കൽപ്പറ്റ: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കന്യാസ്ത്രീകള്‍ ഹൈക്കോടതി ജംങ്ഷനില്‍ നടത്തിവന്ന സമരത്തില്‍ പങ്കെടുത്ത സിസ്റ്ററിനെതിരെ സഭ നടപടിയെടുത്തു. വയനാട് മാനന്തവാടി രൂപതയിലെ സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കെതിരെയാണ് നടപടി എടുത്തത്. സമരത്തില്‍ പങ്കെടുക്കുകയും സഭയുടെ നിലപാടിനെ ചോദ്യം ചെയ്യുകയും ചെയ്തതിലുമാണ് നടപടി.
സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കല്‍ വേദപാഠം, വിശുദ്ധ കുര്‍ബാന എന്നിവ നല്‍കുന്നത് മാനന്തവാടി രൂപത വിലക്കി. മദര്‍ സുപ്പീരിയര്‍ വഴിയാണ് വിവരം അറിയിച്ചത്. ഇടവക വികാരിയാണ് ഇത്തരത്തിലൊരു നിർദേശം നല്‍കിയത്. ഇന്ന് രാവിലെയാണ് കാരക്കാമലയിലെ മഠത്തില്‍ സിസ്റ്റര്‍ ലൂസി മടങ്ങിയെത്തിയത്. കുര്‍ബാന നടത്തുന്നതിലും ആത്മീയ പ്രവര്‍ത്തനങ്ങളിലും സജീവമായി പങ്കെടുത്തിരുന്ന കന്യാസ്ത്രീയായിരുന്നു സിസ്റ്റര്‍ ലൂസി.
അതേസമയം, ബലാത്സംഗ കേസില്‍ പൊലീസ് കസ്റ്റഡിയിലുള്ള മുന്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ ഇന്ന് തെളിവെടുപ്പിനായി കൊണ്ടുപോകും. ആദ്യ ബലാത്സംഗം നടന്ന കുറവിലങ്ങാട് മഠത്തിലാണ് ബിഷപ്പിനെ തെളിവെടുപ്പിനെത്തിക്കുക. ഇതിന് മുന്നോടിയായി കന്യാസ്ത്രീകളോട് മഠത്തില്‍ നിന്ന് മാറിനില്ക്കാന് പൊലീസ് നിര്‍ദേശിച്ചിട്ടുണ്ട്.
കന്യാസ്ത്രീക്കെതിരായ പീഡന പരാതിയില്‍ അറസ്റ്റിലായ ഫ്രാങ്കോ മുളയ്ക്കലിനെ രണ്ട് ദിവസത്തേക്കാണ് പെലീസ് കസ്റ്റഡിയില്‍ വിട്ടത്. ഇന്നലെ പാല മജിസ്ട്രേറ്റ് കോടതിയാണ് അന്വേഷണസംഘത്തിന്റെ അപേക്ഷയില്‍ രണ്ട് ദിവസത്തെ പൊലീസ് കസ്റ്റഡി അനുവദിച്ചത്. മൂന്ന് ദിവസത്തെ കസ്റ്റഡിയായിരുന്നു കോടതിയില്‍ അന്വേഷണ സംഘം ആവശ്യപ്പെട്ടത്. തിങ്കളാഴ്ച ഉച്ചയ്ക്ക് 2.30ന് വീണ്ടും കോടതിയില്‍ ഹാജരാക്കണം.
കുറവിലങ്ങാട് മഠത്തില്‍ കന്യാസ്ത്രീ പീഡിപ്പിക്കപ്പെട്ടതായി ആരോപിക്കപ്പെടുന്ന മുറിയിലെത്തിച്ച് തെളിവെടുപ്പ് നടത്തും. ജനങ്ങള്‍ തടിച്ചുകൂടാനുളള സാഹചര്യം മുന്നില്‍ കണ്ട് അതിരാവിലെ തന്നെ തെളിവെടുപ്പ് നടത്താനാണ് ഉദ്ദേശ്യം. ബിഷപ്പും കന്യാസ്ത്രീകളും മുഖാമുഖം വരുന്നത് ഒഴിവാക്കാനും പൊലീസ് ശ്രമിക്കും.
വൈദ്യ പരിശോധനയ്ക്ക് ശേഷം ബിഷപ്പിനെ കോട്ടയത്ത് ജില്ല പൊലീസ് ക്ലബില്‍ താമസിപ്പിച്ചിരിക്കുകയാണ്. രണ്ട് ദിവസത്തെ പൊലീസ് കസ്റ്റഡിയിലാണ് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ കോടതി വിട്ടിരിക്കുന്നത്. ശേഷിച്ച നടപടി ക്രമങ്ങള്‍ ഇതിനുളളില്‍ തീര്‍ക്കാനാണ് ശ്രമം.
മഠത്തില്‍വച്ച് രണ്ടുതവണ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ കന്യാസ്ത്രീയെ ബലാത്സംഗം ചെയ്തുവെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. അധികാരം ഉപയോഗിച്ച് ബിഷപ്പ് ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്തുവെന്നാണ് കേസ്. 342, 376(2)(സ),376(2)(ി), 377, 506(1) എന്നീ വകുപ്പുകളാണ് ബിഷപ്പിനെതിരെ ചുമത്തിയിരിക്കുന്നത്.