തിരുവനന്തപുരം: മാധ്യമപ്രവർത്തകനായ കെ എം ബഷീറിന്റെ മരണത്തിനിടയാക്കിയ അപകടത്തിൽ കാർ ഓടിച്ചിരുന്നത് ശ്രീറാം വെങ്കിട്ടരാമനാണെന്നുളളതിന് കൂടുതൽ ദൃക്സാക്ഷികൾ. അമിത വേഗതയിലാണ് കാർ എത്തിയതെന്നും വാഹനം ഓടിച്ചിരുന്നത് ശ്രീറാം വെങ്കിട്ടരാമനാണെന്നും ദൃക്സാക്ഷികളിലൊരാളായ ജിത്തു ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. അപകടത്തിൽപെട്ട ബഷീറിനെ തന്റെ സ്കൂട്ടറിൽ കയറ്റി വിടാൻ ശ്രീറാം ശ്രമിച്ചുവെന്നും ജിത്തു പറഞ്ഞു.
ഹോട്ടൽ ജീവനക്കാരനായ ജിത്തു വീട്ടിലേക്ക് പോകുമ്പോഴായിരുന്നു അപകടം. ”ഉച്ചത്തിൽ ഹോണടിച്ച് അമിത വേഗതയിൽ എന്റെ പുറകിലൂടെ വരുന്ന കാർ കണ്ട് ഞാൻ സ്കൂട്ടർ വശത്തേക്ക് ഒതതുക്കി. എന്റെ മുന്നിലായി മറ്റൊരു ബൈക്കും ഉണ്ടായിരുന്നു. ഈ ബൈക്കിനെ കാർ ഇടിച്ചു തെറുപ്പിച്ചു. പെട്ടെന്ന് തന്നെ ഞാൻ സ്കൂട്ടർ ഒതുക്കി കാറിനടുത്തേക്ക് ചെന്നു. കാറിനകത്ത് അനക്കം കേട്ടു. രണ്ടുപേർ കാറിൽനിന്നും ഇറങ്ങി വന്ന് മറ്റേയാൾക്ക് എന്താ പറ്റിയെന്നു ചോദിച്ചു. ഞാൻ അയാൾ വീണു കിടന്ന സ്ഥലം കാണിച്ചപ്പോൾ എന്തെങ്കിലും എന്നോട് ചെയ്യാൻ പറ്റുമോയെന്ന് ചോദിച്ചു. എന്റെ സ്കൂട്ടറിൽ അയാളെ കൊണ്ടുപോകാൻ കഴിയുമോയെന്നു ചോദിച്ചു. എന്റെ സ്കൂട്ടറിന് ചില തകരാറുകൾ ഉളളതിനാൽ ഞാൻ പറ്റില്ലെന്നു പറഞ്ഞു. അപ്പോൾ കാറിൽ ഉണ്ടായിരുന്ന സ്ത്രീ എന്തെങ്കിലും ചെയ്ത് സഹായിക്കൂവെന്ന് എന്നോട് പറഞ്ഞു. കുറേനേരം നോക്കിയിട്ടും ആരും വന്നില്ല. ഏറെ നേരം കഴിഞ്ഞപ്പോൾ പൊലീസും ആംബുലൻസും വന്ന് അപകടത്തിൽപെട്ട ആളെ കയറ്റിക്കൊണ്ടു പോയി” ജിത്തു പറഞ്ഞു.
(വീഡിയോ കടപ്പാട്: ഏഷ്യാനെറ്റ് ന്യൂസ്)
കാര്‍ ഓടിച്ചിരുന്നത് ശ്രീറാം തന്നെയാണെന്ന് ദൃക്സാക്ഷിയായ ഓട്ടോ ഡ്രൈവര്‍ ഷഫീക്കും മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞിരുന്നു. സുഹൃത്ത് വഫ ഫിറോസായിരുന്നു വാഹനം ഓടിച്ചത് എന്നായിരുന്നു ശ്രീറാം ആദ്യം പറഞ്ഞിരുന്നത്. എന്നാല്‍ ഈ വാദഗതികളെ പൊളിക്കുന്നതാണ് ദൃക്‌സാക്ഷി നല്‍കിയ വെളിപ്പെടുത്തലുകള്‍. ഇത് സ്ഥിരീകരിക്കുന്നതിനായി അപകടം നടന്ന സ്ഥലത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുമെന്ന് പൊലീസ് വ്യക്തമാക്കി.
Read More: ‘മദ്യപിച്ചു നിൽക്കുന്ന ആളുടെ അഡ്രസ് കേട്ടപ്പോൾ പൊലീസ് പിന്നെ ഒന്നും ചോദിച്ചില്ല’
ശ്രീറാം വെങ്കിട്ടരാമനെതിരെ ജാമ്യമില്ലാ കുറ്റം ചുമത്തി കേസെടുക്കാന്‍ സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. സ്വകാര്യ ആശുപത്രിയിലുള്ള ശ്രീറാമിനെ ഉടനെ പൊലീസ് സ്റ്റേഷനിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തും എന്നാണ് സൂചന. അതിനു ശേഷം അദ്ദേഹത്തെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റും.
സിറാജ് പത്രത്തിന്റെ തിരുവനന്തപുരം യൂണിറ്റ് ചീഫ് ആയ മലപ്പുറം സ്വദേശി കെ.എം.ബഷീറാണ് അപകടത്തില്‍ മരിച്ചത്. അമിത വേഗതയില്‍ എത്തിയ വാഹനം മ്യൂസിയം ജംങ്ഷനില്‍ വച്ച് ബഷീറിനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. അപകടത്തില്‍ പരുക്കേറ്റ ശ്രീറാം സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയിരിക്കുകയാണ്.
Read Also: വിട്ടൊഴിയാത്ത വിവാദങ്ങൾ; ഒടുവിൽ ഹീറോയിൽ നിന്ന് വില്ലനിലേക്ക് ശ്രീറാം വെങ്കിട്ടരാമൻ
കഴിഞ്ഞ ദിവസമാണ് പഠനാവധി കഴിഞ്ഞെത്തിയ ശ്രീറാം വെങ്കിട്ടരാമനെ സര്‍വേ ആന്‍ഡ് ലാന്‍ഡ് റെക്കോര്‍ഡ്‌സ് ഡയറക്ടറായി നിയമിച്ചത്. കേരള ലാന്‍ഡ് ഇന്‍ഫര്‍മേഷന്‍ മിഷന്‍ പ്രോജക്ട് ഡയറക്ടര്‍, ഹൗസിങ് കമ്മിഷണര്‍, ഹൗസിങ് ബോര്‍ഡ് സെക്രട്ടറി എന്നീ അധിക ചുമതലകളും ശ്രീറാമിന് നല്‍കിയിരുന്നു. മന്ത്രിസഭയുടേതാണ് തീരുമാനം. മൂന്നാറിലെ ഭൂമി കയ്യേറ്റങ്ങളില്‍ ശക്തമായ നടപടി സ്വീകരിച്ച് ശ്രദ്ധ നേടിയ മുന്‍ ദേവികുളം സബ് കലക്ടറാണ് ശ്രീറാം വെങ്കിട്ടരാമന്‍