കൊല്ലം:  ചവറ കെഎംഎംഎല്ലില്‍ നിന്നും സമീപവാസികള്‍ക്ക് വിതരണം ചെയ്യുന്ന ശുദ്ധജലത്തില്‍ ആസിഡ് കലർന്ന സംഭവത്തിൽ കെഎംഎംഎൽ പിഴവ് സമ്മതിച്ചു. ഇതുമായി ബന്ധപ്പെട്ട റിപ്പോർട്ട് കെഎംഎംഎല്‍ എംഡി റോയി കുര്യന്‍ സര്‍ക്കാരിന് സമർപ്പിച്ചു

ഈ മാസം പതിനൊന്നിനാണ് ആസിഡ് കലര്‍ന്ന ജലം സമീപവാസികള്‍ക്ക് വിതരണം ചെയ്തതായി പരാതി ഉയര്‍ന്നത്. വിശദമായ അന്വേഷണത്തിന് റിയാബ് ചെയര്‍മാൻ എൻ ശശിധരന്‍ നായരെ വ്യവസായ വകുപ്പ് ചുമതലപ്പെടുത്തി. പരാതി അടിസ്ഥാന രഹിതമാണെന്നായിരുന്നു കെഎംഎംഎല്ലിന്‍റെ ആദ്യ നിലപാട്.

എന്നാൽ ചവറ നിവാസികൾ വ്യവസായ വകുപ്പ് സെക്രട്ടറിയെ നേരിൽ കണ്ട് പരാതിപ്പെട്ടതോടെ പ്രാഥമിക അന്വേഷണത്തിന് ഉത്തരവിട്ടു. സെപ്റ്റംബർ 11 ന് വിതരണം ചെയ്ത സാമ്പിൾ എടുത്ത് പരിശോധിച്ചപ്പോൾ ഇതിൽ ആസിഡിന്റെ അംശം വ്യക്തമായി.

കെഎംഎംഎല്ലിലെ ഓക്സിഡേഷൻ പ്ലാന്റിലെ എമര്‍ജൻസി വാട്ടര്‍ ലൈനിലുണ്ടായ ചോർച്ചയാണ് ആസിഡ് കലരാൻ കാരണമെന്ന് തുടർന്ന് നടത്തിയ അന്വേഷണത്തിൽ വ്യക്തമായി. ഇക്കാര്യം വ്യക്തമാക്കിയാണ് കെഎംഎംഎൽ മാനേജിങ് ഡയറക്ടർ റോയ് കുര്യൻ റിപ്പോർട്ട് സമർപ്പിച്ചിരിക്കുന്നത്.

ജലവിതരണ നിയന്ത്രണ സംവിധാനത്തിലെ ഉപകരണങ്ങളുടെ തകരാര്‍ മറ്റിടങ്ങളിലേക്കും വ്യാപിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്. ആസിഡ് കലർന്നതാണെന്ന് വ്യക്തമായതോടെ സമീപവാസികളും ആശങ്കയിലാണ്. ചിലർ ഈ വെളളം ഉപയോഗിച്ചതാണ് ആശങ്ക വർദ്ധിക്കാൻ കാരണം.

ഇതോടെ കെഎംഎംഎല്ലിൽ നിന്ന് ജനങ്ങൾക്ക് കുടിവെളളം വിതരണം ചെയ്യുന്നത് താത്കാലികമായി നിർത്തി. റിയാബ് ചെയര്‍മാൻ എൻ ശശിധരന്‍ നായര്‍ വിശദമായ അന്വേഷണ റിപ്പോര്‍ട്ട് ഒക്ടോബര്‍ ഒന്നിന് സമര്‍പ്പിക്കും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.