കോഴിക്കോട്: എലത്തൂരില്‍ ട്രെയിനില്‍ തീവെച്ച കേസില്‍ പിടിയിലായ ഷാരൂഖ് സെയ്ഫി കുറ്റം സമ്മതിച്ചതായി മഹാരാഷ്ട്ര എടിഎസ്. മൊബൈല്‍ ഫോണ്‍, എടിഎം കാർഡ്, ആധാര്‍, പാന്‍ കാര്‍ഡുകൾ എന്നിവ ഇയാളില്‍ നിന്ന് പിടിച്ചെടുത്തതായുമാണ് ലഭിക്കുന്ന വിവരം. തുടരന്വേഷണത്തിനായി ഷാരൂഖിനെ കേരള എടിഎസിന് കൈമാറി.
മഹാരാഷ്ട പ്രത്യേക അന്വേഷണ സംഘമാണ് ഷഹറൂഖ് സെയ്ഫിയെ പിടികൂടിയത്. മഹാരാഷ്ട്രയിലെ രത്‌നഗിരിയില്‍നിന്നാണ് പ്രതി പിടിയിലായത്. ആലപ്പുഴ-കണ്ണൂര്‍ എക്സിക്യൂട്ടീവ് എക്സ്പ്രസിലാണ് യാത്രക്കാര്‍ക്ക് നേരെ പെട്രോളൊഴിച്ച് തീകൊളുത്തിയത്.
മഹാരാഷ്ട്രയിലെ രത്‌നഗിരിയിലെ ഒരു ആശുപത്രിയില്‍ ചികിത്സ തേടി മടങ്ങവെയാണ് പ്രതിയെ പിടികൂടിയതെന്നാണ് വിവരം. പ്രതിയുടെ മുഖത്ത് പൊള്ളലേറ്റ പാടുകളുണ്ട്. ഇതിന് ചികിത്സ തേടാനാണ് ഇയാള്‍ രത്‌നഗിരിയിലെ ആശുപത്രിയിലെത്തിയിരുന്നത്. ഫോണ്‍ ലൊക്കേഷന്‍ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ അടിസ്ഥാനമാക്കിയാണ് അന്വേഷണ സംഘം പ്രതിയെ കണ്ടെത്തിയത്.
ഏലത്തൂര്‍ ട്രെയിന്‍ തീവെപ്പ് കേസിലെ പ്രതിയെ പിടികൂടിയെന്ന വിവരം എ.ഡി.ജി.പി. എം.ആര്‍. അജിത്കുമാര്‍ സ്ഥിരീകരിച്ചു. ട്രെയിന്‍ തീവെപ്പ് കേസിലെ പ്രതിയെന്ന് സംശയിക്കുന്നയാളെ പിടികൂടിയിട്ടുണ്ടെന്നും വിവിധ ഏജന്‍സികളുമായി സഹകരിച്ച് നടത്തിയ ഓപ്പറേഷനിലാണ് ഇയാള്‍ പിടിയിലായതെന്നും അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കുന്ന എ.ഡി.ജി.പി. എം.ആര്‍.അജിത്കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു.
അക്രമം നടന്ന എലത്തൂരില്‍ നിന്ന് പ്രതിയുടേതെന്ന് സംശയിച്ച് കസ്റ്റഡിയിലെടുത്ത ബാഗിലെ നോട്ട് പാഡില്‍ ഷാരൂഖ് സൈഫി-കാര്‍പ്പെന്റര്‍, ഫക്രുദീന്‍-കാര്‍പ്പെന്റര്‍, ഹാരിം-കാര്‍പ്പെന്റര്‍ എന്നീ പേരുകള്‍ എഴുതിവെച്ചിട്ടുണ്ടായിരുന്നു. നോയിഡ എന്നാണ് സ്ഥലപ്പേരുണ്ടായിരുന്നത്. ഉപേക്ഷിക്കപ്പെട്ട ബാഗില്‍നിന്ന് കിട്ടിയ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ചും അന്വേഷണം നടത്തി. ബാഗില്‍നിന്ന് കിട്ടിയ യൂട്യൂബ് ചാനലിന്റെ പേര് പ്രതിയിലേക്കെത്തുന്നതിന് പോലീസിന് കൂടുതല്‍ സഹായിച്ചു. ഉത്തര്‍ പ്രദേശില്‍ വ്യാപകമായ തിരച്ചില്‍ നടത്തിയിരുന്നു.
ഞായറാഴ്ചയാണ് രാത്രി ഒൻപതു മണിയോടെ എലത്തൂർ പാലത്തിൽ വച്ചായിരുന്നു നാടിനെ ഞെട്ടിച്ച സംഭവം. ആലപ്പുഴ –കണ്ണൂര്‍ എക്സിക്യൂട്ടീവ് എക്സ്പ്രസില്‍ ഡി1 കംപാർട്ട്മെന്റിൽവച്ച് അക്രമി യാത്രക്കാര്‍ക്കുമേല്‍ പെട്രോൾ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു.
ഡി 1 കോച്ചിലെത്തിയ അക്രമി യാതൊരു പ്രകോപനവുമില്ലാതെയാണ് യാത്രക്കാർക്കുമേല്‍ പെട്രോളൊഴിച്ച് തീ കൊളുത്തിയതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. രണ്ടു കുപ്പികളിൽ പെട്രോളുമായാണ് അക്രമി എത്തിയത്. സീറ്റുകളിൽ ഇരിക്കുകയായിരുന്ന യാത്രക്കാർക്കുമേൽ പെട്രോൾ ഒഴിക്കുകയും തീ കൊളുത്തുകയുമായിരുന്നു. യാത്രക്കാർ ചങ്ങല വലിച്ച് ട്രെയിൻ നിർത്തിയെങ്കിലും ഡി 1 കോച്ച് വന്നുനിന്നത് കോരപ്പുഴ പാലത്തിനു മുകളിലായിരുന്നു. അതിനാൽ തന്നെ ആര്‍ക്കും പുറത്തിറങ്ങാന്‍ സാധിച്ചില്ല. ഇതിനിടയിൽ അക്രമി ഓടി രക്ഷപ്പെട്ടു. ആക്രമണത്തില്‍ എട്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും മൂന്ന് പേര്‍ മരിക്കുകയും ചെയ്തിരുന്നു.