തൊടുപുഴ: നിയമം ലംഘിച്ചാല്‍ കെ.സുരേന്ദ്രനായാലും കെ.പി.ശശികലയായാലും അറസ്റ്റ് ചെയ്യുമെന്നും പ്രോസിക്യൂട്ട് ചെയ്യുമെന്നും മന്ത്രി എം.എം. മണി. നിയമം ആര് ലംഘിച്ചാലും പൊലീസ് നടപടി നേരിടേണ്ടി വരുമെന്നും മന്ത്രി പറഞ്ഞു. തൊടുപുഴയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.

താന്‍ നിയമ ലംഘനം നടത്തിയാലും അറസ്റ്റ് ചെയ്യണമെന്നും മന്ത്രി പറഞ്ഞു. ശശികല എവിടെയൊക്കെ പോയാലും അവിടെ കലാപവും കുഴപ്പവുമുണ്ടാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം, കോണ്‍ഗ്രസ് നേതാക്കള്‍ ശബരിമലയില്‍ പോകട്ടെയെന്നും ശബരിമല വിഷയത്തില്‍ കോണ്‍ഗ്രസിനുള്ളില്‍ തന്നെ പ്രശ്‌നങ്ങളാണെന്നും മന്ത്രി എം.എം.മണി പറഞ്ഞു.

സര്‍ക്കാര്‍ സുപ്രീം കോടതി വിധി നടപ്പാക്കാനാണ് ശ്രമിക്കുന്നത്. പക്ഷേ, കാര്യങ്ങള്‍ വര്‍ഗീയവല്‍ക്കരിക്കാനാണ് ബിജെപിയുടെയും ആര്‍എസ്എസിന്റെയും ശ്രമം. കുഴപ്പമുണ്ടാക്കാന്‍ ആര് ശ്രമിച്ചാലും അറസ്റ്റ് ചെയ്യുമെന്നതാണ് സര്‍ക്കാര്‍ നിലപാടെന്ന് മന്ത്രി വ്യക്തമാക്കി.

നേരത്തെ അറസ്റ്റിലായ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍ ഇരുമുടിക്കെട്ട് നശിപ്പിക്കാന്‍ ശ്രമിച്ചതിന്റെ ദൃശ്യങ്ങള്‍ ദേവസ്വം മന്ത്രി കടകംപളളി സുരേന്ദ്രന്‍ പുറത്തുവിട്ടിരുന്നു. രണ്ട് തവണയാണ് സുരേന്ദ്രന്‍ ഇരുമുടിക്കെട്ട് നിലത്തിട്ട് പ്രതിഷേധിച്ചത്. എന്നാല്‍ പൊലീസിന്റെ കൃത്യമായ ഇടപെടലില്‍ സുരേന്ദ്രന്റെ ശ്രമം പാളി. ഇരുമുടിക്കെട്ട് രാഷ്ട്രീയ ആയുധമാക്കരുതെന്ന് കടകംപളളി ആവശ്യപ്പെട്ടു.

കഴിഞ്ഞ ദിവസം രാത്രിയിലാണ് നിലയ്ക്കല്‍ നിന്ന് കെ.സുരേന്ദ്രനടക്കമുള്ളവരെ അറസ്റ്റ് ചെയ്ത് ചിറ്റാര്‍ പൊലീസ് സ്റ്റേഷനിലെത്തിച്ചത്. പൊലീസ് സ്റ്റേഷനുമുന്നില്‍ നാമജപ പ്രതിഷേധവുമായി ബിജെപി പ്രവര്‍ത്തകര്‍ കുത്തിയിരുന്നുവെങ്കിലും പുലര്‍ച്ചെ മൂന്ന് മണിയോടെ വൈദ്യപരിശോധനയ്ക്കായി സുരേന്ദ്രനെ പത്തനംതിട്ട ജനറല്‍ ആശുപത്രിയിലേക്ക് കൊണ്ടു പോവുമ്പോഴാണ് സുരേന്ദ്രന്‍ ഇരുമുടിക്കെട്ട് താഴെ ഇട്ടത്.

ഒരു തവണ പൊലീസുകാരന്‍ ഇരുമുടിക്കെട്ട് എടുത്ത് നല്‍കി. രണ്ടാമത്തെ തവണയും ഇരുമുടിക്കെട്ട് താഴെ ഇട്ട് സുരേന്ദ്രന്‍ പ്രതിഷേധിച്ചതോടെ നിര്‍ബന്ധപൂര്‍വം അദ്ദേഹത്തിന് ഇരുമുടിക്കെട്ട് പൊലീസ് എടുത്ത് നല്‍കുകയായിരുന്നു. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പുറത്തുവിട്ടതോടെ വൈറലായി മാറി. മനഃപൂര്‍വ്വം പൊലീസിന്റെ മേല്‍ കുറ്റം ആരോപിക്കാനായിരുന്നു സുരേന്ദ്രന്റെ ശ്രമമെന്ന് ആരോപണം ഉയര്‍ന്നു. സ്റ്റേഷന് പുറത്തിറങ്ങും മുമ്പ് ഇരുമുടിക്കെട്ട് നശിപ്പിച്ച് അത് പൊലീസിന്റെ തലയിലിട്ട് വാര്‍ത്തയ്ക്ക് സ്‌കോപ്പ് ഉണ്ടാക്കാനായിരുന്നു സുരേന്ദ്രന്റെ ശ്രമമെന്ന് സോഷ്യല്‍ മീഡിയയില്‍ ആരോപണം ഉയര്‍ന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.