്യന്തം നീളുന്ന അന്വേഷണവും അതിന്റെ ഭാഗമായി സാമൂഹിക പ്രവര്‍ത്തകരുടെ സാമൂഹികബന്ധങ്ങളും വ്യക്തിബന്ധങ്ങളും ചുരുക്കുക, അവരുടെ തൊഴിലിടങ്ങളില്‍ ഉപജീവനത്തെ തന്നെ നിയന്ത്രിക്കുക, അങ്ങനെ സര്‍ക്കാരിന്റെ നിക്ഷിപ്ത താൽപ്പര്യങ്ങളെ എതിർക്കുന്ന ജനകീയ പ്രസ്ഥാനങ്ങളുമായി ബന്ധപ്പെട്ടവരെ കേസെടുത്ത് പീഡിപ്പിച്ച് വരുതിക്ക് കൊണ്ടുവരികയെന്ന ലക്ഷ്യം മാത്രമാണ് ഈ സമീപനത്തിന് പിന്നിലുള്ളത്. ഈ പ്രശ്നത്തെ ഉയര്‍ത്തിക്കൊണ്ടുവരുകയും സർക്കാരും പൊലീസും ചേർന്ന് ജനകീയ പ്രവർത്തകരെ എന്നും കുറ്റപ്പാടിന്റെ നിഴലിൽ നിർത്തുന്ന കള്ളക്കള്ളി അവസാനിപ്പിക്കുന്നതിനുമാണ് ഈ പ്രതിഷേധം സംഘടിപ്പിക്കുന്നത്.

ഈ കേസുകളിൽ കുറ്റപത്രം നൽകുക എന്നത് മാത്രമാണോ ഈ സമരത്തിന് പിന്നിലെ ലക്ഷ്യം?

സുജാഭാരതി: പ്രധാന ലക്ഷ്യം അതാണ്. എന്നാൽ, മറന്നുപോകാൻ പാടില്ലാത്ത മറ്റൊരു കാര്യം കൂടി ഓർമ്മിപ്പിക്കാനും ഈ സമരത്തെ ഉദ്ദേശമുണ്ട്. അത്. ജയിലില്‍ കിടക്കുന്ന പ്രതികളുടെ കാര്യത്തിലാണ്. കുറ്റപത്രം സമര്‍പ്പിച്ച്, രണ്ടിലേറെ വര്‍ഷമായി ജാമ്യം ലഭിക്കാതെ ജയിലില്‍ കിടക്കുന്ന ആളുകളുണ്ട്. അവരുടെ വിചാരണ എവിടെയുമെത്താത്ത അവസ്ഥയിലാണ്. അവരെ ഇങ്ങനെ ജയിലിലിട്ടു കോടതി നടപടികള്‍ നീട്ടിക്കൊണ്ടു പോകുന്നതില്‍ അര്‍ത്ഥമില്ല. അത്തരം ആളുകള്‍ക്ക് ജാമ്യം കൊടുക്കണം. കുറ്റപത്രം സമര്‍പ്പിക്കാത്ത കേസുകളില്‍ എത്രയും വേഗം കുറ്റപത്രം സമര്‍പ്പിക്കണം. അതിനു കഴിയുന്നില്ലെങ്കില്‍ കേസ് റദ്ദാക്കണം. ഈ ആവശ്യമുന്നയിച്ചുകൊണ്ട് തുഷാറും കൂപ്പറും നടത്തുന്ന ഉപവാസ സമരം യു എ പി എ വിരുദ്ധ സമരങ്ങളില്‍ ഏറ്റവും പ്രാധാന്യമര്‍ഹിക്കുന്ന ഒന്നാണ്. അതുകൊണ്ട് തന്നെ ഉയര്‍ന്നു വരുന്ന ഈ വിഷയങ്ങളിന്മേല്‍ മനുഷ്യാവകാശ-സാമൂഹിക പ്രവര്‍ത്തകര്‍ ഐക്യപ്പെടുകയും അതിനെ പിന്തുണയ്ക്കുകയും ചെയ്യേണ്ടത് അത്യന്താപേക്ഷിതമാണ്. ഒരു മനുഷ്യാവകാശ പ്രവര്‍ത്തക എന്ന നിലയില്‍ അതിനു മുന്‍കയ്യെടുക്കേണ്ടത് സ്വന്തം കടമയാണെന്ന തിരിച്ചറിവില്‍ നിന്നുകൂടിയാണ് ഇത്തരമൊരു സമരപരിപാടി സംഘടിപ്പിക്കുന്നത്.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Activists protest inordinate delay in filing chargesheets in uapa cases