കൊച്ചി: ശബരിമല കയറാന്‍ രഹന ഫാത്തിമ എത്തിയത് വന്‍ വിവാദങ്ങള്‍ക്കാണ് കഴിഞ്ഞദിവസം വഴിവെച്ചത്. സന്നിധാനത്തിന് തൊട്ടടുത്ത് വച്ച് അവര്‍ മലയിറങ്ങി. കടുത്ത പ്രതിഷേധം കാരണമാണ് ഇറങ്ങിയത്. തന്ത്രിയുടെ കര്‍ശന നിലപാടാണ് പോലീസിനെയും സമ്മര്‍ദ്ദത്തിലാക്കിയത്. സ്ത്രീകള്‍ ക്ഷേത്രത്തിനകത്ത് കയറിയാല്‍ അശുദ്ധിയാകുമെന്ന പറയുന്ന തന്ത്രിക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നാണ് രഹന ഫാത്തിമ പറഞ്ഞു.

എന്നാല്‍ ശബരിമല സന്ദര്‍ശിക്കണമെന്ന തന്റെ കാലങ്ങളായുളള ആഗ്രഹം സഫലമായതായി രഹന സ്‍ക്രോളിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി. എല്ലാ ആചാരങ്ങളും ചെയ്താണ് താന്‍ ശബരിമലയില്‍ എത്തിയതെന്നും അവര്‍ പറഞ്ഞു. ‘എന്നാല്‍ ശബരിമലയില്‍ പ്രാര്‍ത്ഥിക്കാനുളള എന്റെ ശ്രമം പ്രതിഷേധക്കാര്‍ തടഞ്ഞു. അത് ചോദ്യം ചെയ്യപ്പെടേണ്ടതാണ്. സ്ത്രീകള്‍ കയറിയാല്‍ നട അടച്ചിടില്ലെന്ന് രണ്ട് ദിവസം മുമ്പാണ് തന്ത്രി പറഞ്ഞത്. ഇതേ തന്ത്രി ആണ് വെളളിയാഴ്ച്ച നട അടക്കുമെന്ന് പറഞ്ഞത്. എനിക്ക് അറിയാവുന്നിടത്തോളും ഏത് ജാതിയിലും മതത്തിലും ഉളളവര്‍ക്ക് ശബരിമലയില്‍ പ്രവേശിക്കാം. തന്ത്രി ഇടഞ്ഞത് എന്റെ മുസ്ലിം പേര് കാരണമാണ്,’ രഹന പറഞ്ഞു.

ശബരിമല ദര്‍ശനത്തിന് ആന്ധ്ര സ്വദേശിനി കവിതയും എറണാകുളം സ്വദേശിനി രഹന ഫാത്തിമയും വന്നത്് ഉദ്വേഗ നിമിഷങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് ഇരുവരും മലയിറങ്ങുകയായിരുന്നു. കുട്ടികളെ മുന്നില്‍ നിര്‍ത്തിയുള്ള പ്രതിഷേധത്തെ തുടര്‍ന്നാണ് ശബരിമല ദര്‍ശനം നടത്താതെ തിരിച്ചുപോന്നതെന്ന് രഹന പറഞ്ഞു.

രഹ്ന ശബരിമലയിലേക്കെത്തുന്നു എന്ന് ഭര്‍ത്താവ് മനോജ് ശ്രീധര്‍ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തതിനു പിന്നാലെ ഇവരുടെ വീട്ടിന് നേരെ ആക്രമണം നടന്നിരുന്നു. വീടിന്‍റെ ചില്ലുകളും പുറത്തുണ്ടായിരുന്ന കസേരകളും വ്യായാമ ഉപകരണങ്ങളും മറ്റും നശിപ്പിച്ചിട്ടുണ്ട്. വീട് പൂട്ടിക്കിടന്നതിനാല്‍ കാര്യമായ നാശനഷ്ടങ്ങള്‍ ഉണ്ടായിട്ടില്ല. ചുംബന സമരത്തിലെ സജീവ പ്രവര്‍ത്തകരില്‍ ഒരാളായ രഹ്ന സിനിമയിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. വ്രതം ആരംഭിച്ച് രഹ്ന ഫാത്തിമ സമൂഹമാധ്യമമായ ഫെയ്‌സബുക്കില്‍ ഇട്ട ചിത്രം വിശ്വാസികളെ ചൊടിപ്പിച്ചിരുന്നു. സ്ത്രീകള്‍ക്കുനേരെ ലൈംഗികാക്രമണങ്ങള്‍ നടക്കുന്നതിനെതിരെ രഹ്ന ഫാത്തിമ മാറു തുറന്നു പ്രതിഷേധിച്ചു നടത്തിയ സമരം വന്‍ വിവാദം സൃഷ്ടിച്ചിരുന്നു. തൃശൂര്‍ പൂരത്തില്‍ ആദ്യമായി പെണ്‍പുലികള്‍ ഇറങ്ങിയത് രഹ്നയുടെ നേതൃത്വത്തിലായിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.