തിരുവനന്തപുരം: കേരളത്തിൽ ഇനി എവിടെ വാഹനാപകടങ്ങൾ ഉണ്ടായാലും വിളിക്കേണ്ടത് 9188100100 എന്ന നമ്പറിലേക്ക്. പൊലീസ് കൺട്രോൾ റൂമിലെ ഈ നമ്പറിൽ ബന്ധപ്പെട്ടാൽ ഉടൻ തന്നെ അപകട സ്ഥലത്തേക്ക് ആംബുലൻസ് പാഞ്ഞെത്തും. മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് ട്രോമാ റെസ്‌ക്യൂ ഇനിഷ്യേറ്റീവ് (TRI) പദ്ധതി ഉദ്ഘാടനം ചെയ്യും.

രോഗിയെ ഏറ്റവും അടുത്തുളള ആശുപത്രിയിലെത്തിക്കാൻ ആവശ്യമായ സഹായം നൽകുകയാണ് ലക്ഷ്യം. വേഗത്തിൽ ഏറ്റവും അത്യാവശ്യമായ സൗകര്യങ്ങൾ ലഭ്യമാക്കാൻ സാങ്കേതിക സൗകര്യങ്ങളെ അടക്കം ബന്ധിപ്പിച്ചാണ് പുതിയ സൗകര്യം ഏർപ്പെടുത്തിയത്.

ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ, കേരള പൊലീസ്, രമേശ് കുമാർ ഫൗണ്ടേഷൻ എന്നിവ ചേർന്നാണു വിദേശമാതൃകയിൽ ട്രോമാ റെസ്‌ക്യൂ ഇനിഷ്യേറ്റീവ് (TRI) എന്ന പേരിൽ അത്യാധുനിക ട്രോമ കെയർ പദ്ധതി നടപ്പാക്കുന്നത്. ആദ്യഘട്ടത്തിൽ ആയിരത്തോളം ആംബുലൻസുകൾ ഇതിന്റെ ഭാഗമാണ്.

അപകടം നടന്ന സ്ഥലത്ത് നിന്ന് ഈ നമ്പറിൽ വിവരം ലഭിച്ചാലുടൻ ട്രോമാ റെസ്‌ക്യൂ ഇനിഷ്യേറ്റീവ് (TRI) ആപ്പ് വഴി ഏറ്റവും അടുത്തുളള ആംബുലൻസിന് പൊലീസ് കൺട്രോൾ റൂമിൽ നിന്ന് വിവരം നൽകും. അപകട സ്ഥലത്തേക്കുളള കൃത്യവും എളുപ്പത്തിലെത്താവുന്നതുമായ വഴിയും ആപ്ലിക്കേഷനിൽ തെളിയും.

ആംബുലൻസിന്റെ യാത്ര ട്രാക് ചെയ്യാൻ പൊലീസിന് സാധിക്കും. ഇതിന് പുറമെ ആംബുലൻസിന്റെ സഞ്ചാരദിശ സമീപത്തെ ആശുപത്രികളിലെ സൗകര്യം അനുസരിച്ച് റിറൂട്ട് ചെയ്യാനുളള സൗകര്യവും ഉണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