കല്‍പ്പറ്റ: വയനാട് അമ്പലവയലില്‍ യുവതിക്കും മകള്‍ക്കും നേരെ ആസിഡ് ആക്രമണം. മുഖത്തു ഗുരുതരമായി പൊള്ളലേറ്റ ഇരുവരെയും കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ യുവതിയുടെ ഭര്‍ത്താവിനെതിരെ പൊലീസ് കേസെടുത്തു.
അമ്പവയലിലെ വിനോദസഞ്ചാര കേന്ദ്രമായ ഫാന്റം റോക്കിനു സമീപം ശീതളപാനീയങ്ങള്‍ വില്‍ക്കുന്ന കട നടത്തുന്ന നിജിത(31)യ്ക്കും മകള്‍ അളകനന്ദ (12)യ്ക്കുമെതിരെയാണ് ആക്രമണം നടന്നത്.
ഇന്ന് ഉച്ചയ്ക്ക് ഒരുമണിയോടെയായിരുന്നു സംഭവം. നിജിതയുടെ ഭര്‍ത്താവ് സനലിനെതിരെ വധശ്രമത്തിനാണു പൊലീസ് കേസെടുത്തിരിക്കുന്നത്. പിന്നിലൂടെ എത്തിയ യുവാവ് പൊടുന്നനെ ആക്രമണം നടത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
ബൈക്കിലെത്തി ആക്രമണം നടത്തിയ സനല്‍ ഇതേ വാഹനത്തില്‍ തന്നെ സനല്‍ രക്ഷപ്പെട്ടതായി പൊലീസ് പറഞ്ഞു. ഇയാള്‍ക്കായി പൊലീസ് തിരച്ചില്‍ ഊര്‍ജിതമാക്കി. ഇയാള്‍ രക്ഷപ്പെടുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിനു ലഭിച്ചിട്ടുണ്ട്.
Also Read: തിരുവനന്തപുരം വിമാനത്താവളത്തിലെ ഉന്നത ഉദ്യോഗസ്ഥനെതിരെ പീഡനക്കേസ്
യുവാവ് ഒഴിച്ചത് ആസിഡാണെന്ന് ആര്‍ക്കും ആദ്യം മനസിലായിരുന്നില്ല. പിന്നീടാണ് ഇതുതിരിച്ചറിഞ്ഞതെന്നും ഉടനെ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്കു മാറ്റുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു.
കണ്ണൂര്‍ കൊട്ടിയൂരില്‍നിന്ന് ഒരു മാസം മുന്‍പാണ് നിജിതയും മകളും അമ്പലവയലില്‍ എത്തിയത്. കട ഉള്‍പ്പെടുന്ന കെട്ടിടത്തിന്റെ മുകളിലെ നിലയിലാണു താമസം. നാട്ടുകാര്‍ക്ക് ഇവരെ വലിയതോതില്‍ പരിചയമുണ്ടായിരുന്നില്ല. ഇതാണ് പ്രതി രക്ഷപ്പെടാന്‍ ഇടയാക്കിയത്.
എറണാകുളത്തെ സ്വകാര്യ കമ്പനിയിലെ ജീവനക്കാരനാണ് സനല്‍. കുടുംബപ്രശ്‌നങ്ങള്‍ മൂലം സനലും നിജിതയും നാളുകളായി അകന്നു കഴിയുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.