തിരുവനന്തപുരം: നടന്‍ ഷെയ്‌ൻ നിഗത്തിനെതിരെ കൂടുതല്‍ നടപടി വേണമെന്ന് ആവശ്യപ്പെട്ട് നിര്‍മാതാക്കളുടെ സംഘടന. നിര്‍മാതാക്കള്‍ക്കെതിരെ ഷെയ്‌ൻ നടത്തിയ പ്രസ്താവനയാണ് പുതിയ നീക്കങ്ങള്‍ക്ക് കാരണം. ഷെയ്‌ൻ നിഗത്തെ ഇതരഭാഷകളിലെ സിനിമകളിലും സഹകരിപ്പിക്കരുത് എന്നാവശ്യപ്പെട്ട് ഫിലിം ചേബര്‍ കത്ത് നല്‍കി. ദക്ഷിണേന്ത്യന്‍ ഫിലിം ചേംബറിനാണ് പ്രൊഡ്യൂസേഴ്‌സ് കൗണ്‍സില്‍ കത്ത് നല്‍കിയത്. ഇക്കാര്യം ഫിലിം ചേംബർ അധികൃതർ സ്ഥിരീകരിച്ചിട്ടുണ്ട്.

ഇതോടെ ഷെയ്‌ൻ നിഗത്തിന് മറ്റ് ഭാഷാ സിനിമകളിലും അഭിനയിക്കാൻ സാധിക്കില്ല. സമവായ ചർച്ചകൾ അട്ടിമറിക്കാൻ ശ്രമിച്ചു, നിർമാതാക്കൾക്കെതിരെ സംസാരിച്ചു എന്നീ കാര്യങ്ങളാണ് നിർമാതാക്കളുടെ സംഘടനയെ ചൊടിപ്പിച്ചത്. നിർമാതാക്കൾക്ക് മനോവിഷമമാണോ മനോരോഗമാണോ എന്ന് തനിക്ക് സംശയമുണ്ടെന്ന് ഷെയ്‌ൻ നിഗം കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. തങ്ങളെ പരിഹസിച്ചുള്ള പ്രസ്‌താവനയാണിതെന്ന് നിർമാതാക്കൾ ആരോപിച്ചു. ഇതോടെ പ്രശ്‌നം വഷളാകുകയായിരുന്നു.

Read Also: Horoscope Today December 11, 2019: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം

ഷെയ്‌ൻ നടത്തിയ പരാമര്‍ശത്തിനെതിരെ ‘അമ്മ’യും ‘ഫെഫ്‌ക’യും രംഗത്തെത്തി. ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ തല്‍ക്കാലത്തേക്ക് നിര്‍ത്തിവയ്ക്കാന്‍ സംഘടനാ നേതൃത്വങ്ങള്‍ തീരുമാനിച്ചു. ഷെയ്‌ൻ ഖേദം പ്രകടിപ്പിക്കാതെ ഇനി ചര്‍ച്ചകള്‍ നടത്തില്ലെന്നാണ് നിര്‍മാതാക്കളുടെ സംഘടനയുടെ അഭിപ്രായം.

തങ്ങള്‍ക്ക് മനോരോഗമാണെന്ന് പറഞ്ഞ ആളുമായി എങ്ങനെ ചര്‍ച്ച നടത്തുമെന്നാണ് നിര്‍മാതാക്കളുടെ സംഘടനയുടെ ചോദ്യം. ഷെയ്‌ൻ നിഗവുമായി ഇനി ചര്‍ച്ച വേണ്ടെന്ന് അമ്മയിലെ ഒരു വിഭാഗവും ആവശ്യപ്പെടുന്നതായാണ് റിപ്പോര്‍ട്ട്. സര്‍ക്കാര്‍ തലത്തിലും തെറ്റിദ്ധാരണയുണ്ടാക്കാന്‍ ഷെയ്‌ൻ ശ്രമിച്ചെന്നും നിർമാതാക്കൾ ആരോപിച്ചു.

Read Also: ഡിസംബർ ആറിന് ഇന്ത്യയ്ക്ക് 6 വിക്കറ്റ് ജയം, എട്ടിന് വിൻഡീസിന് 8 വിക്കറ്റ് ജയം; അപ്പോൾ 11ന്?

നിര്‍മാതാക്കള്‍ക്ക് മനോവിഷമമാണോ മനോരോഗമാണോ എന്നാണ് സംശയമെന്ന് നടന്‍ ഷെയ്ന്‍ നിഗം തിരുവനന്തപുരത്ത് പറഞ്ഞതാണ് ഇപ്പോൾ പുതിയ വിവാദങ്ങൾക്ക് കാരണം. ഐഎഫ്എഫ്‌കെ വേദിയില്‍ മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു ഷെയ്ന്‍. ചലച്ചിത്ര മേളയില്‍ ‘കുമ്പളങ്ങി നൈറ്റ്‌സി’ന്റെ പ്രദര്‍ശനത്തിന് എത്തിയപ്പോഴായിരുന്നു ഷെയ്നിന്റെ പ്രതികരണം.

പ്രശ്നങ്ങൾ ഒത്തുതീർപ്പാക്കാനാണ് എല്ലാവരും ശ്രമിക്കുന്നത്, എന്നാൽ ചർച്ചയ്ക്ക് ചെല്ലുമ്പോൾ തന്റെ ഭാഗം വിശദീകരിക്കാൻ അവസരം ലഭിക്കുന്നില്ലെന്നും റേഡിയോ പോലെ ഒരു കൂട്ടർ മാത്രമാണ് ഇരുന്ന് സംസാരിക്കുന്നതെന്നും ഷെയ്ൻ പറഞ്ഞു. ചർച്ചയ്ക്ക് ശേഷം വീണ്ടും ചിത്രീകരണത്തിനായി പോയപ്പോൾ, ഇക്കുറി നിർമാതാവല്ല മറിച്ച് സംവിധായകനും ക്യാമറാമാനുമായിരുന്നു തന്നെ ബുദ്ധിമുട്ടിച്ചതെന്നും അതിന് തന്റെ പക്കൽ തെളിവുകളുണ്ടെന്നും ഷെയ്ൻ പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook