തിരുവനന്തപുരം: ടൊവിനോ തോമസ് നായകനാവുന്ന ‘മിന്നൽ മുരളി’ സിനിമയുടെ ഷൂട്ടിങ് സെറ്റ് തകർത്തവർക്കെതിരെ ശക്തമായ നടപടിയുണ്ടാവുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അവർക്കെതിരെ ഫലപ്രദമായ നടപടികൾ സ്വീകരിക്കും. നമ്മുടെ നാട്ടിൽ പലതരത്തിലുളള സിനിമകൾ ചിത്രീകരിക്കാറുണ്ട്. അതിന് ആരും തടസ്സം നിൽക്കാറില്ല. എന്നാൽ ചില വർഗീയ ശക്തികൾ വർഗീയ വികാരം ഇളക്കിവിട്ടുകൊണ്ട് സിനിമയെ കടന്നാക്രമിക്കാൻ ഇതിനു മുൻപും ശ്രമിച്ചിട്ടുണ്ട്. ഷൂട്ടിങ് തടസ്സപ്പെടുത്താനുളള ശ്രമങ്ങളും സനിമാ തിയേറ്ററുകൾ ആക്രമിക്കാനുളള ശ്രമങ്ങളും ഇതിനു മുൻപ് ഉണ്ടായിട്ടുണ്ട്. രാജ്യത്തെ ഒരു വിഭാഗം വർഗീയ ശക്തികളാണ് ഇതു ചെയ്യുന്നത്. വർഗീയ ശക്തികൾക്ക് അഴിഞ്ഞാടാനുളളതല്ല കേരളമെന്ന് അവർ ഓർക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഷൂട്ടിങ് സെറ്റ് തകർത്തതുമായി ബന്ധപ്പെട്ട് കേസ് എടുത്തിട്ടുണ്ടെന്നും കൂടുതൽ വിവരങ്ങൾ പറയാറായിട്ടില്ലെന്നും പെരുമ്പാവൂർ പൊലീസ് സ്റ്റേഷൻ ഓഫീസർ ഇന്ത്യൻ എക്‌സ്‌പ്രസ് മലയാളത്തോട് പറഞ്ഞു.

Minnal Murali Shooting Set Ransacked: അമ്പലത്തിന്റെ മുന്നിൽ പള്ളി കണ്ടാൽ അസ്വസ്ഥരാകുന്നവർ; പ്രതികരണവുമായി സിനിമാലോകം

കാലടി മണപ്പുറത്ത് ലക്ഷങ്ങൾ ചെലവിട്ട് ഷൂട്ടിങ്ങിനായി നിർമ്മിച്ച ക്രിസ്ത്യൻ പളളിയുടെ സെറ്റാണ് രാഷ്ട്രീയ ബജ്റംഗദൾ പ്രവർത്തകർ പൊളിച്ചത്. ക്ഷേത്രത്തിനു മുന്നിലാണ് സെറ്റെന്നും മതവികാരം വ്രണപ്പെടുത്തുന്നുവെന്നും ആരോപിച്ചായിരുന്നു ആക്രമണം. സംഘടനയുടെ ഭാരവാഹി ഫെയ്സ്ബുക്ക് കുറിപ്പിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

അതേസമയം, ഷൂട്ടിങ് സെറ്റ് നിർമാണത്തിനായി ക്ഷേത്ര സമിതിയുടെ അനുമതി വാങ്ങിയെന്നും സമിതി ആവശ്യപ്പെട്ട പണം ഫീസായി നൽകിയെന്നും ചിത്രത്തിന്റ നിർമ്മാതാവ് സോഫിയ പോൾ പറഞ്ഞു. കാലടി പഞ്ചായത്തിൽ നിന്നും ജലസേചന വകുപ്പിൽ നിന്നും അനുമതി വാങ്ങി. ഇതിന്റയെല്ലാം രേഖ തന്റെ പക്കലുണ്ടെന്നും സോഫിയ പോൾ പറഞ്ഞു.

‘ഗോദ’ക്ക് ശേഷം ബേസിൽ ജോസഫും ടൊവിനോ തോമസും കൈകോർക്കുന്ന ചിത്രമാണ് ‘മിന്നൽ മുരളി’. ടൊവിനോ തോമസ് സൂപ്പർഹീറോ ആകുന്ന ചിത്രത്തിന്റെ നിർമാണം ‘ബാംഗ്ലൂർ ഡേയ്സ്’, ‘മുന്തിരിവള്ളികൾ തളിർക്കുമ്പോൾ’, ‘പടയോട്ടം’ എന്നീ സൂപ്പർഹിറ്റ് ചിത്രങ്ങൾക്ക് ശേഷം വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറിൽ സോഫിയ പോളാണ്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി എന്നിങ്ങനെ നാല് ഭാഷകളിലാണ് ചിത്രം ഒരുങ്ങുന്നത്. ‘ജിഗർത്തണ്ട’, ‘ജോക്കർ’ തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളിക്കും പരിചിതനായ തമിഴ് താരം ഗുരു സോമസുന്ദരവും ചിത്രത്തിലെ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. അജു വർഗീസ്, ബൈജു, ഹരിശ്രീ അശോകൻ, ഫെമിന ജോർജ് എന്നിവരാണ് മറ്റ് അഭിനേതാക്കൾ.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook