കൊച്ചി: പ്രമുഖ എഴുത്തുകാരി മാധവിക്കുട്ടിയുടെ ജീവിതത്തെ ആസ്പദമാക്കി കമല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തെ ചുറ്റിപ്പറ്റി വിവാദങ്ങള്‍ ഉണ്ടാക്കരുതെന്ന അപേക്ഷയുമായി നടി മഞ്ജു വാര്യര്‍ രംഗത്ത്. കമലിന്റെ ആമിയെ ഒരു സിനിമയായും തന്റേത് അതിലെ ഒരു കഥാപാത്രമായും മാത്രം കാണണമെന്ന് മഞ്ജു തന്റെ ഫെയ്സ്ബുക്കില്‍ കുറിച്ചു.
‘ഞാൻ ഇതിൽ അഭിനയിക്കുന്നത് എന്റെ രാഷ്ട്രീയത്തിന്റെ പ്രഖ്യാപനമായിട്ടല്ല. ഭാരതത്തിൽ ജനിച്ച ഏതൊരാളെയും പോലെ ‘എന്റെ രാജ്യമാണ് എന്റെ രാഷ്ട്രീയമെന്നും’ മഞ്ജു കൂട്ടിച്ചേര്‍ത്തു.
ഇതിനകം ഈ ചിത്രത്തെച്ചൊല്ലി ധാരാളം വാദപ്രതിവാദങ്ങളും പ്രചാരണങ്ങളും ഉയർന്നതുകൊണ്ട് ഒരു കാര്യം വ്യക്തമാക്കട്ടെ. ഞാൻ ഇതിൽ അഭിനയിക്കുന്നത് എന്റെ രാഷ്ട്രീയത്തിന്റെ പ്രഖ്യാപനമായിട്ടല്ല. ചിത്രത്തിന്റെ സംവിധായകൻ കമൽസാറിനെ ചുറ്റിയുളള രാഷ്ട്രീയചർച്ചകളിലെ പക്ഷംചേരലായി ഇതിനെ വ്യാഖ്യാനിക്കുകയുമരുതെന്നും മഞ്ജു അപേക്ഷിക്കുന്നു.
കമൽ സാർ എനിക്ക് ഗുരുതുല്യനാണ്. അദ്ദേഹത്തിന്റെ ‘ഈ പുഴയും കടന്നും’, ‘കൃഷ്ണഗുഡിയിൽ ഒരു പ്രണയകാലത്തും’ പോലെയുള്ള സിനിമകൾ എന്റെ അഭിനയജീവിതത്തിലെ എക്കാലത്തെയും വലിയ ഭാഗ്യങ്ങളാണ്. കമൽ സാറിന്റെ രാഷ്ട്രീയമല്ല, അദ്ദേഹത്തിലെ കലാകാരനോടുള്ള ആദരവും ഇരുപതുവർഷത്തിനുശേഷം ഒപ്പം പ്രവർത്തിക്കാൻ അവസരം കിട്ടിയതിലുള്ള ആവേശവുമാണ് ഇപ്പോൾ ഉള്ളിലെന്നും മഞ്ജു കൂട്ടിച്ചേര്‍ത്തു.
എന്നും രണ്ടുനേരം അമ്പലത്തിൽ ദീപാരാധന തൊഴുന്നയാളാണ് ഞാൻ. അതേപോലെ പള്ളിക്കും മസ്ജിദിനും മുന്നിലെത്തുമ്പോൾ പ്രണമിക്കുകയും ചെയ്യുന്നു. ഇല്ലാത്ത അർഥതലങ്ങൾ നൽകി വിവാദമുണ്ടാക്കുന്നവർ ഉദ്ദേശിക്കുന്നത് മറ്റുപലതുമാണെന്നും അത് തിരിച്ചറിയേണ്ടിയിരിക്കുന്നുവെന്നും മഞ്ജു വിമര്‍ശിച്ചു.
ഈ സിനിമ ഓരോ മലയാളിയുടെയും അഭിമാനമായി മാറുമെന്നും ഇത് ലോകസിനിമയ്ക്കുള്ള മലയാളത്തിന്റെ ഐതിഹാസികമായ സമർപ്പണമാകുമെന്നുമാണ് വിശ്വാസം. തന്നെ മുൻനിർത്തി ചേരിതിരിഞ്ഞുള്ള വിവാദ ചർച്ചകൾക്കു പകരം ഈ നല്ല സിനിമക്കായി ഒരുമിച്ചു നിൽക്കണമെന്ന് അഭ്യർഥിക്കുന്നതായും പിന്തുണ പ്രതീക്ഷിക്കുന്നതായും മഞ്ജു പറഞ്ഞു. ഇത് ആദ്യമായാണ് വെള്ളിത്തിരയില്‍ താന്‍ തന്നെയായിരിക്കും ആമിയെ അവതരിപ്പിക്കുക എന്ന് മഞ്ജു വാര്യര്‍ സ്ഥിരീകരിക്കുന്നത്.
