മംഗളൂരു: മംഗളൂരു തീരത്തിന് സമീപം പുറംകടലില്‍ ബോട്ടില്‍ കപ്പലിടിച്ചുണ്ടായ അപകടത്തില്‍ കാണാതായ മൂന്ന് മത്സ്യബന്ധന തൊഴിലാളികളുടെ മൃതദേഹം കൂടി കണ്ടെത്തിയതായി നാവിക സേന അറിയിച്ചു. മുങ്ങൽ വിദഗ്ധരുമായി തിരച്ചിലിനെത്തിയ ഐഎൻഎസ് നിരീക്ഷക് കപ്പലിൽ നിന്നുള്ള സംഘമാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.
മൃതദേഹങ്ങൾ അർദ്ധരാത്രി കഴിഞ്ഞ് ഒരുമണിയോടെ മംഗളൂരു തുറമുഖത്തെത്തിച്ച ശേഷം കപ്പൽ വീണ്ടും തിരച്ചിലിനായി പുറപ്പെടുമെന്ന് നാവിക സേന അറിയിച്ചു. ബേപ്പൂരിൽ നിന്നുള്ള ഐഎഫ്ബി റബഹ് എന്ന മത്സ്യബന്ധന ബോട്ടാണ് അപകടത്തിൽ പെട്ടത്.
Read More: ബേപ്പൂരിൽ നിന്നുള്ള ബോട്ടിൽ കപ്പലിടിച്ചുണ്ടായ അപകടം: തിരച്ചിലിന് നാവിക സേനയും
ഞായറാഴ്ച ബേപ്പൂരില്‍നിന്ന് മത്സ്യബന്ധനത്തിനായി തിരിച്ച ബോട്ടാണ് ചൊവ്വാഴ്ച പുലര്‍ച്ചെ 2.05ഓടെ മംഗളൂരു തീരത്തുനിന്ന് 43 നോട്ടിക്കല്‍ മൈല്‍ അകലെ അപകടത്തില്‍പ്പെട്ടത്. സിംഗപ്പൂരില്‍നിന്നുള്ള എം.വി എപിഎല്‍ ലെ ഹാവ് റേ എന്ന ചരക്ക് കപ്പലാണ് ബോട്ടില്‍ ഇടിച്ചതെന്നാണ് കോസ്റ്റ് ഗാര്‍ഡിൽ നിന്നുള്ള വിവരം. കപ്പല്‍ സംഭവസ്ഥലത്തുതന്നെ തുടരുകയാണ്.
14 പേരാണ് അപകട സമയത്ത് ബോട്ടിലുണ്ടായിരുന്നത്. മൂന്നു പേരുടെ മൃതദേഹങ്ങൾ നേരത്തെ കണ്ടെത്തിയിരുന്നു. ആറുപേർക്കായി തിരച്ചിൽ തുടരുകയാണെന്ന് നാവിക സേന അറിയിച്ചു.
അപകടത്തിൽപെട്ട ബോട്ടിലുണ്ടായിരുന്ന രണ്ടുപേരെ കോസ്റ്റ്ഗാർഡും മറ്റുള്ളവരും ചേർന്ന് രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. പശ്ചിമ ബംഗാള്‍ സ്വദേശി സുനില്‍ദാസ്(34) തമിഴ്‌നാട് സ്വദേശി വേല്‍മുരുകന്‍(37) എന്നിവരെയാണ് രക്ഷപ്പെടുത്തിയത്