Latest News
മഴക്കെടുതി: മഹാരാഷ്ട്രയില്‍ മരണം 76 ആയി
ഓണക്കിറ്റ് വിതരണം ജൂലൈ 31 മുതൽ

കന്യാസ്ത്രീകളെ ആക്രമിച്ചവര്‍ക്കെതിരെ  കർശന നടപടിയെന്ന് അമിത് ഷാ

അക്രമികൾക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ അമിത് ഷായ്ക്ക് കത്തയച്ചിരുന്നു

Pinarayi Vijayan and Amit Shah

കോട്ടയം: ട്രെയിനില്‍ യാത്ര ചെയ്യുകയായിരുന്ന കന്യാസ്ത്രീകളെ ഉത്തര്‍പ്രദേശിലെ ഝാന്‍സിയില്‍ വച്ച് ആക്രമിച്ചവര്‍ക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. പൊൻകുന്നത്ത് തിരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

” സംഭവത്തിനുപിന്നിലുള്ളവരെ എത്രയും പെട്ടെന്നു നിയമത്തിനുമുന്നിൽ കൊണ്ടുവരുമെന്ന് കേരള ജനതയ്ക്ക് ഉറപ്പുതരികയാണ്. ഉത്തർപ്രദേശിൽ ബിജെപിയാണ് ഭരിക്കുന്നത്. നടപടി ഉറപ്പാണ്, ” അമിത് ഷാ പറഞ്ഞു.

അക്രമികൾക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ അമിത് ഷായ്ക്ക് കത്തയച്ചിരുന്നു. വ്യക്തി സ്വാതന്ത്ര്യത്തിനെതിരായ  ആക്രമണത്തെ ഗൗരവമായി കാണണമെന്നും സംഭവത്തെ കേന്ദ്രസർക്കാർ അപലപിക്കണമെന്നും മുഖ്യമന്ത്രി കത്തിൽ ആവശ്യപ്പെട്ടിരുന്നു.

19നു ഹരിദ്വാര്‍-പുരി കലിംഗ ഉത്കല്‍ എക്‌സ്പ്രസില്‍ ഡല്‍ഹിയില്‍നിന്ന് ഒഡിഷയിലേക്ക് യാത്ര ചെയ്യുന്നതിനിടെയാണു രണ്ട് യുവ സന്യാസിനികളും രണ്ട് സന്യാസാര്‍ത്ഥിനികളും ആക്രമിക്കപ്പെട്ടത്. സേക്രട്ട് ഹാര്‍ട്ട് കോണ്‍ഗ്രിഗേഷന്റെ ഡല്‍ഹി പ്രൊവിന്‍സില്‍പ്പെട്ട ഇവര്‍ തേര്‍ഡ് ക്ലാസ് എസി ടിക്കറ്റില്‍ സഞ്ചരിക്കുകയായിരുന്നു. പെണ്‍കുട്ടികളെ നിര്‍ബന്ധിത മരിപരിവര്‍ത്തനത്തിനു കൊണ്ടുപോകുകയാണെന്ന് ആരോപിച്ചാണ് ‘ഹിന്ദു സമാജ്’ പ്രവര്‍ത്തകരെന്ന് അവകാശപ്പെടുന്നവര്‍ കന്യാസ്ത്രീകളെ ആക്രമിച്ചത്. മതപരിവർത്തനം സംബന്ധിച്ച ആരോപണം തെറ്റാണെന്നു പിന്നീട് തെളിഞ്ഞിരുന്നു.

പത്തൊമ്പതുകാരികളായ സന്യാസാര്‍ത്ഥിനികള്‍ അടുത്തിടെയാണ് സേക്രട്ട് ഹാര്‍ട്ട് കോണ്‍ഗ്രിഗേഷനില്‍ ചേര്‍ന്നത്. ഇവര്‍ ഡല്‍ഹിയില്‍ കോഴ്സ് പൂര്‍ത്തിയാക്കിയ ശേഷം അവധിക്കായി റൂര്‍ക്കേലയിലെ വീട്ടിലേക്കു കന്യാസ്ത്രീകള്‍ക്കൊപ്പം മടങ്ങുകയായിരുന്നു. കന്യാസ്ത്രീകളുടെ സംഘത്തെ രാത്രി എട്ടുമണിയോടെ നിര്‍ബന്ധിതമായി ഝാന്‍സി സ്‌റ്റേഷനില്‍ ഇറക്കിയ റെയില്‍വേ പൊലീസ് 11 മണി വരെ റെയില്‍വേ പൊലീസ് സ്‌റ്റേഷനില്‍ കസറ്റഡിയില്‍ വച്ചു. തിരിച്ചറിയല്‍ കാര്‍ഡ് കാണിച്ചിട്ടുപോലും പൊലീസ് വിട്ടില്ല. കന്യാസ്ത്രീകളെ, പ്രാദേശിക സെന്റ് ജൂഡ്‌സ് ദേവാലയ അധികൃതരെത്തി പുറത്തിറക്കി താമസസൗകര്യമൊരുക്കുകയായിരുന്നുവെന്ന് ഡല്‍ഹി സഭയിലെ സിസ്റ്റര്‍ ഉഷ മരിയ പറഞ്ഞു. കന്യാസ്ത്രീകള്‍ അടുത്ത ദിവസം ടിക്കറ്റെടുത്ത് ഒഡിഷയിലേക്കു പോയി.

