പൊലീസിലെ ദാസ്യപ്പണി വിവാദം; എഡിജിപി സുദേഷ് കുമാറിനെതിരെ നടപടി, ബറ്റാലിയൻ മേധാവി സ്ഥാനത്തുനിന്നും മാറ്റി

സുദേഷ് കുമാറും കുടുംബവും പൊലീസുകാരെക്കൊണ്ട് ദാസ്യപ്പണി ചെയ്യിക്കുന്നതായി ആരോപണം ഉയർന്നിരുന്നു

തിരുവനന്തപുരം: എഡിജിപി സുദേഷ് കുമാറിനെതിരായ ആരോപണങ്ങളിൽ നടപടി. ആംഡ് പൊലീസ് ബറ്റാലിയൻ മേധാവി സ്ഥാനത്തുനിന്നും സുദേഷ് കുമാറിനെ മാറ്റി. എഡിജിപി ആനന്ദകൃഷ്‌ണന് പകരം ചുമതല നൽകി. അതേസമയം, സുദേഷ് കുമാറിന് പുതിയ നിയമനം നൽകിയിട്ടില്ല. പൊലീസിലെ മറ്റേതെങ്കിലും തസ്‌തികയിലേക്കോ അതല്ലെങ്കിൽ പൊലീസിനു പുറത്ത് ഏതെങ്കിലും പൊതുമേഖലാ സ്ഥാപനത്തിന്റെ തലപ്പത്തേക്കോ ആയിരിക്കും അദ്ദേഹത്തെ നിയമിക്കുകയെന്നാണ് വിവരം.

സുദേഷ് കുമാറും കുടുംബവും പൊലീസുകാരെക്കൊണ്ട് ദാസ്യപ്പണി ചെയ്യിക്കുന്നതായി ആരോപണം ഉയർന്നിരുന്നു. സുദേഷ് കുമാറിന്റെ ഔദ്യോഗിക വാഹനത്തിന്റെ ഡ്രൈവർ ഗവാസ്‌കർ എഡിജിപിയുടെ മകൾ മർദ്ദിച്ചതായി പരാതി നൽകിയതോടെയാണ് ദാസ്യപ്പണിയെക്കുറിച്ചുളള കൂടുതൽ വിവരങ്ങൾ പുറത്തുവന്നത്.

എഡിജിപിയുടെ മകളെയും ഭാര്യയെയും പ്രഭാത നടത്തത്തിനായി ഔദ്യോഗിക വാഹനത്തില്‍ ഗവാസ്കർ കനകക്കുന്നില്‍ കൊണ്ടുപോയി. തിരികെ വരുന്ന സമയത്ത് വാഹനത്തിലിരുന്ന് മകൾ സ്‌നികത അസഭ്യം പറഞ്ഞു. ഇതിനെ എതിർത്തതോടെ എഡിജിപിയുടെ മകൾ മൊബൈൽ ഫോണുപയോഗിച്ച് കഴുത്തിന് പുറകിലിടിച്ചെന്നാണ് ഗവാസ്കർ പരാതി നൽകിയത്.

എഡിജിപിയുടെ വീട്ടിൽ നടക്കുന്നത് നഗ്നമായ മനുഷ്യത്വ ലംഘനമാണെന്നും ഗവാസ്കർ ആരോപിച്ചിരുന്നു. പട്ടിയെ പരിശീലിപ്പിക്കാൻ വിസമ്മതിച്ച പൊലീസുകാരനെ കാസർകോടിലേക്ക് സ്ഥലം മാറ്റി. മകളെ നോക്കി ചിരിച്ചതിന് അഞ്ചു പൊലീസുകാരെ നല്ല നടപ്പിന് അയച്ചു. തന്റെ നിരപരാധിത്വം കോടതിയിൽ തെളിയിക്കുമെന്നും ഗവാസ്‌കർ പറഞ്ഞു.

അതിനിടെ, എഡിജിപിയുടെ ഭാര്യയും മകളും ഔദ്യോഗിക വാഹനം ദുരുപയോഗം ചെയ്‌തതായി വ്യക്തമായിട്ടുണ്ട്. ഔദ്യോഗിക വാഹനത്തിലാണ് ഇവർ പ്രഭാത നടത്തത്തിനായി പോയതെന്ന് എഫ്ഐആറില്‍ പറയുന്നു.

എഡിജിപിയുടെ മകള്‍ പൊലീസ് ഡ്രൈവര്‍ ഗവാസ്കറെ മര്‍ദിച്ചെന്ന് വ്യക്തമാക്കുന്ന മെഡിക്കല്‍ കോളജിലെ പരിശോധനാ റിപ്പോര്‍ട്ട് പുറത്തുവന്നിട്ടുണ്ട്. കഴുത്തിന് പിന്നിലുള്ള നട്ടെല്ലിലെ കശേരുക്കള്‍ക്ക് ക്ഷതമേറ്റെന്നാണ് മെഡിക്കല്‍ രേഖകള്‍.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Action against adgp sudesh kumar

The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express