കണ്ണൂർ: ആർഎസ്എസ് പ്രവർത്തകൻ ശ്യാമപ്രസാദിന്റെ കൊലപാതകത്തിന് പിന്നിൽ രാഷ്ട്രീയ വൈരാഗ്യമെന്ന് ജില്ല പൊലീസ് മേധാവി ശിവ വിക്രം. കഴിഞ്ഞ ആഴ്ച കൊമേരിയിൽ എസ്ഡിപിഐ പ്രവർത്തകന് വെട്ടേറ്റിരുന്നു. സംഭവത്തിൽ ആർഎസ്എസ് പ്രവർത്തകരെ കസ്റ്റഡിയിൽ എടുത്തിരുന്നു. ഈ സംഭവത്തിന് പ്രതികാരമായാണ് ശ്യാമപ്രസാദിനെ കൊലപ്പെടുത്തിയത് എന്നാണ് പൊലീസ് കണ്ടെത്തൽ.

കണ്ണവത്ത് ജനുവരി 11 നാണ് എസ്ഡിപിഐ പ്രവർത്തകന് വെട്ടേറ്റത്. സ്ക്കൂൾ ബസ് ഡ്രൈവറായ അയൂബിനാണ് വെട്ടേറ്റത്. സംഭവത്തിൽ ആർഎസ്എസ് പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഗുരുതരമായി പരുക്കേറ്റ അയൂബ് തലശ്ശേരി ഇന്ദിരാ ഗാന്ധി ആശുപത്രിയിൽ ഇപ്പോഴും ചികിത്സയിലാണ്. ഈ സംഭവത്തിന് പ്രതികാരമായാണ് എബിവിപി പ്രവർത്തകനായ കണ്ണവം പതിനേഴാം മൈൽ ശാഖാ ശിക്ഷക് ആലപ്പറമ്പ് തപസ്യ നിവാസിലെ ശ്രാമപ്രസാദിനെ വെട്ടിക്കൊലപ്പെടുത്തിയത്.

എസ്ഡിപിഐയുടെ ക്രിമിനൽ സംഘമാണ് കേസിൽ അറസ്റ്റിയാലിരിക്കുന്നത്. കാക്കയങ്ങാട് സിപിഎം നേതാവ് നരോത്ത് ദിലീപൻ വധക്കേസ് പ്രതി പാറക്കണ്ടം സ്വദേശി മുഹമ്മദ്, മിനിക്കോൽ സലീം, നീർവേലി സ്വദേശി സമീർ, പാലയോട് സ്വദേശി ഹാഷിം എന്നിവരുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. പ്രതികളെ സംഭവ സ്ഥലത്ത് എത്തിച്ച് പൊലീസ് തെളിവെടുപ്പ് നടത്തുകയും ചെയ്തു.

syam prasad killed in kannur,

ഇന്നലെ വൈകിട്ടാണ് ഐടിഐ വിദ്യാർത്ഥിയായ ശ്യാമപ്രസാദിനെ ബൈക്കിൽ യാത്ര ചെയ്യുന്നതിനിടെ വെട്ടികൊലപ്പെടുത്തിയത്. ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന ശ്രാമപ്രസാദിനെ കാറിൽ എത്തിയ സംഘം ഇടിച്ച് വീഴ്ത്തുകയായിരുന്നു. ആയുധങ്ങളുമായി പുറത്തിറങ്ങിയ എസ്ഡിപിഐ പ്രവർത്തകരെ കണ്ടപ്പോൾ ശ്യാമപ്രസാദ് ഓടി രക്ഷപ്പെടാൻ നോക്കി.​ എന്നാൽ പിന്നാലെ എത്തിയ സംഘം ഇയാളെ വെട്ടിവീഴ്ത്തുകയായിരുന്നു. സമീപത്തെ വീടിന്റെ തിണ്ണയിൽ ഇട്ടാണ് ശ്യാമപ്രസാദിനെ ഇവർ മാരകമായി വെട്ടിയത്.

എന്നാൽ സമീപത്തുണ്ടായിരുന്ന തൊഴിലുറപ്പ് തൊഴിലാളികൾ ബഹളംവച്ചതോടെ പ്രതികൾ കാറിൽ രക്ഷപ്പെടുകയായിരുന്നു. ദൃക്സാക്ഷികളിൽ നിന്നുള്ള വിവരം ശേഖരിച്ച പൊലീസ് മണിക്കൂറുകൾക്കകമാണ് പ്രതികളെ പിടികൂടിയത്. പ്രദേശവാസികൾ നൽകിയ സൂചനകൾ അനുസരിച്ച് ജില്ല അതിർത്തികളിൽ പൊലീസ് വാഹന പരിശോധന നടത്തുകയായിരുന്നു. 2 മണിക്കൂറിനകം വയനാട് തലപ്പുഴയിൽവെച്ച് പ്രതികളെ പൊലീസ് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. ഇവർ സഞ്ചരിച്ച വാഹനവും പൊലീസ് കസ്റ്റഡിയിൽ എടുത്തു.

ചോദ്യം ചെയ്യലിൽ പ്രതികൾ കുറ്റംസമ്മതിക്കുകയും ചെയ്തു. ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തി. രാത്രി 7 മണിയോടെ ജില്ലാ പൊലീസ് മേധാവിയുടെ നേത്രത്വത്തിലുളള സംഘം പേരാവൂരിലേക്ക് എത്തികയും ചെയ്തു. 2 കമ്പനി പൊലീസിനെയാണ് സ്ഥലത്ത് വിന്യസിച്ചിട്ടുളളത്. തണ്ടർ ബോൾട്ട് സംഘത്തെയും സ്ഥലത്ത് വിന്യസിച്ചിട്ടുണ്ട്. സംഘർഷ സാധ്യത അവസാനിച്ചിട്ടില്ലെന്ന് ജില്ല പൊലീസ് മേധാവി മാധ്യമങ്ങളോട് പറഞ്ഞു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