അടിമാലി: ഇടുക്കി അടിമാലിയിൽ യുവാവിനു നേരെ യുവതിയുടെ ആസിഡ് ആക്രമണം. തിരുവനന്തപുരം സ്വദേശിയായ യുവാവിന്റെ ഒരു കണ്ണിന്റെ കാഴ്ച നഷ്ട്ടപ്പെട്ടു. സംഭവത്തിൽ അടിമാലി സ്വദേശിനി ഷീബ (35)യെ പൊലീസ് അറസ്റ്റ് ചെയ്തു.
കഴിഞ്ഞ ചൊവ്വാഴ്ച രാവിലെയായിരുന്നു ആക്രമണം. രണ്ടു വർഷം മുൻപ് ഫെയ്സ്ബുക്കിലൂടെ പരിചയപ്പെട്ട ഇരുവരും ഇഷ്ടത്തിലായിരുന്നു. ഷീബ വിവാഹിതയും രണ്ട് കുട്ടികളുടെ അമ്മയുമാണെന്നറിഞ്ഞത്തോടെ യുവാവ് ബന്ധത്തിൽ നിന്നും പിന്മാറിയതാണ് ആക്രമണത്തിന് കാരണം എന്നാണ് വിവരം. അടിമാലി ഇരുമ്പുപാലം കത്തോലിക്കാ പള്ളിയിൽ വെച്ചാണ് സംഭവം നടന്നത്. ആക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
അരുണിനെ അടിമാലിയിലേക്ക് വിളിച്ചു വരുത്തിയ ശേഷമായിരുന്നു ആക്രമണം. പള്ളിയുടെ മുന്നിൽ തിരിഞ്ഞു നിന്നിരുന്ന അരുണിന്റെ മുഖത്തേക്ക് ഷീബ ആസിഡ് ഒഴിക്കുകയായിരുന്നു. മുഖത്ത് സാരമായി പരുക്കേറ്റ അരുണിനെ ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കളാണ് ആശുപത്രിയിൽ എത്തിച്ചത്. അടിമാലിയിലെ ആശുപത്രിയിലെ പ്രാഥമിക ചികിത്സക്ക് ശേഷം ഇയാളെ തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റി.
അരുണിന്റെ പരാതിയിൽ അടിമാലി പൊലീസാണ് കേസെടുത്തിരിക്കുന്നത്. ആക്രമണത്തിനിടയിൽ പരുക്കേറ്റ ഷീബ ആശുപത്രിയിൽ ചികിത്സ തേടാതെ ഭർത്താവിന്റെ വീട്ടിൽ കഴിയുകയായിരുന്നു എന്നാണ് വിവരം. അവിടെ നിന്നുമാണ് പൊലീസ് കസ്റ്റഡിയിൽ എടുത്തത്. പള്ളിയിൽ നിന്നുള്ള സിസിടിവി ദൃശ്യങ്ങളും പൊലീസ് ശേഖരിച്ചിട്ടുണ്ട്.