Read More: എൻ‌.വി.രമണയെ അടുത്ത ചീഫ് ജസ്റ്റിസായി ശുപാർശ ചെയ്ത് ജസ്റ്റിസ് എസ്.‌എ.ബോബ്ഡെ

ട്രെയിൻ ഡല്‍ഹിയിലെത്തിയപ്പോള്‍ അതിലുണ്ടായിരുന്ന ഒരു കൂട്ടം പുരുഷ സഹയാത്രികര്‍, തങ്ങള്‍ എവിടേക്കു പോകുകയാണെന്നും ആരാണെന്നും ഉന്നയിച്ച് ചോദ്യം ചെയ്യാന്‍ തുടങ്ങിയിരുന്നതായി കന്യാസ്ത്രീ സംഘത്തിലുണ്ടായിരുന്ന സിസ്റ്റര്‍ മരിയ പറഞ്ഞു.

” പെണ്‍കുട്ടികളെ സിസ്റ്റര്‍മാര്‍ മതപരിവര്‍ത്തനത്തിനായി കൂട്ടിക്കൊണ്ടുപോകുന്നതായി പുരുഷന്മാരുടെ സംഘം ആരോപിച്ചു. അവര്‍ ഝാന്‍സിയിലെ റെയില്‍വേ പൊലീസില്‍ പരാതിപ്പെടുകയും അവിടെ വച്ച് ട്രെയിനില്‍നിന്ന് ഇറങ്ങാന്‍ നിര്‍ബന്ധിക്കുകയും ചെയ്തു,”സിസ്റ്റര്‍ മരിയ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു.

കോച്ചിനുള്ളില്‍ വന്ന പൊലീസിന്റെ സാന്നിധ്യത്തില്‍, പെണ്‍കുട്ടികള്‍ അവരുടെ ഐഡന്റിറ്റി തെളിയിക്കുന്നതിനായി ആധാര്‍ കാര്‍ഡുകള്‍ കാണിച്ചു. ”അവര്‍ ഭയന്നിരുന്നു. പൊലീസും തങ്ങളെ ചോദ്യം ചെയ്തവരും പെണ്‍കുട്ടികളോട് ആധാര്‍ കാര്‍ഡുകള്‍ കാണിക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ അവരത് ചെയ്തു,”സിസ്റ്റര്‍ മരിയ പറഞ്ഞു.

ഇരു സന്യാസാര്‍ത്ഥിനികളുടെയും രക്ഷിതാക്കളെ ഝാന്‍സി റെയില്‍വേ പൊലീസ് സ്‌റ്റേഷനില്‍നിന്നു ഫോണില്‍ വിളിച്ചതായാണു വിവരം. ”പെണ്‍കുട്ടികള്‍ മുതിര്‍ന്നവരാണെന്നും അവര്‍ക്ക് ഇഷ്ടമുള്ളത് ചെയ്യാന്‍ എല്ലാ അവകാശവുമുണ്ടെന്നും മാതാപിതാക്കള്‍ പറഞ്ഞു. അതിനുശേഷം വിഷയം അവസാനിപ്പിച്ചു, എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ല,” ഇതുമായി ബന്ധപ്പെട്ട ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു.

മുഴുവന്‍ നടപടികളും സംസ്ഥാന സര്‍ക്കാരിനു കീഴിലുള്ള സര്‍ക്കാര്‍ റെയില്‍വേ പൊലീസാണ് നടത്തിയതെന്ന് നോര്‍ത്ത് സെന്‍ട്രല്‍ റെയില്‍വേ വക്താവ് അജിത് കുമാര്‍ സിങ് പറഞ്ഞു. ”ട്രെയിനില്‍ റെയില്‍വേ പൊലീസിനൊപ്പം റെയില്‍വേ സംരക്ഷണ ജവാന്മാരും ഉണ്ടായിരുന്നു. എന്നാല്‍ അവര്‍ക്കോ റെയില്‍വേയ്‌ക്കോ സംഭവത്തില്‍ പങ്കില്ല. റെയില്‍വേ പൊലീസിനാണു പരാതി ലഭിച്ചത്. യാത്രക്കാരെ പുറത്തിറക്കാനുള്ള തീരുമാനവും അവരുടേതാണ്. ക്രമസമാധാനപാലനം സംസ്ഥാന വിഷയമാണ്,” സിങ് ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു.

സംഭവത്തിൽ പ്രതിഷേധം അറിയിച്ച് കെസിബിസി രംഗത്തെത്തിയിരുന്നു. സംഭവം അങ്ങേയറ്റം പ്രതിഷേധാ‌ർഹവും രാജ്യശ്രദ്ധ ആവശ്യപ്പെടുന്നതുമാണെന്ന് കെസിബിസി പറഞ്ഞു. സേക്രട്ട് ഹാർട്ട് സന്യാസിനീ സമൂഹം കേരളത്തിൽനിന്നുള്ളത് ആയതിനാലും അതിക്രമത്തിന് ഇരയായ സന്യാസിനിമാരിൽ ഒരാൾ മലയാളി ആയതിനാലും കേരള സമൂഹത്തിന്റെയും കേരള സർക്കാരിന്റെയും പ്രത്യേക ശ്രദ്ധയും ഈ വിഷയത്തിൽ ആവശ്യമാണെന്നും കെസിബിസി ചൂണ്ടിക്കാട്ടി.

Web Title: Action must be taken against those who attacked nuns cm to amit shah

Next Story
ഇത് കേരളമാണ്, രാഷ്ട്രത്തെ വിറ്റുതുലയ്ക്കുന്ന ബിജെപിക്ക് ഇവിടെ നിലയുറപ്പിക്കാനാകില്ല: വിഎസ്VS Achuthanadan, വി.എസ് അച്ചുതാനന്ദൻ, LDF, എൽഡിഎഫ്, BJP, ബിജെപി, Kerala Assembly Election 20210, കേരള നിയമസഭ തിരഞ്ഞെടുപ്പ്, iemalayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com