കൊച്ചി: അഡീഷണല്‍ ചീഫ് സെക്രട്ടറി പദവിയിലുള്ള ഐഎഎസ് ഉദ്യോഗസ്ഥന്‍ രാജു നാരായണ സ്വാമിക്കെതിരെ ഉടന്‍ നടപടിയെടുക്കില്ല. വിശദീകരണം ആവശ്യപ്പെട്ട് മുഖ്യമന്ത്രി റിപ്പോര്‍ട്ട് തിരികെ അയച്ചു. ചീഫ് സെക്രട്ടറി അദ്ധ്യക്ഷനായ സമിതിയാണ് നടപടിക്ക് ശുപാര്‍ശ ചെയ്തത്. തന്നെ പിരിച്ചുവിടാന്‍ നീക്കം നടക്കുന്നതായി മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞതെന്ന് രാജു നാരായണ സ്വാമി പറഞ്ഞിരുന്നു. പിരിച്ചുവിടാനുള്ള നീക്കം തന്നോട് ആലോചിക്കാതെയാണ് സര്‍ക്കാര്‍ നടത്തുന്നതെന്നും സര്‍ക്കാര്‍ തന്റെ ജീവിതം വഴിമുട്ടിച്ചുവെന്നും രാജു നാരായണ സ്വാമി പറഞ്ഞു.
നാളികേര വികസന ബോര്‍ഡിലെ കോടികളുടെ അഴിമതി പുറത്തുകൊണ്ടുവന്നതിനാണ് തനിക്കെതിരെ പ്രതികാര നടപടി സ്വീകരിക്കുന്നതെന്നാണ് രാജു നാരായണ സ്വാമി മാധ്യമങ്ങളോട് പ്രതികരിച്ചത്. അഴിമതി കണ്ടുപിടിച്ചതിനുള്ള പ്രതിഫലമാണ് തനിക്ക് ലഭിച്ചതെന്നും രാജു നാരായണ സ്വാമി പറഞ്ഞു. പിരിച്ചുവിടാനുള്ള നീക്കവുമായി മുന്നോട്ടു പോകുകയാണെങ്കില്‍ നിയമപരമായി നേരിടുമെന്നും അദ്ദേഹം പറഞ്ഞു. അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ പദവിയിലുള്ള രാജു നാരായണ സ്വാമിക്ക് പത്ത് വര്‍ഷം സര്‍വീസ് ബാക്കി നില്‍ക്കെയാണ് പിരിച്ചുവിടാനുള്ള നീക്കം നടക്കുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്.
Read Also: പ്രവാസി വ്യവസായിയുടെ ആത്മഹത്യ; പി.കെ.ശ്യാമളക്കെതിരെ സിപിഎം
അഴിമതിക്കാര്‍ക്ക് കുട പിടിക്കാന്‍ തന്നെ കിട്ടില്ല. നാളികേര വികസന ബോര്‍ഡിലെ കോടികളുടെ അഴിമതിയാണ് പുറത്തുകൊണ്ടുവന്നത്. പിരിച്ചുവിടാന്‍ ആലോചന നടക്കുന്നുണ്ടെങ്കില്‍ അത് പ്രതികാര നടപടിയാണ്. തന്നെ പിരിച്ചുവിടാന്‍ തീരുമാനമെടുത്ത എല്ലാവര്‍ക്കുമെതിരെ ക്രിമിനല്‍ കേസ് ഫയല്‍ ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.
നാളികേര വികസന ബോര്‍ഡിലെ നിയമനപ്രശ്നം കോടതിയുടെ പരിഗണനയിലാണ്. കോടതി തീരുമാനം അനുസരിച്ചാണ് മറ്റുപദവികള്‍ ഏറ്റെടുക്കാത്തതെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ രാജു നാരായണ സ്വാമിയെ പിരിച്ചുവിടാന്‍ നീക്കമില്ലെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.
കഴിഞ്ഞ മാര്‍ച്ചില്‍ നാളികേര വികസന ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനം ഒഴിഞ്ഞിരുന്നു. കഴിഞ്ഞ നാല് മാസമായി ശമ്പളം വാങ്ങുന്നില്ല. ഇതു സംബന്ധിച്ച് എല്ലാ വിവരങ്ങളും സംസ്ഥാന സര്‍ക്കാരിനെ അറിയിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കേന്ദ്ര- സംസ്ഥാന സര്‍വീസുകളിലിരിക്കെ നിരുത്തരവാദപരമായും അച്ചടക്കമില്ലാതെയും പ്രവര്‍ത്തിച്ചു, സുപ്രധാന തസ്തികകള്‍ വഹിക്കുമ്പോഴും ഓഫീസുകളില്‍ പലപ്പോഴും ഹാജരായിരുന്നില്ല, കേന്ദ്ര സര്‍വീസില്‍ നിന്ന് തിരികെ എത്തിയത് സംസ്ഥാന സര്‍ക്കാരിനെ അറിയിച്ചില്ല, നാളികേര വികസന ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനത്തെ കാലാവധി പൂര്‍ത്തിയാക്കിയതിന് ശേഷം എവിടെയാണെന്നതിന് സര്‍ക്കാര്‍ രേഖകളിലില്ല തുടങ്ങിയ കുറ്റങ്ങളാണ് രാജു നാരായണ സ്വാമിക്കെതിരെയുള്ളത്. ഇത്തരം ആരോപണങ്ങൾക്ക് പുറത്താണ് പിരിച്ചുവിടാനുള്ള നടപടികൾ സർക്കാർ സ്വീകരിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ.
ചീഫ് സെക്രട്ടറിക്ക് രണ്ട് കത്തുകൾ താൻ നൽകിയെന്നും ഇതിലൊന്നും മറുപടി ലഭിച്ചില്ലെന്നും നാരായണ സ്വാമി പറഞ്ഞു. 2007 ലെ മൂന്നാർ വിഷയം മുതൽ തന്നെ വേട്ടയാടൽ ആരംഭിച്ചതാണെന്നും രാജു നാരായണ സ്വാമി പറഞ്ഞു.