കൊച്ചി: പ്രമുഖ നടിയെ തട്ടിക്കൊണ്ടു പോയ കേസിൽ മുഖ്യപ്രതിയെന്ന് പൊലീസ് സംശയിക്കുന്ന പൾസർ സുനി മുൻകൂർ ജാമ്യാപേക്ഷ നൽകി. ഇത് കോടതി നാളെ പരിഗണിക്കും. താൻ നിരപരാധിയാണെന്ന വാദമാണ് പ്രതി ജാമ്യാപേക്ഷയിൽ നൽകിയിരിക്കുന്നത്.
സുനിയുടെ കൂട്ടുപ്രതികളായ ബിജീഷും മണികണ്ഠനും ജാമ്യാപേക്ഷ സമർപ്പിച്ചിട്ടുണ്ട്. മൂവരും കേരളം വിട്ടിട്ടില്ലെന്ന് അന്വേഷണ സംഘം ഉറപ്പിച്ച് പറയുന്നതിനിടെയാണ് പ്രതികളുടെ ജാമ്യാപേക്ഷ കോടതിയിലെത്തിയത്. ഇവർ മൂവരും ഒരുമിച്ച് ഒളിവിൽ കഴിയുകയാണെന്ന് നേരത്തേ തന്നെ അന്വേഷണ സംഘം സംശയിക്കുന്നുണ്ട്. ഇവരുടെ അടുത്ത സുഹൃത്തുക്കളെയും സിനിമാ ബന്ധങ്ങളെയും ചുറ്റിപ്പറ്റിയാണ് താവളം കണ്ടെത്താനുള്ള ശ്രമം പൊലീസ് നടത്തുന്നത്.
ആലുവ ബാറിലെ രണ്ട് അഭിഭാഷകരാണ് പ്രതികൾക്കായി കോടതിയിൽ ഹാജരായത്. പൾസർ സുനിയുടെകേസുകൾ മുൻപ് കൈകാര്യം ചെയ്തവരാണ് ഇവർ. ശനിയാഴ്ച രാത്രിയാണ് മൂവരും തങ്ങളെ കാണാനെത്തിയതെന്നും, തൃശ്ശൂരിൽ ബന്ധുവിന്റെ വിവാഹത്തിൽ പങ്കെടുത്ത സമയത്തായതിനാൽ കാര്യങ്ങളൊന്നും അറിഞ്ഞിരുന്നില്ലെന്നും അഭിഭാഷകരിലൊരാൾ മാതൃഭൂമി ന്യൂസ് ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. “മുഖം മൂടി ധരിച്ചാണ് മൂവരും എത്തിയത്. തങ്ങൾക്കെതിരെ 376 വകുപ്പ് ചുമത്തിയത് ശരിയല്ലെന്നും, തങ്ങൾ തെറ്റ് ചെയ്തിട്ടില്ലെന്നും അവർ പറഞ്ഞു. ഞായറാഴ്ച അവധിയായതിനാൽ തിങ്കളാഴ്ച കോടതിയിൽ കേസ് നൽകാമെന്ന് ഞങ്ങൾ ഉറപ്പുനൽകി.” അദ്ദേഹം കൂട്ടിച്ചേർത്തു.
വെള്ളിയാഴ്ച രാത്രിയാണ് തൃശ്ശൂരിൽ നിന്നും കൊച്ചിയിലേക്ക് വന്ന താരത്തെ സുനിലിന്റെ നേതൃത്വത്തിൽ അത്താണിയിൽ വച്ച് തട്ടിക്കൊണ്ടു പോയത്. സംഘത്തിൽ നടിയുടെ വാഹനമോടിച്ച മാർട്ടിനെ കസ്റ്റഡിയിലെടുത്തിരുന്നു. പിന്നീട് കോയന്പത്തൂരിൽ നിന്ന് മറ്റ് രണ്ട് പ്രതികളെയും പിടികൂടി. കസ്റ്റഡിയിലുള്ളവരുടെ മൊഴിയിൽ നിന്നുളള വിവരത്തിന്റെ കൂടെ അടിസ്ഥാനത്തിലാകും നാളെ കോടതിയിൽ സുനിയ്ക്കെതിരായ വാദം പൊലീസ് ഉന്നയിക്കുക. എന്നാൽ മുൻകൂർ ജാമ്യാപേക്ഷ പരിഗണയ്ക്ക് എടുക്കുന്നതിന് മുമ്പ് തന്നെ പേരെയും പിടികൂടാനുള്ള ശ്രമത്തിലാണ് പൊലീസ്.