കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ശസ്ത്രക്രിയ കഴിഞ്ഞ യുവതിയെ ജീവനക്കാരന്‍ പീഡിപ്പിച്ച സംഭവത്തില്‍ ആറ് ജീവനക്കാര്‍ക്കെതിരെ നടപടി. യുവതിയെ സ്വാധീനിക്കാന്‍ ശ്രമിച്ച താല്‍ക്കാലിക ജീവനക്കാരനെ പിരിച്ചുവിടുകയും അഞ്ച് പേരെ സസ്‌പെന്‍ഡും ചെയ്തു. സംഭവം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് അന്വേഷിച്ച് കര്‍ശന നടപടി സ്വീകരിക്കാന്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. മന്ത്രിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് നടപടി സ്വീകരിച്ചത്.
സംഭവത്തില്‍ പരാതി പിന്‍വലിക്കാന്‍ കടുത്ത സമ്മര്‍ദ്ദമുണ്ടെന്ന് യുവതി വെളിപ്പെടുത്തിയിരുന്നു. യുവതി ചികിത്സയില്‍ കഴിയുന്ന വാര്‍ഡില്‍ ആശുപത്രി ജീവനക്കാരില്‍ ചിലര്‍ ഔദ്യോഗിക വേഷത്തിലെത്തി മോശമായി സംസാരിക്കുകയും പരാതി പിന്‍വലിക്കാന്‍ ആവശ്യപ്പെടുകയുമായിരുന്നു. ഇതു സംബന്ധിച്ചു യുവതി ഇന്നലെ ആശുപത്രി സൂപ്രണ്ടിനു പരാതി നല്‍കിയിരുന്നു.
യുവതി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കേസെടുത്ത പൊലീസ് പ്രതിയായ വില്യാപ്പള്ളി മയ്യന്നൂര്‍ കുഴിപ്പറമ്പത്ത് ശശീന്ദ്രനെ (55) അറസ്റ്റ് ചെയ്തിരുന്നു. പ്രതിയുടെ സഹപ്രവര്‍ത്തകരായ ചിലരാണു പരാതിക്കാരിയെ നേരിട്ടു കണ്ടു പരാതി പിന്‍വലിക്കാന്‍ സമ്മര്‍ദം ചെലുത്തിയത്. തീവ്രപരിചരണ വിഭാഗത്തിലായിരുന്ന യുവതിയെ വാര്‍ഡിലേക്കു മാറ്റിയിട്ടുണ്ട്.