നേരത്തേ മഞ്ജു വാര്യര്‍ക്ക് ഫെയ്സ്ബുക്കില്‍ തീവ്ര ഹിന്ദുത്വ വാദികള്‍ ആക്രമണം നടത്തിയിരുന്നു. ലൗ ജിഹാദ് പ്രചരിപ്പിക്കുകയും പ്രധാനമന്ത്രിയെ നരഭോജിയെന്ന് വിളിക്കുകയും ചെയ്ത കമലിന്റെ ചിത്രത്തില്‍ ആമിയായി അഭിനയിക്കുന്നത് മഞ്ജു വാര്യര്‍ എന്ന നടിയ്ക്ക് നല്ലതല്ലെന്ന് ഇവര്‍ മുന്നറിയിപ്പ് നല്കി.
കമലിനെ കമാലുദ്ധീന് എന്ന് വിശേഷിപ്പിച്ചാണ് സംഘപരിവാര്‍ അനുകൂലികളുടെ ഓരോ പോസ്റ്റുകളും. സൈറ ബാനു എന്ന ചിത്രത്തിന്റെ പ്രചരണത്തിനായി എടുത്ത ചിത്രം മഞ്ജു ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു. ഇതിന് താഴെയാണ് സൈബര്‍ആക്രമണം നടന്നത്. ചിത്രം കൊള്ളില്ലെന്നും നാളെ കമലിന്റെ ചിത്രത്തില്‍ അഭിനയിച്ചതിന് ശേഷം മഞ്ജുവാര്യർ ഫാത്തിമയോ സുഹൈറയോ ആയി തീരില്ലെന്ന് ആര് കണ്ടുവെന്നും പറയുന്നത് അടക്കമുള്ള വിദ്വേഷ കമന്റുകള്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. മഞ്ജുവിന് പിന്തുണ അറിയിക്കുന്നവരും രംഗത്തെത്തിയതോടെ മഞ്ജുവിന്റെ ആമിയെ മധ്യത്തില്‍ നിര്‍ത്തി ഇവര്‍ ചേരിതിരിഞ്ഞ് തല്ലുകൂടി.
മലയാളത്തിന്റെ പ്രിയ എഴുത്തുകാരി മാധവിക്കുട്ടിയുടെ ജീവിതം സിനിമയാകുമ്പോൾ ആരാകും ആമിയെന്ന് ഏവരും ആകാംഷയോടെ നോക്കിയിരുന്ന കാര്യമായിരുന്നു. നേരത്തെ ആമിയായി തീരുമാനിച്ചിരുന്നത് വിദ്യാബാലനെയായിരുന്നു. എന്നാൽ ചിത്രീകരണം തുടങ്ങുന്നതിന് തൊട്ട് മുൻപ് വിദ്യാബാലൻ ചിത്രത്തിൽ നിന്ന് പിന്മാറി. ഇത് നിരവധി ചർച്ചകൾക്കും വഴി തെളിയിച്ചിരുന്നു. ആമിയാകുന്നതിന് വേണ്ടി മലയാളം പഠിക്കുകയും ഫോട്ടോഷൂട്ടിൽ പങ്കെടുക്കുകയും ചെയ്തതിന് ശേഷമായിരുന്നു വിദ്യയുടെ പിന്മാറ്റം.
എന്ന് നിന്റെ മൊയ്തീനിലെ നായികയായ പാർവതി, തബു എന്നിവർ കമലിന്റെ ആമിയാകുമെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. അതോടൊപ്പം വിവാഹശേഷം അഭിനയത്തിൽ നിന്ന് മാറി നിൽക്കുന്ന മലയാളത്തിന്റെ പ്രിയ നായിക പാർവതി ആമിയാകുന്നെന്ന് സിനിമാലോകത്ത് നിന്ന് വാർത്തകളുണ്ടായിരുന്നു. എന്നാൽ പാർവതിയോടടുത്ത വൃത്തങ്ങൾ ഈ വാർത്ത നിഷേധിച്ചിരുന്നു.
അതിന് ശേഷമാണ് മഞ്ജുവാണ് ആമിയെന്ന തരത്തിൽ റിപ്പോർട്ടുകളുണ്ടായത്. കമൽ തന്നെ ഇക്കാര്യത്തിൽ സ്ഥിരീകരണവുമായെത്തിയതോടെ സംശയങ്ങൾക്കും അഭ്യൂഹങ്ങൾക്കും വിരാമമായി. ഇതോടെയാണ് സംഘപരിവാര്‍ അനുകൂലികള്‍ മഞ്ജുവിനെതിരെ സൈബര്‍ ആക്രമണവുമായി രംഗത്തെത്തിയത്.
മഞ്ജു വാര്യരുടെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം,