തൃശൂർ: തൃശൂർ-പാലക്കാട് ദേശീയപാതയിൽ കുതിരാനിൽ വൻ വാഹനാപകടം. ആറ് വാഹനങ്ങൾ കൂട്ടിയിടിച്ച് മൂന്ന് പേർ മരിച്ചു. വാഹനത്തിൽ കുടുങ്ങിക്കിടന്ന ഒരാളെ രക്ഷിച്ചു. ദേശീയപാതയിൽ ഗതാഗതം പൂർണമായും സ്തംഭിച്ചു.
ചരക്ക് ലോറി നിയന്ത്രണം വിട്ട് രണ്ട് കാറിലും രണ്ട് ബൈക്കിലും മിനിലോറിയിലും ഇടിക്കുകയായിരുന്നു. രാവിലെ ആറേമുക്കാലോടുകൂടിയാണ് അപകടമുണ്ടായത്.
പരുക്കേറ്റ എല്ലാവരെയും ആശുപത്രിയിലേക്ക് മാറ്റി. സ്കൂട്ടറിലുണ്ടായിരുന്ന രണ്ടു പേരും കാറിലുണ്ടായിരുന്ന ഒരാളുമാണ് മരിച്ചത്.
Read Also: 2020 കലാശക്കൊട്ടിലേക്ക്; പുതുവർഷത്തെ സ്വാഗതം ചെയ്യാൻ ലോകം ഒരുങ്ങി, ആഘോഷങ്ങൾക്ക് നിയന്ത്രണം
പാലക്കാട് ഭാഗത്ത് നിന്ന് ചരക്കുമായി എറണാകുളം ഭാഗത്തേക്ക് പോകുകയായിരുന്നു ലോറിയാണ് അപകടമുണ്ടാക്കിയത്. ലോറിയുടെ ബ്രേക്ക് പൊട്ടിയതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
പൊലീസ് സ്ഥലത്തെത്തിയിട്ടുണ്ട്. ഗതാഗതം സാധാരണ നിലയിലാകാൻ മണിക്കൂറുകൾ വേണ്ടിവരുമെന്നാണ് റിപ്പോർട്ട്. ദേശീയപാതയിൽ കിലോമീറ്ററുകളോളം ഗതാഗത കുരുക്ക്.