തൃശൂര്‍: പൗരത്വ നിയമത്തെ പിന്തുണച്ചുള്ള സെമിനാറിന്റെ പേരില്‍ തൃശൂര്‍ കേരള വര്‍മ കോളേജില്‍ സംഘര്‍ഷം. എബിവിപി പ്രവര്‍ത്തകര്‍ക്ക് പരുക്കേറ്റു. രണ്ട് എബിവിപി പ്രവര്‍ത്തകരെ തൃശൂര്‍ വെസ്റ്റ് ഫോര്‍ട്ട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എസ്എഫ്‌ഐ പ്രവര്‍ത്തകരാണ് തങ്ങളെ മര്‍ദിച്ചതെന്ന് എബിവിപിക്കാര്‍ ആരോപിച്ചു.
പൗരത്വ നിയമത്തെ പിന്തുണച്ച് എബിവിപിയാണ് കോളേജില്‍ സെമിനാര്‍ സംഘടിപ്പിച്ചത്. പ്രിന്‍സിപ്പലിന്റെ അനുമതിയോടെയാണ് തങ്ങള്‍ സെമിനാര്‍ സംഘടിപ്പിച്ചതെന്ന് എബിവിപി പ്രവര്‍ത്തകര്‍ പറയുന്നു. എന്നാല്‍, സെമിനാര്‍ നടത്താന്‍ സാധിക്കില്ലെന്ന് എസ്എഫ്‌ഐ നിലപാടെടുത്തു. ഇതേ തുടര്‍ന്നാണ് കയ്യേറ്റമുണ്ടായത്. എബിവിപി പ്രവര്‍ത്തകരെ കല്ലുകൊണ്ട് മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
Read Also: ലാലേട്ടന്റെ കൈയ്‌ക്ക് എന്തുപറ്റി? ചര്‍ച്ചയാക്കി സോഷ്യല്‍ മീഡിയ
സെമിനാര്‍ തുടങ്ങാന്‍ പോലും തങ്ങളെ എസ്എഫ്‌ഐക്കാര്‍ അനുവദിച്ചില്ലെന്ന് എബിവിപി പ്രവര്‍ത്തകര്‍ ആരോപിക്കുന്നു. എബിവിപി പ്രവര്‍ത്തകരെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ വളഞ്ഞിട്ട് തല്ലുകയായിരുന്നു എന്നും ആരോപണമുണ്ട്. ഇതുമായി ബന്ധപ്പെട്ട് എസ്എഫ്‌ഐയുടെ പ്രതികരണങ്ങള്‍ ലഭ്യമായിട്ടില്ല.
കഴിഞ്ഞ രണ്ടു ദിവസമായി കോളേജിനകത്ത് സംഘർഷാവസ്ഥ നിലനിൽക്കുന്നുണ്ട്. രണ്ടുദിവസം മുൻപാണ് സെമിനാർ നടക്കേണ്ടിയിരുന്നത്. എന്നാൽ, പൗരത്വ നിയമത്തെ പിന്തുണച്ച് ഒരു പരിപാടിയും കോളേജിനകത്ത് നടത്താൽ സാധിക്കില്ലെന്ന് എസ്എഫ്ഐ നിലപാടെടുക്കുകയായിരുന്നു. ഇതേ തുടർന്ന് വിഷയത്തിൽ പൊലീസ് ഇടപെട്ടു. സമവായ ചർച്ചകൾക്കു ശേഷം മതി സെമിനാർ എന്ന് പൊലീസ് അറിയിച്ചു. എന്നാൽ, സമവായ ചർച്ചകൾ വിജയിച്ചില്ല. ഇതേ തുടർന്നാണ് എബിവിപി പ്രവർത്തകർ സെമിനാറുമായി മുന്നോട്ടുപോയത്.
Read Also: പൗരത്വ ഭേദഗതി നിയമം സ്റ്റേ ചെയ്യാതെ സുപ്രീം കോടതി; കേന്ദ്രത്തിന് നോട്ടീസ്
പാലക്കാട് നഗരസഭയിലും പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട് കയ്യാങ്കളിയുണ്ടായി. നിയമത്തിനെതിരെ സിപിഎം പ്രമേയം കൊണ്ടുവന്നു. ഇതിനെ ബിജെപി എതിർക്കുകയായിരുന്നു. പിന്നീട് നഗരസഭയ്‌ക്കുള്ളിൽവച്ച് തന്നെ ഇരു പാർട്ടി നേതാക്കളും ഏറ്റുമുട്ടി.